കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കിഴക്കമ്പലം കടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തിയ പരീക്ഷണം വൻ വിജയമായതോടെയാണ് ട്വന്റി20 നിയമസഭാ പരീക്ഷണത്തിനൊരുങ്ങുന്നത്.

കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രൻ, പെരുമ്പാവൂരിൽ ചിത്ര സുകുമാരൻ, കോതമംഗലത്ത് ഡോ. ജോസ് ജോസഫ്, മൂവാറ്റുപുഴയിൽ സി.എൻ. പ്രകാശ്, വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കൽ എന്നിവരാണ് സ്ഥാനാർത്ഥികൾ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും തദ്ദേശീയരും സുപരിചിതരുമായ ആളുകളെയാണ് സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത് എന്നത് പ്രത്യേകതയാണ്.

കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ മരുമകനാണ് ഡോ.ജോസ് ജോസഫ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കുകയായിരുന്നു ജോസ് ജോസഫ്.

അതേ സമയം നടൻ ശ്രീനിവാസൻ, വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റർ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, സംവിധായകൻ സിദ്ദിഖ് തുടങ്ങിയവർ കിഴക്കമ്പലം കേന്ദ്രീകരിച്ചു രൂപീകരിക്കപ്പെട്ട ട്വന്റി20 പാർട്ടിയിൽ ചേർന്നു. പാർട്ടിയുടെ ഉപദേശക സമിതിയിലുള്ള മൂവരും തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് അറിയിച്ചു. കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയാണ് ഏഴംഗ ഉപദേശക സമിതിയുടെ അധ്യക്ഷൻ.

ട്വന്റി20 പാർട്ടി രൂപീകരിച്ച ഏഴംഗ അഡൈ്വസറി ബോർഡിൽ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ ചെയർമാനായി തിരഞ്ഞെടുത്തതായി പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു. 20 അംഗ കമ്മിറ്റിയായി ഇതിനെ വിപുലപ്പെടുത്തും. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെയായിരിക്കും മൽസരം. അഴിമതി മുക്ത സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി20 പാർട്ടി രൂപീകരിച്ചപ്പോൾ അത് എവിടെയെങ്കിലും കൂട്ടിക്കെട്ടുമോ എന്നായിരുന്നു താൻ ഉറ്റുനോക്കിയിരുന്നതെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പറഞ്ഞു. ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല മുന്നോട്ടാണ് എന്നു പറഞ്ഞപ്പോൾ ഈ പാർട്ടി എന്തെങ്കിലും ചലനമുണ്ടാക്കും എന്നു ഉറപ്പിക്കാനായതിനാലാണ് എഴുപതാം വയസിൽ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചത്.

തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നു നേരത്തെ അറിയിച്ചിട്ടുണ്ട്. അത്യാവശ്യം ചെളി എറിഞ്ഞാൽ കൊള്ളാൻ തയാറായാണ് എത്തിയിരിക്കുന്നത്. പേരുവെളിപ്പെടുത്താത്തവർ കുറേപ്പേർ പാർട്ടിക്കൊപ്പമുണ്ട്. ട്വന്റി20യിലാണെന്നു പറഞ്ഞാൽ പാർട്ടിക്കാർ ഫാക്ടറി തല്ലപ്പൊളിക്കുമെന്നു പേടിയുണ്ടെന്നു പറഞ്ഞ് രഹസ്യമായി പിന്തുണയ്ക്കുന്ന ധാരാളം പേർ ഒപ്പമുണ്ട്. വിരലിൽ എണ്ണാവുന്ന സ്ഥാനാർത്ഥികളുമായാണ് ഇപ്പോൾ മത്സരത്തിന് ഇറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരളത്തിന് തന്നെ മാതൃകയാക്കാവുന്നതാണ് ട്വന്റി 20യെന്ന് ശ്രീനിവാസൻ പറഞ്ഞു.. അതിനാലാണ് താൻ പിന്തുണ നൽകുന്നത്. മെട്രോമാൻ ഇ. ശ്രീധരനും ജേക്കബ് തോമസുമൊക്കെ ബിജെപിയിലാണ്. അവർ ബിജെപി വിട്ട് ഇവർ ട്വന്റി 20ക്ക് ഒപ്പം വരണമെന്നാണ് തന്റെ ആഗ്രഹം. കഴിഞ്ഞ ദിവസങ്ങളിൽ മലയാള സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയവർ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസൻ പറഞ്ഞു

തനിക്കു നടുവിനു വേദന കലശലായപ്പോൾ ഒരിക്കൽ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞിട്ടാണ് ആദ്യമായി കിഴക്കമ്പലത്തു പോകുന്നത്. സാബു ജേക്കബിന്റെ പിതാവ് എം.സി. ജേക്കബ് വൈദ്യർ എന്നയാളുടെ ഒരു ദിവസത്തെ ചികിത്സയിൽ മൂന്നു മാസമായി അനുഭവിച്ചു വന്ന വേദന പാടേ മാറി.
ഒരു പണം പോലും വാങ്ങാതെയായിരുന്നു ചികിത്സ. വിദേശത്തുനിന്നു പോലും നിരവധിപ്പേരാണ് ചികിത്സ തേടി എത്തിയിരുന്നത്. അവരോടും പണം വാങ്ങിയതായി അറിയില്ല. തന്നെ സമീപിക്കുന്ന മുഴുവൻ ആളുകളോടും അദ്ദേഹം കാണിച്ചിരുന്ന സൗമനസ്യത്തിന്റെ ബാക്കിപത്രമാണ് ഇന്നുകാണുന്ന ട്വന്റി ട്വന്റിയെന്ന് നടൻ ശ്രീനിവാസൻ പറഞ്ഞു.

അതാതു മണ്ഡലങ്ങളിൽ സ്ഥിരതാമസക്കാരായ വ്യക്തികളെയാണ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.കുന്നത്തുനാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന 38 കാരനായ ഡോ. സുജിത്ത് പി സുരേന്ദ്രൻ ബാംഗ്ലൂരിൽ പ്രസിഡൻസി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് ലോയിൽ അസോസിയേറ്റ് പ്രൊഫസറും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കോർഡിനേറ്ററും ആയിരുന്നു.

പെരുമ്പാവൂരിൽ നിന്നും ട്വന്റി 20 കേരളയുടെ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന 50 വയസുകാരിയായ ചിത്ര സുകുമാരൻ ഫെസിലിറ്റി മാനേജ്‌മെന്റ് വ്യവസായത്തിൽ 2000ലേറെ പേർക്ക് തൊഴിൽ നൽകി 1999 മുതൽ കൊച്ചിയിൽ പ്രവർത്തിച്ചു വരികയാണ്. കൊമേഴ്‌സ് ബിരുദധാരിയായ ചിത്ര ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിൽ തന്റെ കലാരൂപങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കോതമംഗലം മണ്ഡലത്തിലേക്ക് നിയോഗിക്കപ്പെട്ട 50 വയസുകാരനായ ഡോ ജോസഫ് കളമശ്ശേരി ഗവർമെന്റ് മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ ആയി ജോലി ചെയ്യവെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടുന്നുവന്നത്.

മൂവാറ്റുപുഴയിൽ ട്വന്റി 20 കേരളയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന 38 വയസുകാരനായ സി എൻ പ്രകാശ് 2017 ൽ അഡ്വക്കേറ്റായി എൻ റോൾ ചെയ്തിരുന്നു. വിവിധ ദൃശ്യമാധ്യമ സ്ഥാപനങ്ങളിൽ 20 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്.

വൈപ്പിനിൽ സ്ഥാനാർത്ഥിയായി നിയോഗിക്കപ്പെട്ട അറുപത് വയസുകാരനായ ഡോ. ജോബ് ചക്കാലക്കൽ സെന്റ് ആൽബർട്‌സ് കോളേജിലും സെന്റ് പോൾ കോളേജിലും അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കിയിരുന്നു. സെന്റ് പോൾ കോളേജിന്റെ മാനേജ്‌മെന്റ് സ്റ്റഡീസിന്റെ തലവനായി ജോലി ചെയ്യവെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്.