- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങളുടെ കടബാധ്യത തീർക്കാൻ ബോട്ടിൽ ജോലിക്ക് കയറി; പുറങ്കടലിലേക്കുള്ള ആദ്യ യാത്രയിൽ കാലാവസ്ഥ പ്രതികൂലമായി; സമുദ്രാതിർത്തി ലംഘിച്ചതിന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികൾ സീഷെൽസ് ജയിലിൽ; സർക്കാർ ഇടപെടണമെന്ന് ആവശ്യം
തിരുവനന്തപുരം: കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ രണ്ട് മലയാളി മത്സ്യത്തൊഴിലാളികൾ കിഴക്കൻ ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ സീഷെൽസിൽ ജയിലിൽ. മത്സ്യബന്ധന ബോട്ട് സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് കോട്ടപ്പുറം കടയ്ക്കുളം സ്വദേശികളായ ജോണി (34) തോമസ് (50) എന്നിവർ സീഷെൽസിൽ പിടിയിലായത്.
കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്ന് അഞ്ച് ബോട്ടുകളിലായി പോയ 59 സംഘത്തിലാണ് ജോണിയും തോമസും ഉൾപ്പെട്ടിരുന്നത്. ഇക്കൂട്ടത്തിൽ പോയ തമിഴ്‌നാട് സ്വദേശിയുടെ ഇൻഫന്റ് ജീസസ്സ് എന്ന ബോട്ടിലായിരുന്നു ജോണിയും തോമസും. ഇരുവരുമുൾപ്പെടെ 13 പേരാണ് ഈ ബോട്ടിലുണ്ടായിരുന്നത്.
എന്നാൽ കാലാവസ്ഥ പ്രതികൂലമായതോടെ ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് സിഷെൽസിന്റെ സമുദ്രാതിർത്തി കടന്നു. ഇതോടെ ഇവർ അവിടുത്തെ പൊലീസിന്റെ പിടിയിലായി. ഇവർ പിടിയിലായ വിവരം 12-ാം തിയതിയാണ് ബന്ധുക്കൾക്ക് ലഭിച്ചത്. നിയമക്കുരുക്കിൽ അകപ്പെട്ട രണ്ട് മലയാളി മത്സ്യത്തൊഴിലാളികൾക്കുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിപ്പ് തുടരുകയാണ് രണ്ട് കുടുംബങ്ങൾ.
സീഷെൽസ് പൊലീസ് മെസ് ജീവനക്കാരൻ മുഖേനെ തോമസും ജോണിയും നാട്ടിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഈ മാസം 21ന് പിടിയിലായവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. തങ്ങൾ സുരക്ഷിതരാണെന്നും ഭക്ഷണം ലഭിക്കുന്നുണ്ടെന്നും മാത്രമേ ഇവർക്ക് വീട്ടുകാരോട് സംസാരിക്കാൻ സാധിച്ചുള്ളു.
വിഴിഞ്ഞം തീരത്ത് മത്സ്യ ലഭ്യത കുറവായതോടെയാണ് അടുത്ത ബന്ധുക്കളായ ഇരുവരും ജോലി തേടി ബോട്ടിൽ ജോലിക്ക് കയറിയത്. പുറങ്കടലിലേക്കുള്ള ഇവരുടെ ആദ്യ യാത്രയായിരുന്നു ഇത്. തോമസ് തന്റെ 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത തീർക്കാനാണ് തൊഴിൽ തേടി ബോട്ടിലെ ജീവനക്കാരനായത്. ഇവരെ തിരികെ എത്തിക്കാനാവശ്യമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. വിഷയം സംസ്ഥാന സർക്കാർ മുഖേനെ കേന്ദ്രത്തിൽ അറിയിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് പുറംകടലിൽ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾ അബദ്ധത്തിൽ മറ്റ് രാജ്യങ്ങളുടെ അതിർത്തി കടക്കുന്നത് സ്വാഭാവികമാണ്. ഇങ്ങനെ പിടിയിലാകുന്ന മത്സ്യത്തൊഴിലാളികളെ പിന്നീട് അതാത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചകൾക്ക് ശേഷം ജയിൽ മോചിതരാക്കുകയാണ് ചെയ്യുക.
കഴിഞ്ഞ ആഴ്ചയിൽ ഇന്തൊനേഷ്യൻ സേനയും മൂന്ന് മത്സ്യ തൊഴിലാളികളെ പിടികൂടിയിരുന്നു. കഠിനം കുളം മരിയനാട് സ്വദേശി ജോമോൻ (24), വെട്ടുതുറ ഷിജി ഹൗസിൽ ഷിജിൻ സ്റ്റീഫൻ (29), പുതു കുറിച്ചി തെരുവിൽ തൈവിളാകത്തിൽ ജോൺ ബോസ്‌കോ (47) എന്നിവരാണ് പ്രതികൂല തുടർന്ന് ഇന്തൊനേഷ്യൻ അതിർത്തികടന്നത്.
ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ചെത്തുന്ന മറ്റ് രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന യാനങ്ങളെയും ഇന്ത്യൻ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുക്കുകയും പൊലീസിന് കൈമാറുകയും ചെയ്യാറുണ്ട്. ഇങ്ങനെ ഇന്ത്യൻ ജയിലുകളിലും ഇത്തരത്തിൽ തടവിൽ കിടക്കുന്നവരുണ്ട്
മറുനാടന് മലയാളി ബ്യൂറോ