പത്തനംതിട്ട: കോന്നിയിൽനിന്നു കാണാതായ പെൺകുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ അപ്രതീക്ഷിത വഴിത്തിരിവ്. ഇപ്പോൾ കസ്റ്റഡിയിലുള്ള അപ്പോളോ ടയേഴ്‌സ് ജീവനക്കാരൻ മനുവിനെ ചോദ്യം ചെയ്തതിൽനിന്നാണ് പൊലീസിനു നിർണായക വിവരങ്ങൾ ലഭിച്ചത്. ആത്മഹത്യയുടെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഈ പെൺകുട്ടികളിൽ ഒരാളുടെ അടുത്ത രക്തബന്ധമുള്ളയാളുമായി മനു ഫേസ് ബുക്കിലൂടെ അടുപ്പമുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം കിട്ടി.

ഇവരിലൂടെ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു. തുടർന്ന് മറ്റു രണ്ടു പെൺകുട്ടികളുടെയും സുഹൃത്തായി ഇയാൾ മാറി. എന്നാൽ, ഇപ്പോൾ നടന്നിരിക്കുന്ന ആത്മഹത്യയിൽ ഇയാൾക്ക് പങ്കുള്ളതായി സൂചനയില്ല. അതേസമയം, പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ട്രെയിനിൽനിന്ന് ചാടിയാണെന്നു വ്യക്തമായി. എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക് പോയ പെൺകുട്ടികൾ അവിടെ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനവും കഴിഞ്ഞ് മടങ്ങും വഴി ഐലൻഡ് എക്സ്‌പ്രസിൽനിന്നു ചാടി. തെറിച്ചു പോയവരിൽ ഒരാൾ ഇഴഞ്ഞു നീങ്ങുന്നതിനിടെ വീണ്ടും ട്രാക്കിൽ വീഴുകയും മറ്റു ടെയ്‌രിൻ കയറി മൃതദേഹം ഛിന്നഭിന്നമാവുകയുമായിരുന്നു.

മൂന്ന് വിദ്യാർത്ഥിനികളുടെ തിരോധാനത്തിൽ രണ്ടു കുട്ടികൾ മരിച്ചത് ദുഃഖത്തോടെയാണ് കോന്നിക്കാർ ഏറ്റുവാങ്ങിയത്. കാണാതായ കഴിഞ്ഞ ഒമ്പതിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ ഡൽഹിക്ക് മൂന്ന് ടിക്കറ്റ് എടുത്തിരുന്നു. ഡൽഹിക്ക് പോകേണ്ട ട്രെയിന് പകരം ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിൻ മാറി കയറിയതായും പിന്നീട് മാവേലിക്കരയിൽ ഇവർ ഇറങ്ങിയതായും പറയുന്നു. മാവേലിക്കരയിലിറങ്ങിയ ഇവർ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം കടയുടമയുടെ ഫോണിൽ നിന്ന് മരിച്ച ആതിരയുടെ വീട്ടിലേക്ക് കുട്ടികളിൽ ആരോ ഫോൺ ചെയ്തു. ആതിര വീട്ടിൽ വന്നോ എന്ന് അന്വേഷിച്ച് വേഗം ഫോൺ കട്ടു ചെയ്യുകയും ചെയ്തു.

വിവരമറിഞ്ഞ് രാത്രിയിൽ തന്നെ പൊലീസ് മാവേലിക്കരയിലെത്തി കടയുടമയുമായി ചേർന്ന് മാവേലിക്കരയിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട പൊലീസ് ചീഫ്, അടൂർ ഡിവൈ.എസ്‌പി എന്നിവരുടെ നിർദ്ദേശത്തോടെ കോന്നി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വെള്ളിയാഴ്ച മുതൽ ഊർജിതമായ അന്വേഷണം നടത്തി. മൂന്നു പേരുടെയും കൈയിൽ മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാൽ ഇവരുമായി ബന്ധപ്പെടുന്നതിനോ ഇവരുടെ നീക്കങ്ങൾ മനസിലാക്കുന്നതിനോ കഴിഞ്ഞില്ല. കേരളത്തിലേതുൾപ്പെടെ, ഡൽഹി, മുംബൈ, ബംഗളൂരു അടക്കമുള്ള മുഴുവൻ റെയിൽവേ സ്റ്റേഷനിലേക്കും കുട്ടികളെ കാണാനില്ലെന്ന സന്ദേശം നൽകി. ഇതിനിടയിൽ ശനിയാഴ്ച കുട്ടികളെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കണ്ടതായും പറയുന്നു.

നിർധന കുടുംബത്തിൽപ്പെട്ടവരാണ് മൂന്ന് പെൺകുട്ടികളും. ഐരവൺ പി.എസ്.വി.പി.എം.എച്ച്.എസ്.എസിൽ പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ചവരാണ് മൂവരും. രാജി, ആതിര എന്നിവർക്കും എല്ലാ വിഷയത്തിനും ഫുൾ എ പ്ലസും ആര്യക്ക് ഒമ്പത് വിഷയത്തിൽ എ പ്ലസും ലഭിച്ചിരുന്നു. ആര്യയും രാജിയും കോന്നി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ കമ്പ്യൂട്ടർ സയൻസ് പ്ലസ്‌വൺ വിദ്യാർത്ഥികളും ആതിര ഈ സ്‌കൂളിൽ തന്നെ (ബയോളജി)സയൻസ് വിദ്യാർത്ഥിയുമാണ്. പ്ലസ്‌വൺ പരീക്ഷാഫലം പുറത്തുവരുമ്പോൾ മാർക്ക് കുറവാകാൻ സാധ്യതയുള്ളതായി ഇവർ പലരോടും പറഞ്ഞതായി പറയുന്നു.

മാസങ്ങൾക്ക് മുമ്പ് മരണത്തെകുറിച്ചും ഒറ്റപ്പെടലിനെ കുറിച്ചും ഇവർ മറ്റു കുട്ടികളുമായി സംസാരിക്കാറുണ്ടായിരുന്നു. രാജിയുടെ പിതാവ് ചെറുപ്പത്തിലെ മാതാവിനെ ഉപേക്ഷിച്ചു പോയിരുന്നു. ആര്യ ആരുമായും വേഗം ഇണങ്ങുകയോ സംസാരിക്കുകയോ ചെയ്യുന്ന പ്രകൃതക്കാരിയായിരുന്നില്ല. എല്ലാത്തിനോടും നീരസവും വിരക്തിയുമായിരുന്നു. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ സഹപാഠികളോടുപോലും ചങ്ങാത്തം കൂടുന്ന പ്രകൃതമായിരുന്നില്ല. ഈ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കണമെന്ന് നാട്ടുകാരും ബന്ധുക്കളും മാതാപിതാക്കളോട് ഉപദേശിച്ചിരുന്നു.

അതിനിടെ മരിച്ച ആതിരയുടെയും രാജിയുടെയും മൃതദേഹങ്ങൾ ഇന്നു പുലർച്ചെ വീടുകളിൽ എത്തിച്ചു. രാവിലെ പഠിച്ചിരുന്ന സ്‌കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്‌കരിക്കും.