യൂറോപ്യൻ യൂണിയനിൽ അംഗത്വം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തുർക്കി ഇതേവരെ. എന്നാൽ, അംഗത്വം നൽകുന്നതിന് പാലിക്കേണ്ട വ്യവസ്ഥകളൊന്നും തുർക്കി അംഗീകരിക്കാതെ വന്നതോടെ ചർച്ചകൾ നിർത്തിവച്ചു. തുർക്കിക്ക് അംഗത്വം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നിർത്തിവെക്കാൻ യൂറോപ്യൻ പാർലമെന്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെ പ്രകോപിതരായ തുർക്കി, യൂറോപ്പിനെതിര കടുത്ത നടപടികകളിലേക്ക് നീങ്ങുമെന്നാണ് സൂചന.

പ്രസിഡന്റ് റീസെപ് തായിപ്പിന്റെ സ്വേഛാധിപത്യ ഭരണത്തോടുള്ള വിയോജിപ്പാണ് ചർച്ചകൾ നിർത്തിവെക്കാൻ യൂറോപ്യൻ നേതാക്കളെ പ്രേരിപ്പിച്ചത്. കടുത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന തായിപ്പിന്റെ ഭരണരീതി യൂറോപ്യൻ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് നേതാക്കൾ പറയുന്നു. രാജ്യത്തെ പല നിയമങ്ങളും യൂറോപ്പിന്റെ പൊതുധാരണയ്ക്ക് വിരുദ്ധവുമാണ്. ഇതൊക്കെയാണ് ചർച്ചകൾ നിർത്തിവെക്കാൻ യൂറോപ്യൻ പാർലമെന്റിനെ പ്രേരിപ്പിച്ചത്.

അംഗത്വമമെന്ന മോഹം തൽക്കാലം നടക്കില്ലെന്ന് ഉറപ്പായതോടെ, യൂറോപ്പിനെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് തായിപ്പ്. രാജ്യതത്തിന്റെ അതിർത്തികൾ തുറന്നുകൊടുക്കുമെന്നും എല്ലാ അഭയാർഥികളെയും യൂറോപ്പിലേക്ക് കടക്കാൻ അനുവദിക്കുമെന്നും തായിപ്പ് മുന്നറിയിപ്പ് നൽകി. ഇക്കൊ്ല്ലമാദ്യമുണ്ടായ കരാർ അനുസരിച്ചാണ് തുർക്കിയിൽനിന്നുള്ള അഭയാർഥികൾ അവിടേക്ക് മടങ്ങിയത്. യൂറോപ്യൻ യൂണിയൻ അംഗത്വം സംബന്ധിച്ച ചർച്ചകൾ വേഗത്തിലാക്കാമെന്നായിരുന്നു കരാറിലെ വ്യവസ്ഥകളിലൊന്ന്.

അങ്കാറയിൽ വനിതകളുടെ അവകാശം സംബന്ധിച്ചുനടന്ന സമ്മേളനത്തിൽ സംസാരിക്കവെയാണ് തായിപ്പ് യൂറോപ്പിന് മുന്നറിയിപ്പ് നൽകിയത്. യൂറോപ്പിൽനിന്ന് തിരിച്ചെത്തിയ 35 ലക്ഷം അഭയാർഥികളെയാണ് തുർക്കി തീറ്റിപ്പോറ്റുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. നിങ്ങൾ തുർക്കിയെ വഞ്ചിച്ചാൽ ഈ ഭാരം പേറേണ്ടകാര്യം തുർക്കിക്കില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. തുർക്കിയിലൂടെയുള്ള അഭയാർഥി പ്രവാഹം രൂക്ഷമായതോടെയാണ് അതിന്റെ ഒഴുക്ക് നിയന്ത്രിച്ച് അഭയാർഥികൾക്ക് രാജ്യത്ത് അഭയം കൊടുക്കാമെന്ന് തായിപ്പ് സമ്മതിച്ചത്. ഇതിനുപകരമായി പാലിക്കേണ്ട കരാറുകളിൽനിന്ന് യൂറോപ്പ് പിന്നോക്കം പോയതാണ് അദ്ദേഹത്തെ ചൊടിപ്പിക്കുന്നതും.