കൊച്ചി: യാട്ട് സെർവന്റ് എന്ന കൂറ്റൻ മദർഷിപ്പ് കപ്പൽശാലയോടു ചേർത്ത് കായലരികത്ത് നിർത്തി വെള്ളം കയറ്റി. അമ്മക്കപ്പൽ 8.9 മീറ്റർ വെള്ളത്തിൽ താഴ്ന്നു. പുത്തൻ കപ്പലുകളായ മാരിസിനെയും തെരേസയെയും ടഗ്ഗുകൊണ്ട് വലിച്ച് യാട്ട് സെർവന്റിന്റെ ഉള്ളിൽ കയറ്റി. വെള്ളം ഒഴുക്കിക്കളഞ്ഞ് യാട്ട് സെർവന്റ് പതുക്കെ നടു നിവർത്തി. കപ്പൽക്കുഞ്ഞുങ്ങൾ രണ്ടും മദർഷിപ്പിനുള്ളിൽ ഭദ്രം. കപ്പൽക്കുഞ്ഞുങ്ങളെയും കൊണ്ട് നോർവേയിലേക്കാണ് അമ്മക്കപ്പലിന്റെ സഞ്ചാരം. മാരിസും തെരേസയും കപ്പലിലേറി യാത്ര പറയുമ്പോൾ കൊച്ചി കപ്പൽശാലയ്ക്ക് അതൊരു ചരിത്രവിജയം.

ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച സ്വയം നിയന്ത്രിത വൈദ്യുതയാനങ്ങളാണ് മാരിസും തെരേസയും. ലോകത്തെ രണ്ടാമത്തേതും. നോർവേയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന പ്രശസ്ത അഴിമുഖപ്പാതയായ ഫ്യോർദിൽ സർവീസ് നടത്താനുള്ള ചെറുകപ്പലുകളാണിവ. കപ്പൽശാലയിൽ നിർമ്മിച്ച യാനങ്ങൾ മറ്റൊരു കപ്പലിൽ കയറ്റിക്കൊണ്ടുപോകുന്നതും ഇന്ത്യയിൽ ആദ്യമായാണ്.

കപ്പലുകൾ കയറ്റുമതി ചെയ്യുന്ന ഡച്ച് കമ്പനിയായ യാട്ട് സെർവന്റിന്റെ കൂറ്റൻ കപ്പലിൽ എട്ട് മണിക്കൂർ കൊണ്ടാണ് 67 മീറ്റർ വീതം നീളവും 600 ടൺ വീതം ഭാരവുമുള്ള വൈദ്യുതയാനങ്ങൾ കയറ്റിയത്.

210 മീറ്റർ വലുപ്പമുള്ളതാണ് മദർഷിപ്പ്. ഒരു മാസം കടലിലൂടെ സഞ്ചരിച്ചേ കപ്പൽ നോർവേയിലെത്തൂ. നോർവേയിലെ സപ്ലൈ ചെയിൻ കമ്പനിയായ ആസ്‌കോ മാരിടൈമിന് വേണ്ടിയാണ് കൊച്ചി കപ്പൽശാല ഇലക്ട്രിക് കപ്പലുകൾ നിർമ്മിച്ച് കൈമാറിയത്. നോർവേ സർക്കാരിന്റെ ഭാഗിക ധനസഹായത്തോടെയാണ് ആസ്‌കോ മാരിടൈം ഈ യാനങ്ങൾ നിർമ്മിച്ചത്. കൊച്ചി കപ്പൽശാലയിലെയും ആസ്‌കോ മാരിടൈമിലെയും ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.