ഭീകരസിനിമകൾ ഭയത്തിന്റെ മേമ്പൊടിയോടെ ഏവരും കണ്ടാസ്വദിക്കാറുണ്ട്. എന്നാൽ അതിൽ നിന്നൊരു ഭീകരസത്വം പുറത്തേക്കിറങ്ങി വന്നാൽ എന്താണ് സംഭവിക്കുക..? ന്യൂയോർക്കിലെ ഒരു ഇലക്ട്രിക്കൽ സ്റ്റോറിൽ നടന്ന സംഭവമാണ് പറഞ്ഞ് വരുന്നത്. ഇവിടെ ടിവി വാങ്ങാൻ എത്തിയവർക്കിടയിലേക്ക് ടിവി സ്‌ക്രീനിൽ നിന്നും ഒരു പ്രേതം പെട്ടെന്ന് ഇറങ്ങി വന്നതിനെ തുടർന്ന് ടിവി വാങ്ങാൻ വന്നവർ ഞെട്ടിത്തരിക്കുകയും കൂട്ടക്കരച്ചിലിലേർപ്പെടുകയുമായിരുന്നു. പുതുതായി പുറത്തിറങ്ങുന്ന ഭീകരചിത്രമായ സീക്വൽ റിംഗിസിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. അത് അവിടെ പർച്ചേസിംഗിനെത്തിയവരെ ശരിക്കും പേടിപ്പിക്കുകയായിരുന്നു. ഒരു വീഡിയോ ടേപ്പ് കാണുന്നവരെയെല്ലാം ഏഴ് ദിവസങ്ങൾക്കകം കൊന്നൊടുക്കുന്ന ഒരു ദുരാത്മാവായ സമാറയാണ് ഇത്തരത്തിൽ സ്‌ക്രീനിൽ നിന്നിറങ്ങി വന്ന് ഭീതി വിതച്ചത്.

ഏറ്റവും പുതിയ ടിവിസെറ്റുകൾ നോക്കാനായി ഷോപ്പർമാർ ഇലക്ട്രിക്കൽ സ്റ്റോറിൽ നിൽക്കുന്നത് ഇതുമായി ബന്ധപ്പെട്ട വീഡിയോയിൽ കാണാം. ഇതിൽ ജീവസുള്ള ചിത്രങ്ങൾ കാണാമെന്ന് പറഞ്ഞ് സെയിൽസ് മാൻ അവരെ ഒരു ടിവി വാങ്ങാൻ പ്രേരിപ്പിക്കുന്നുമുണ്ട്. തുടർന്ന് അതിൽ നടന്ന് കൊണ്ടിരിക്കുന്ന സീക്വൽ റിംഗിസിന്റെ ട്രെയിലർ അവർ ശ്രദ്ധയോടെ കണ്ട് കൊണ്ടിരിക്കുമ്പോൾ അതിൽ നിന്നും സമാറ പെട്ടെന്നിറങ്ങി വരുകയായിരുന്നു. കുഴിഞ്ഞ കണ്ണുകളും വികൃതമായ രൂപവുമുള്ള സമാറ ഇവിടെയുള്ള ഒരു ഷോപ്പറെ തൊടാൻ ശ്രമിച്ചപ്പോൾ അയാൾ സമാറ എന്ന് പേടിയോടെ ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. റിങ്സ് മൂവി ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണീ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് 25,000 പ്രാവശ്യം റീട്വീറ്റ് ചെയ്യപ്പെടുകയും 24,000 ലൈക്കുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ സന്ദർഭത്തിൽ തങ്ങളായിരുന്നെങ്കിലും ഇത്തരത്തിൽ ഭയചകിതരായി മാത്രമേ പെരുമാറുകയുള്ളുവെന്ന് നിരവധി ട്വിറ്റർ യൂസർമാർ സമ്മതിക്കുന്നുണ്ട്.

ഒരു വീഡിയോ ടേപ്പുമായി ബന്ധപ്പെട്ട് തന്റെ ബോയ്ഫ്രണ്ടിന്റെ ഉപദ്രവത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു സ്ത്രീയെ കേന്ദ്രീകരിച്ചുള്ള സിനിമയാണ് റിങ്സ്.സിനിമക്കുള്ളിൽ മറ്റൊരു സിനിമയുള്ള അവസ്ഥയാണീ സിനിമ പ്രദാനം ചെയ്യുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങളായ ജുലിയയെ മാറ്റിൽഡ ലുട്സും അവരുടെ ബോയ്ഫ്രണ്ടായ ഹോൾട്ടിനെ അലക്സ് റോയും അവതരിപ്പിച്ചിരിക്കുന്നു. ഫെബ്രുവരിയിലാണീ ചിത്രം പുറത്തിറങ്ങുന്നത്.1998ൽ പുറത്തിറങ്ങിയ ജപ്പാനിസ് ചിത്രമായ റിൻഗുവിന്റെ റീമേക്കാണിത്. അന്നത് വൻ ഹിറ്റായിരുന്നു. തിയേറ്ററിലൂടെ ആ ചിത്രം അന്ന് 128 മില്യൺ ഡോളറായിരുന്നു നേടിയിരുന്നത്.