കൊച്ചി: പണം തട്ടിയെടുക്കാനായി പൊലീസ് ചമഞ്ഞ് വീടിനുള്ളിൽ കയറിയവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇടുക്കി കല്ലാർ അമൽഭവനിൽ രാജേന്ദ്രപ്രസാദ് (47), നെടുങ്കണ്ടം താന്നിക്കൽ അമൽ (27) എന്നിവരെ കളമശ്ശേരി എസ്‌ഐ എസ്ഐ പ്രശാന്ത് ക്ലിന്റ്, സിപിഒമാരായ ബാബു, ജെസ്ജിത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തു.

കളമശ്ശേരി എച്ച്.എം ടി കോളനിയിൽ പെരിങ്ങഴ റജീന താജുദീനെയാണ് രണ്ടുപേർ ചേർന്ന് കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം റജീനയുടെ വീട്ടിലെത്തിയ ഇവർ പൊലീസാണെന്നും വീട് പരിശോധിക്കണമെന്നും പറഞ്ഞ് അകത്ത് കടന്നു. സംശയം തോന്നിയ ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയുമായിരുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതപ്പോഴാണ് അന്തർ സംസ്ഥാന വാഹനമോഷ്ടാവ് പാലക്കയം സണ്ണി എന്നറിയപ്പെടുന്ന സണ്ണി ജോസഫിന്റെ സഹായികളാണ് ഇവരെന്ന് മനസ്സിലാവുന്നത്. പാലക്കയം സണ്ണിയുടെ വിവിധ കേസുകളിൽ വ്യാജ പറ്റുചീട്ട് കോടതിയിൽ ഹാജരാക്കി ജാമ്യം എടുത്ത കേസിലെ പിടികിട്ടാപ്പുള്ളികളായിരുന്നു രണ്ടുപേരും.

സംഘത്തലവൻ സണ്ണിയുടെ പേരിൽ പാലക്കാട്, മണ്ണാർകാട്, പട്ടാമ്പി, തൃശൂർ, പെരുവന്താനം, തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ 25-ൽ അധികം വാഹനമോഷണക്കേസുകളും കറുകച്ചാൽ സ്റ്റേഷനിൽ ഭവനഭേദന കേസും നിലവിലുണ്ട്. കഴിഞ്ഞ ജനവുവരി 31ന് പണിക്കൻകുടി സ്വദേശി സോയി സെബാസ്റ്റ്യന്റെ മാരുതി ഓൾട്ടോ കാറും ഫെബ്രുവരി ഏഴിന് ഇഞ്ചപ്പതാൽ സ്വദേശി പൊന്നപ്പന്റെ ബൊലേറോ ജീപ്പും മോഷണം പോയിരുന്നു. വാഹനങ്ങളുടെ നമ്പർ മാറ്റിയശേഷം ഡ്യൂപ്ലിക്കേറ്റ് ബുക്കുണ്ടാക്കിയാണ് വിൽപന നടത്തിയത്.

മാരുതികാർ നാൽപതിനായിരം രൂപയ്ക്കും ബൊലേറോ ഒരുലക്ഷം രൂപയ്ക്കുമാണ് വിറ്റത്. രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനങ്ങൾ മോഷ്ടിച്ച് അതിൽ സഞ്ചരിച്ചു വീടുകളിൽ മോഷണം നടത്തുകയും വാഹനം ഇതരസംസ്ഥാനത്തു കൊണ്ടുപോയി പൊളിച്ചുവിൽക്കുകയാണ് ഇവർ ചെയ്തിരുന്നത്. മോഷ്ടിക്കുന്ന വാഹനം ഉടൻ സ്റാർട്ടാക്കാനായി ഇവർ പ്രത്യേക സ്വിച്ചും നിർമ്മിച്ചു. ഇതു ഘടിപ്പിച്ചാൽ ഏതു വാഹനവും ഇവരുടെ താക്കോൽ ഉപയോഗിച്ചു സ്റാർട്ടാക്കാം.

മണ്ണാർക്കാട്, തൃശൂർ, പെരുന്തൽമണ്ണ തുടങ്ങിയ നിരവധി പൊലീസ് സ്റേഷനുകളിലായി ഇയാൾക്കെതിരേ 27 മോഷണക്കേസുകളുണ്ട്. കറുകച്ചാലിലെ വീട്ടിൽ നിന്ന് അമ്പതിനായിരം രൂപ, ഗ്യാസ് സിലിണ്ടർ, വാച്ച് എന്നിവ മോഷ്ടിച്ച കേസിൽ അന്വേഷണം നടന്നു വരികയാണ്. ഈ കേസുകളിലെല്ലാം ജാമ്യമെടുക്കാൻ സഹായിച്ചത് കളമശ്ശേരിയിൽ അറസ്റ്റിലായവരാണ്. ഇവർ കോടതിയിൽ ഹാജരാക്കിയ പറ്റു ചീട്ട് വ്യാജമാണെന്ന് കണ്ടെത്തിയതോടെ വിവധ കോടതികളിൽ ഇവർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയതു.