കൊച്ചി: സി പി എം നേതാവ് പ്രസിഡന്റായ ബാങ്കിന്റെ നവതി മന്ദരിരത്തിന്റെ നിർമ്മാണത്തെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് പോസ്റ്റിട്ട തന്റെ തന്റെ എഫ് ബി അക്കൗണ്ട് അപ്രത്യക്ഷമായതായി പ്രവാസിയായ മുൻ ഡി വൈ എഫ് ഐ നേതാവിന്റെ വെളിപ്പെടുത്തൽ.

ദുബായിൽ ജോലി ചെയ്തുവരുന്ന ആലുവ സ്വദേശി പി എച്ച് എം ത്വൽഹത്ത് ആണ് ഇതു സംബന്ധിച്ച് മറുനാടന് വിവരം നൽകിയിരിക്കുന്നത്. ആലുവ ദേശാഭിവർദ്ധിനി ബാങ്ക് മന്ദിരത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ട് 10 മിനിട്ടിനകം തന്റെ ഫേസ് ബുക്ക് അക്കൗണ്ട് ,മെസഞ്ചർ എന്നിവ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് ത്വൽഹത്ത് അറിയിച്ചിട്ടുള്ളത്.

പോസ്റ്റ് വ്യാപിക്കാതിരിക്കാൻ സൈബർ സഖാക്കൾ എഫ് ബി അക്കൗണ്ട് മരവിപ്പിച്ചിരിക്കാമെന്നാണ് ത്വൽഹത്തിന്റെ സംശയം. ഡി വൈ എഫ് ഐ ആലൂവ ബ്ലോക്ക് വൈസ് പ്രസിഡന്റ്, സി പി എം ആലുവ ലോക്കൽ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള തനിയ്‌ക്കെതിരെ പാർട്ടി പ്രാദേശിക നേതാക്കളിൽ ഒരാൾ വാസ്ത വിരുദ്ധമായ അഴിമതിയാരോപണങ്ങൾ ഉന്നയിക്കുകയും ഇതിനെതിരെ താൻ പാർട്ടി ജില്ലാകമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നൽകിയിരുന്നെന്നും ത്വൽഹത്ത് പറയുന്നു.

ആറുമാസമായിട്ടും ഈ പരാതിയിൽ യാതൊരുനടപടിയും ഉണ്ടാവാത്ത സാഹചര്യത്തിൽ പൊതുജനങ്ങളെ സത്യസ്ഥിതി ബോദ്ധ്യപ്പെടുത്തുന്നതിനാണ് ലക്ഷ്യമിട്ടാണ് താൻ എഫ് ബി പോസ്റ്റ് ഇട്ടതെന്നും ഇത് സംബന്ധിച്ച് സുഹൃത്തുക്കൾ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ ചർച്ച തുടങ്ങിയിരുന്നെന്നും ഈ സാഹചര്യത്തിലാണ് തന്റെ അക്കൗണ്ട് അപ്രത്യക്ഷമായതെന്നുമാണ് ശബ്ദസന്ദേശത്തിൽ ത്വൽഹത്ത് വ്യക്തമാക്കിയിട്ടുള്ളത്.

ദേശാഭിമാനി ഫണ്ട് പിരിവ് ,അസറ്റ്‌ഹോംസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കോഴവാങ്ങൽ, നിയമസഭിലേക്ക് മത്സരിച്ച എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.വി സലീമിനെ തോൽപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് തനിക്കെതിരെ പാർട്ടി പ്രാദേശിക നേതാവും ശിങ്കിടികളും ഉയർത്തിക്കൊണ്ടുവന്നതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാണ് താൻ പാർട്ടിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്നും സത്യസ്ഥിതി പൊതുസമൂഹത്തെ അറിയിക്കാനായിരുന്നു തന്റെ നീക്കമെന്നും ത്വൽഹത്ത് സന്ദേശത്തിൽ വിശദീകരിക്കുന്നുണ്ട്.

പരാതിയിൽ നടപടിയുണ്ടാവാത്താതിനാൽ പാർട്ടിയുമായി അകന്നിരുന്നെന്നും അതിനാൽ പാർട്ടി മെമ്പർഷിപ്പ് പുതുക്കിയിട്ടില്ലന്നും താൻ ഇപ്പോൾ ജോലിചെയ്യുന്ന ദുബായിലും പാർട്ടിയുമായി ഒരുവിധത്തിലും സഹകരിക്കുന്നില്ലന്നും ത്വൽഹത്ത് അറിയിച്ചു.