തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേയുള്ളൂ. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും.

സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ലെന്ന് നിർദ്ദേശം നൽകി. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. നിലവിലുള്ള മറ്റു നിയന്ത്രണങ്ങൾ തുടരും. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി.

സി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ

ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, അവ കാറ്റഗറി 3 ൽ ഉൾപ്പെടും.

സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.

മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.

വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സിനിമ തീയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.