മസ്‌കറ്റ്: യെമനിൽ നിന്നും ഒമാനിൽ എത്തിയപ്പോൾ മെക്കനു കൊടുങ്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ചു. ശക്തമായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും 12കാരിയടക്കം രണ്ട് പേർ മരിച്ചു. ഇന്ത്യക്കാരടക്കം നിരവധി പേരെ കാണാതായി. കൊടുങ്കാറ്റിനെ നേരിടാൻ ദിവസങ്ങൾക്ക് മുന്നേ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടും ചുഴലിക്കാറ്റിന്റെ തീവ്രത ഒമാനെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. പതിനായിരത്തോളം പേരാണ് ഷെൽറ്റർ ഹോമുകളിൽ അഭയം തേടിയത്. തീരപ്രദേശങ്ങളായ ദോഫറിൽ നിന്നും അൽ വുസ്തയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

ശക്തമായ മഴയിലും കാറ്റിലും 40ൽ അധികം പേരെ കാണാതായിട്ടുണ്ട്. സ്വദേശികളെ കൂടാതെ ഇന്ത്യക്കാരും സുഡാനികളും കാണാതായവരിൽ ഉൾപ്പെടുന്നു. ആയിരക്കണക്കിനു മൃഗങ്ങളെയും വെള്ളപ്പൊക്കത്തിൽ കാണാതായിട്ടുണ്ട്. തീരദേശ മേഖലയിൽ വൈദ്യുതി വിതരണ ശൃംഖല പൂർണമായും തകർന്നിട്ടുണ്ട്. നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായി. പഴയ കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ ചുഴലിക്കാറ്റ് ദോഫാർ മേഖലയിലേക്ക് പ്രവേശിച്ചതായി പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം വെള്ളിയാഴ്ച അതിതീവ്രമായ കാറ്റിന്റെ തീവ്രത ഇന്ന് അൽപം കുറഞ്ഞിട്ടുണ്ട്. വരുന്ന മണിക്കൂറിൽ ഇതിന്റെ ശക്തി കുറഞ്ഞ് വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്പോൾ മണിക്കൂറിൽ 126-144 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും മേഖലയിൽ അനുഭവപ്പെട്ടു. ദക്ഷിണ ഒമാനിലെ റെയ്സൂത്തിനും റാഖ്യൂത്തിനും ഇടയിലുള്ള തീരദേപ്രദേശത്ത് മെകുനു ചുഴലിക്കാറ്റ് ശക്തമായതായി ഒമാൻ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച രാത്രി അടച്ചിട്ട സലാല അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോഴും അടഞ്ഞ് തന്നെ കിടക്കുകയാണ്. താഴ്ന്ന പ്രദേശത്തെ റോഡുകളിലും വെള്ളം കയറുമെന്നതിനാൽ വലിയ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

അതേസമയം മെകുനു കാറ്റ് യു.എ.ഇ.യിൽ വലിയ പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ, വടക്കുകിഴക്കൻ മേഖലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

യെമെനിലെ സൊകോത്ര ദ്വീപിൽ വൻനാശം വരുത്തിയ ശേഷമാണ് മെകുനു ചുഴലിക്കാറ്റ് ഒമാന്റെ തീരപ്രദേശത്ത് പ്രവേശിച്ചത്. ചുഴലിക്കാറ്റിനെ തുടർന്ന് ഇവിടെ ഏഴു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സക്കോത്ര ദ്വീപിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നിരവധി പേരെ കാണാതായിട്ടുണ്ട്.