ലണ്ടൻ: യുഗപ്രഭാവൻ എന്നൊക്കെ പലർക്കും അലങ്കാരം ആയി നൽകുന്ന വിശേഷണം ആണെങ്കിലും അതിന് അർഹാനയിരുന്ന ഒരേയൊരാൾ ഇല്ലാതായിരിക്കുന്നു. ഒരു യുഗം തന്നെ തന്നിലൂടെ സൃഷ്ട്ടിച്ചു എന്നതിൽ ഒരു കണികയുടെ പോലും സംശയം അവശേഷിപ്പിക്കാതെ ഇന്ത്യക്ക് ലഭിച്ച ലോകപൗരൻ അബ്ദുൾകലാമിന്റെ നിലച്ച ഹൃദയത്തിനോപ്പം എണ്ണമറ്റ സ്വപ്ന ചിന്തകളും ആശയങ്ങളും കൂടിയാണ് ഭാരതത്തിനും ലോകത്തിനും നഷ്ട്ടമായത്. പ്രായം 84 എത്തിയിട്ടും ഒരു നിമിഷം പോലും വിശ്രമിക്കാതെ പുതു തലമുറയോട് നിരന്തരം സമ്പർക്കം ചെയ്തിരുന്ന അപൂർവ ജീനിയസ് അവസാന നിമിഷങ്ങളിലും തന്റെ കർമ മണ്ഡലത്തിൽ സജീവം ആയിരുന്നു എന്നത് ആ മരണത്തെ പോലും അസൂയാർഹാമാക്കുന്നു. ഒരു പക്ഷെ പലരും കൊതിക്കുകയും ആഗ്രാഹിക്കുകയും ചെയ്യുന്ന വിധം ഒരു മരണം അദേഹത്തെ തേടിയെത്തിയത് പോലും കാലം കനിഞ്ഞു നൽകിയ ആദരവായി കാണുകയാണ് സൈബർ ലോകവും അദേഹത്തിന്റെ ലോകം എങ്ങും ഉള്ള ആരാധകരും. സോഷ്യൽ മീഡിയ വഴി ജനതയുമായി സമ്പർക്കം പുലർത്താൻ വിമുഖത പ്രകടിപ്പിക്കുന്ന യുവനേതാക്കളെ പോലും അമ്പരപ്പിക്കും വിധം ട്വിറ്ററിലും ഫേസ്‌ബുക്കിലും ഒക്കെ സജീവമായിരുന്നു അബ്ദുൽ കലാം.

വിജ്ഞാന ഖനി തന്നെ ആയിരുന്ന കലാമിന് സംവദിക്കാൻ ഒരിക്കലും വിഷയ ദാരിദ്ര്യം ഇല്ലാതിരുന്നത് കൂടിയാകാം സോഷ്യൽ മീഡിയയിൽ സജീവം ആയി നിൽക്കാൻ അദേഹത്തെ പ്രേരിപ്പിച്ചതും. മരിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുന്നേ ഉച്ചയോടെ ട്വിറ്റർ അകൗണ്ടിൽ താൻ ഷില്ലോങ്ങിലേക്ക് പോകുന്നതായി അദേഹം കുറിച്ചിട്ടിരുന്നു. ഐഐഎമ്മിൽ വിദ്യാർത്ഥികളോട് 'ലിവബിൽ പ്ലാനറ്റ് എർത്ത്' എന്ന വിഷയത്തിൽ സംവദിക്കുമെന്നും അദേഹം സൂചിപ്പിച്ചിരുന്നു. അദേഹത്തിന് യുവ ജനതയോടുള്ള താൽപ്പര്യവും അവരോടു സംവദിക്കാനുള്ള ഇഷ്ട്ടവും മനസ്സിലാക്കി മരണം നടന്നു മണിക്കൂറുകൾ പിന്നിടും മുന്നേ കലാമിന്റെ പേരിലുള്ള സോഷ്യൽ മീഡിയ പേജ് പേര് മാറി 'എ ടീച്ചർ ഫോർ എവർ' എന്ന ശീർഷകത്തോടെ പ്രത്യക്ഷപ്പെടുക ആയിരുന്നു. തന്റെ സന്തത സഹചാരി കൂടിയായ ജൻപാൽ സിങ്ങിനോപ്പമാണ് യാത്രയെന്നും അദേഹം തന്റെ പേജിലൂടെ ഇന്നലെ ഉച്ചയോടെ പങ്കുവച്ചിരുന്നു. അദേഹത്തിന്റെ മരണ ശേഷം ട്വിറ്റർ പേജിന്റെ ചുമതല ഏറ്റെടുത്തു അഡ്‌മിൻ ആയി എത്തിയതും ജൻപാൽ സിങ് തന്നെയാണ്. ഈ ട്വിറ്റർ അക്കൗണ്ടിലൂടെ പതിനായിരങ്ങളാണ് ഇപ്പോൾ അദേഹത്തിന് അശ്രുപുഷ്പ്പങ്ങൾ അർപ്പിക്കുന്നത്.

ലോക പ്രശസ്തങ്ങളായ മുപ്പതോളം സർവകലാശാലകൾ അദേഹത്തിന് ഹോനിററി ഡോക്ടറേറ്റ് ബിരുദം നൽകിയ കൂട്ടത്തിൽ കഴിഞ്ഞ വർഷം എഡിൻബറോ യൂണിവേഴ്‌സിറ്റിയും ഡോക്ടറേറ്റ് നൽകി. ഈ പുരസ്‌ക്കാരം ഏറ്റുവാങ്ങാൻ ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് അദേഹം സ്‌കോട്ട്‌ലണ്ടിൽ എത്തിയത്. അന്ന് സർവകലാശാലയിൽ വിദ്യാർത്ഥികളുമായി സംസാരിച്ച അദ്ദേഹം ബ്രിട്ടനിൽ ലഭിക്കുന്ന അധിക പഠന സൗകര്യങ്ങളിൽ ഏറെ മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇൻഫോർമാറ്റിക്‌സിൽ എത്തിയ അദേഹം പലവിധത്തിൽ ഉള്ള റോബോട്ടുകളുടെ പ്രവർത്തനം കണ്ടു ഒരു കൊച്ചു കുട്ടിയുടെ കൗതുകതോടെയാണ് ഓരോ ചോദ്യവും ചോദിച്ചു സംശയ നിവാരണം വരുത്തിയത്. യൂനിവേഴ്‌സിറ്റിയിലെ മുതിർന്ന അദ്ധ്യാപകൻ കൂടിയായ പ്രൊഫ. സേതു വിജയകുമാർ ഓരോ കാര്യവും വിശദീകരിച്ചു നൽകുമ്പോഴും കലാമിൽ നിന്നും തുടർചോദ്യങ്ങൾ ഒഴുകുക ആയിരുന്നു. തനിക്കു അറിയാത്ത കാര്യങ്ങൾ മനസിലാക്കാനുള്ള വ്യഗ്രതയാണ് അന്ന് കലാമിൽ ദർശിക്കാൻ സാധിച്ചത്.

കലാമിനെ ആദരിക്കുക വഴി ഇന്ത്യയെ ആദരിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ആ സമയത്ത് എഡിൻബറോ യൂനിവേഴ്‌സിറ്റി വൃത്തങ്ങള സൂചിപ്പിച്ചിരുന്നു. പിന്നീട് സർവകലാശാലയിൽ ഇന്ത്യയുമായി സമ്പർക്കം പുലർത്തുന്നതിന് എഡിൻബറോ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിനു തുടക്കമാകാനും അവാർഡ്ദാന വേദിയിൽ സാഹചര്യം ഒരുങ്ങുക ആയിരുന്നു. ഗവേഷണ വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കും സഹകരണം വ്യാപിക്കാൻ ഈ ഇൻസ്റ്റിറ്റ്യൂട്ട് കാരണമാകട്ടെ എന്നാശംസ്സിച്ചാണ് അന്ന് കലാം മടങ്ങിയത്. ലോകത്തെ ഏറ്റവും മികച്ച 20 യൂനിവേഴ്‌സിറ്റികളിൽ ഒന്നായി കരുതപ്പെടുന്ന എഡിൻബറോ സർവകലാശാലയുമായി ഇന്ത്യയിലെ നിരവധി സർവകലാശാലകൾ സഹകരിക്കുന്നതിൽ തനിക്കുള്ള പ്രത്യേക സന്തോഷവും അദേഹം പങ്കു വച്ചിരുന്നു.

ആധുനിക ഇന്ത്യയുടെ ശില്പി എന്ന് ആദരവോടെ വിളിക്കാവുന്ന പ്രതിഭ. ഇന്ത്യൻ അധികാര ശ്രേണി പാവപ്പെട്ടവൻ ആയി ജനിച്ചാലും നിക്ഷേധിക്കപ്പെടില്ല എന്ന് സാമാന്യ ജനത്തെ ബോധ്യപ്പെടുത്തിയ പ്രതിഭാപുരുഷൻ. ഇന്ത്യക്ക് സാമ്പത്തിക അടിത്തറ പണിതു നരസിംഹ റാവു പുതിയദിശ നൽകിയപ്പോൾ ഇന്ത്യകാരനും സ്വപനം കാണാൻ അവകാശം ഉണ്ടെന്നു ലോകത്തെ ബോധ്യപ്പെടുത്തിയത് കലാം തന്നെ. മിസൈൽ ടെക്‌നോളജി സ്വന്തമാക്കിയതിലൂടെ ഇന്ത്യയെയും ബഹുമാനിക്കണം എന്ന് ലോക രാഷ്ട്രങ്ങളെ പഠിപ്പിച്ചതാകം കാലം കലാമിനായി കാത്തുവയ്ക്കുന്ന ഏറ്റവും വലിയ അംഗീകാരം.

മതമോ ഭാഷയോ ലിംഗമോ ആശയമോ രാഷ്ട്രീയമോ ഒന്നും തിരിച്ചു വത്യാസം ഇല്ലാതെ ജനം ഇഷ്ട്ടപ്പെടുന്നു എന്നിടത്ത് തുടങ്ങുന്നു അന്തമില്ലാത്ത കലാമിന്റെ സവിശേഷതകൾ. മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്തതു കൂടിയാണ് ഈ സവിശേഷതകൾ എന്നതും കലാമിന്റെ മാത്രം നേട്ടം. നമ്മൾ വരും തലമുറയ്ക്കായി സുരക്ഷിതവും സമൃദ്ധവും ആയ ഇന്ത്യ കെട്ടിപ്പെടുത്താൽ മാത്രമേ തലമുറകൾ നമ്മെ ഓർത്തിരിക്കാൻ സാധ്യതയുള്ളൂ എന്ന കലാമിന്റെ വാക്കുകൾ മാത്രം മതിയാകും അദേഹത്തിന്റെ ഔന്നത്യം ബോധ്യപ്പെടാൻ.