ബിഷ്‌കേക്ക്: തുർക്കി എയർലൈനിന്റെ കാർഗോ വിമാനം കിർഗിസ്താനിൽ വീടുകൾക്ക് മേലേക്ക് തകർന്നുവീണ് 32 പേർ മരിച്ചതായി റിപ്പോർട്ട്. ബോയിങ് 747 കാർഗോ ജെറ്റ് വിമാനമാണ് മനാസ് വിമാനത്താവളത്തിന് സമീപമുള്ള വീടുകൾക്ക് മുകളിലേക്ക് വീണത്. മരിച്ചവരിൽ 27 പേരും ഗ്രാമവാസികളാണെന്നാണ് സൂചനകൾ.

പ്രാദേശിക സമയം 7.30 ഓടെയായിരുന്നു അപകടം. രാജ്യ തലസ്ഥാനമായ ബിഷ്‌കേക്കിന് 25 കിലോമീറ്റർ വടക്കാണ് സംഭവം. ഹോങ്കോങിൽ നിന്ന് മനാസിലേക്ക് പോകുകയായിരുന്നു വിമാനം. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു.

കനത്ത മഞ്ഞുമൂലം കാഴ്ച മറഞ്ഞതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ഹോങ്കോംഗിൽ നിന്ന് ഇസ്താംബൂളിലേക്ക് പോകുകയായിരുന്നു വിമാനമെന്നും മനാസിൽ മോശം കാലാവസ്ഥമൂലം ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. നിരവധി വീടുകൾ തകർത്തുകൊണ്ടാണ് വിമാനം താഴേക്ക് പതിച്ചത്.

ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായതും. വിമാനം തകർന്നുവീണതിന് പിന്നാലെ വൻ തീപിടിത്തം ഉണ്ടായതായും ആദ്യ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.