പാലക്കാട്: പാലക്കാട്ടെ പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. പൊലീസുകാർ ഷോക്കേറ്റ് മരിച്ചതിൽ നാട്ടുകാരായ രണ്ട് പേരാണ് കസ്റ്റഡിയിലായത്. പന്നിക്ക് വേണ്ടി വെച്ച കെണിയിൽപ്പെട്ടാണ് പൊലീസുകാർ മരിച്ചതെന്നാണ് കസ്റ്റഡിയിൽ ഉള്ളവർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്.

ഇന്ന് രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച രണ്ട് പേരുടേയും ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ പിടികൂടിയത്. പന്നിക്ക് വേണ്ടി വയലിൽ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവർ സമ്മതിച്ചു.

കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു. രാവിലെ വന്നു നോക്കിയപ്പോൾ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉടൻ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയിട്ടുവെന്നുമാണ് കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകിയത്. ഷോക്കേറ്റ് മരിച്ചതാണെന്ന് കരുതാതിരിക്കാൻ വേണ്ടയയിരുന്നു ഇങ്ങനെ ചെയ്തത്.

ക്യാമ്പിൽ നിന്ന് നൂറുമീററ്റർ അകലെ കൊയത്തുകഴിഞ്ഞ വയലിൽ രണ്ടുഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. തമ്മിൽ നൂറുമീറ്ററിൽ താഴെ മാത്രം ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശരീരത്തിൽ പൊള്ളലേറ്റതുപോലെയുള്ള പാടുകളുകളും ഉണ്ടായിരുന്നു. ഷോക്കേറ്റാണ് മരണമെന്ന് സംശയിക്കുമ്പോഴും മരിച്ചു കിടന്ന സ്ഥലത്ത് വൈദ്യുത കമ്പികൾ പൊട്ടി വീണിട്ടില്ലെന്നും വന്യമൃഗങ്ങളെ തുരത്താനുള്ള ഫെൻസിങ്ങോ സമീപത്തില്ലെന്നതും ദുരൂഹയുയർത്തിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാർ പന്നിക്ക് കെണവെക്കാറുണ്ടെന്ന് മനസിലായത്. ഇവരെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിലാണ് നാട്ടുകാരായ രണ്ട് പേർ കസ്റ്റഡിയിലായത്. രാത്രി ബാഡ്മിന്റൺ കളിച്ച് മടങ്ങിയതാണ് ഇരുവരും. താമസ സ്ഥലത്ത് എത്താതായതോടെ ക്യാമ്പിലുള്ളവർ തെരച്ചിൽ തുടങ്ങി. എവിടെയും കണ്ടെത്താനായില്ല. രാവിലെ തെരച്ചിൽ വ്യാപിപ്പിച്ചപ്പോഴാണ് വയലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

എ ആർ ക്യാമ്പിലെ അസി. കമാൻഡന്റും കായികതാരവുമായ സിനിമോളുടെ പങ്കാളിയാണ് മരിച്ച അശോകൻ. കാവശ്ശേരി സ്വദേശിയാണ് മോഹൻദാസ്.