തിരുവനന്തപുരം: ആചാര സംരക്ഷണം ആവശ്യപ്പെട്ട് ശബരിമല കർമ്മസമിതിയും ബിജെപിയും സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ നിന്ന് ബിഡിജെഎസ് നേതാക്കൾ വിട്ടുനിന്നു. തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തില്ല. അറിയിക്കാൻ വൈകിയെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് പങ്കെടുക്കാൻ ആവശ്യപ്പെട്ടതെന്നും കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ലെന്നും തുഷാർ വ്യക്തമാക്കി.

അതേസമയം തന്റെ മുൻനിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വനിതാ മതിലിനോട് സഹകരിക്കാതെ അയ്യപ്പജ്യോതിയിൽ സഹകരിക്കുന്നെങ്കിൽ തുഷാർ വെള്ളാപ്പള്ളിയെ എസ്എൻഡിപിയിൽ നിന്നും പുറത്തു പോകേണ്ടി വരുമെന്ന് വെള്ളാപ്പള്ളി നടേശന്റെ മുൻ നിലപാടാണ് അദ്ദേഹം പാടെ തള്ളിയത്.

അയ്യപ്പജ്യോതയിൽ പോകരുതെന്നോ പോകണമെന്നോ എസ്എൻഡിപി അംഗങ്ങളോടോ ബിഡിജെഎസ് അംഗങ്ങളോടോ പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. വനിതാ മതിലിൽ പങ്കെടുക്കണമെന്ന് സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലിൽ പങ്കെടുക്കാൻ സംഘടനാ തലത്തിൽ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബിഡിജെഎസ് നേതാക്കൾ പോയില്ല എന്ന് പറയുന്നത് ശരിയല്ല. ചിലരൊക്കെ പങ്കെടുത്തിട്ടുണ്ട്. അയ്യപ്പജ്യോതിയിൽ പങ്കെടുക്കരുതെന്ന് എസ്എൻഡിപി പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അയ്യപ്പജ്യോതിയിൽ പങ്കെടുത്ത എസ്എൻഡിപി പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയിൽനിന്ന് ബിഡിജെഎസ് വിട്ടുനിന്നതിനെക്കുറിച്ച് തുഷാർ വെള്ളാപ്പള്ളി. തുഷാർ അടക്കമുള്ള നേതാക്കൾ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തില്ല. കൂടിയാലോചനയ്ക്ക് സമയം സമയം ഉണ്ടായിരുന്നില്ലെന്നും ഇന്നലെ ഉച്ചയ്ക്കാണ് പങ്കെടുക്കാൻ ആവശ്യപ്പെട്ടതെന്നും തുഷാർ വ്യക്തമാക്കി.എൻഡിഎയിൽ ഇതുംസംബന്ധിച്ച് ചർച്ച നടന്നില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പ്രവർത്തകർ പങ്കെടുത്തിട്ടുണ്ട്. നേതാക്കൾ പങ്കെടുക്കാൻ പാർട്ടി തീരുമാനം വേണം. വനിതാമതിലിൽ താൻ എന്തിന് പങ്കെടുക്കണമെന്നും തുഷാർ പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ അയ്യപ്പ ജ്യോതി തെളിയിച്ചത്. ബിജെപിയുടെ എൻ.എസ്.എസിന്റെയും പിന്തുണയോടെ നടന്ന ജ്യോതി തെളിയിക്കലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജനസഞ്ചയം അണിനിരന്നു.

മുൻ പിഎസ്‌സി ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ തുടങ്ങി പ്രമുഖർ വിവിധയിടങ്ങളിൽ ജ്യോതിയുടെ ഭാഗമായി. സർക്കാരിന്റെ വനിത മതിലിന് ബദലായാണ് ശബരിമല കർമസമിതി അയ്യപ്പ ജ്യോതി പ്രഖ്യാപിച്ചത്. ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ ഇടങ്ങളിൽ ജ്യോതിയുടെ ഭാഗമായപ്പോഴാണ് ബിഡിജെഎസ് ഇടഞ്ഞുനിന്നത്.