കോഴിക്കോട്: നിപ വൈറസ് ബാധിച്ച് നാല് പേർ മരിച്ചെന്ന ഔദ്യോഗിക റിപ്പോർട്ടുകൾക്കിടെ രോഗത്തിന്റെ സമാന ലക്ഷണങ്ങളോടെ രണ്ടാൾകൂടി ഇന്ന് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പേരാമ്പ്ര സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. ഈ മരണങ്ങൾ സ്ഥിരീകരിക്കുക കൂടി ചെയ്താൽ മാരക വൈറസ് ബാധയേറ്റ് കോഴിക്കോട് മരിക്കുന്നവരുടെ എണ്ണം ഏഴാവും. കോഴിക്കോട് മെഡിക്കൾ കോളേജിലെ ഐസലോഷൻ വാർഡിലായിരുന്നു ഇരുവരെയും പ്രവേശിപ്പിച്ചിരുന്നത്. മരിച്ചവരുടെ രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. എങ്കിൽ മാത്രമേ നിപയാണോ മരണത്തിന് കാരണമെന്ന കാര്യം വ്യക്തമാകുകയുള്ളൂ.

നാല് പേരുടെ മരണം നിപ്പ വൈറസ് ബാധയേറ്റെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമാന ലക്ഷണങ്ങളോടെ എട്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ രോഗ സാധ്യത കണക്കിലെടുത്ത് ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 60 പേരുടെ രക്ത സാമ്പിളുകളാണ് ഇത്തരത്തിൽ പരിശോധനയ്ക്കയച്ചത്. അതേസമയം നിപ ബാധയെന്ന സംശയത്താൽ ചെറിയ പനിയുള്ളവർ പോലും ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട് പേരാമ്പ്ര ഭാഗത്തു നിന്നുള്ളവരാണ് ഇങ്ങനെ ചികിത്സ തേടുന്നവരിൽ കൂടുതലും.

കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിലാണ് രോഗം തുടങ്ങിയത്. വൈറസ് ബാധ കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തിൽ എയിംസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പരിശോധനയ്‌ക്കെത്തും. വൈറസിന്റെ ഉറവിടം എവിടെയാണെന്ന് ഈ സംഘം പരിശോധിക്കും. വവ്വാലുകളിൽ നിന്നാണ് രോഗം പരന്നതെന്ന സംശയം ഇന്നലെ കേന്ദ്രസംഘം പങ്കുവെച്ചിരുന്നു. കൂടുതൽ സ്ഥലത്തേക്ക് വൈറസ് പോവാതെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യം വെച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉർജിതമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

അതിനിടെ നിപ്പ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. കൂടുതൽ പേർ പനിബാധയുമായി എത്തുകയും പലരുടേയും നില വഷളാവുകയും ചെയ്യുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ഇതുവരെ മൃഗങ്ങളുടേയും രോഗികളുടേയും ശരീര സ്രവങ്ങളിലൂടെയാണ് രോഗം പടരുകയെന്ന നിലയിലാണ് വിലയിരുത്തലുകൾ ഉണ്ടായത്. എന്നാൽ വായുവിലൂടെയും രോഗം പകരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസംഘം വ്യക്തമാക്കിയതോടെ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആശങ്കയിലാണ്.

രോഗിയുടെ ഉച്ഛ്വാസത്തിലും രോഗാണുസാന്നിധ്യം ഉണ്ടാകാമെന്ന സ്ഥിതിയാണ് കേന്ദ്ര സംഘം സ്ഥിരീകരിക്കുന്നത്. ഇതോടെ രോഗിയുമായി അടുത്ത് ഇടപഴകുന്നവർ തീർച്ചയായും മാസ്‌ക് ഉൾപ്പെടെയുള്ളവ ധരിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ സ്ഥിരീകരിക്കുന്നത്. എന്നാൽ ജലദോഷത്തിന്റെയും ചെറിയ പനിയുടേയും മറ്റും വൈറസുകളേപോലെ ദീർഘനേരം വായുവിലൂടെ സഞ്ചരിക്കില്ലെന്നാണ് കേന്ദ്രസംഘം പറയുന്നത്.

വാവലും മറ്റും കടിച്ചിടുന്ന പഴങ്ങളിലൂടെയും അവ കടിക്കുന്ന മൃഗങ്ങളുടെ സ്രവങ്ങളിലൂടെയും രോഗം ബാധിച്ച മനുഷ്യരുടെ സ്രവങ്ങളിലൂടെയും രോഗം പകരുമെന്നും ഇക്കാര്യത്തിൽ കരുതലെടുക്കണമെന്നുമാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഇതുവരെ നൽകിയ മുന്നറിയിപ്പ്. എന്നാൽ വായുവിലൂടെയും പകരാമെന്ന സാധ്യതകൂടി കേന്ദ്രസംഘം പങ്കുവയ്ക്കുന്നതോടെ കേരളത്തെ ഞെട്ടിച്ച പനിബാധ കൂടുതൽ ഗൗരവമെന്ന നിലയിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നു.

മൃഗങ്ങളിലൂടെയും നിപ്പാ വൈറസ്ബാധ ഉണ്ടാകാമെന്ന മുന്നറിയിപ്പ് വന്നതോടെ കേന്ദ്ര മൃഗപരിപാലന സംഘവും സ്ഥിതി വിലയിരുത്താൻ നാളെ എത്തുന്നുണ്ട്. രോഗ ലക്ഷണങ്ങൾ സാധാരണ പനിയുടേതായാണ് തുടങ്ങുന്നത്. പിന്നീട് തലകറക്കവും സന്നിയും ഉൾപ്പെടെ വരികയും അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ വരുമ്പോഴും നിപ്പാ വൈറസ് ബാധയാണോ രോഗകാരണമെന്ന് സ്ഥിരീകരിക്കാൻ പെട്ടെന്ന് കഴിയുന്നില്ലെന്നതാണ് ഇപ്പോൾ കേരളം നേരിടുന്ന പ്ര്ശ്നം പൂണെയിലെ ലാബിലുൾപ്പെടെ പരിശോധിച്ചാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.

ഇതിന് കാലതാമസമെടുക്കുന്നത് വലിയ പ്രതിസന്ധിയാണ്. അതേസമയം, വൈറസ്ബാധ നേരത്തേ കണ്ടെത്താനായാൽ സുഖപ്പെടുത്താനാകുമെ്ന്ന് കേന്ദ്രസംഘം വ്യക്തമാക്കിയതും പ്രതീക്ഷ നൽകുന്നുണ്ട്. പനി ലക്ഷണങ്ങൾ കണ്ടാൽ നേരത്തെ തന്നെ ചികിത്സ തേടാനാണ് ഇതോടെ എല്ലാവരോടും ഉപദേശിക്കുന്നത്. സ്വയം ചികിത്സ ആപത്കരമായി മാറിയേക്കാം. പ്രത്യേകിച്ച് നേരത്തേ മരണപ്പെട്ട രോഗികളെ ശുശ്രൂഷിച്ച നഴ്സുമാരിൽ ഒരാൾ മരിക്കുകയും ഒരു ഡോക്ടറും മൂന്ന് നഴ്സുമാരും ഉൾപ്പെടെ ഇപ്പോൾ ചികിത്സ തേടുകയും ചെയ്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

രണ്ടുദിവസത്തിനകം നിരവധി പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവരിൽ എല്ലാവർക്കും നിപ്പാ വൈറസ് ബാധയാണോ എന്നകാര്യത്തിൽ സ്ഥിരീകരണവും ഉണ്ടായിട്ടില്ല. എന്നാലും ജനങ്ങൾ ആശങ്കയിലാണ്. ആശങ്കവേണ്ടെന്ന് ആരോഗ്യ വകുപ്പും മറ്റ് ആരോഗ്യ പ്രവർത്തകരും സന്നദ്ധ സേവകരുമെല്ലാം ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും പനി പടരുന്നുവെന്നതാണ് യാഥാർത്ഥ്യം. നിലവിൽ നിപ്പാ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ഒമ്പതുപേരാണ് ചികിത്സയിലുള്ളതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കൂടുതൽ കരുതലെടുക്കാനാണ് നിർദ്ദേശം. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്കായി പ്രത്യേകം ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.