- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീഷണി സന്ദേശം എഴുതിയത് രാത്രി സർവീസ് അവസാനിപ്പിച്ച് ട്രെയിൻ കൊണ്ടിട്ട ശേഷമെന്ന് സംശയം; കൊച്ചി മെട്രോ യാർഡിൽ നുഴഞ്ഞുകയറി സന്ദേശം എഴുതിയത് രണ്ടുപേർ ചേർന്ന്; ദൃശ്യങ്ങൾ കിട്ടി; ആളെ തിരിച്ചറിയാൻ ശ്രമം തുടരുന്നു; സായുധ പൊലീസ് കാവലുള്ള യാർഡിലെ നുഴഞ്ഞുകയറ്റം ഗുരുതര സുരക്ഷാ വീഴ്ച
കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോ യാർഡിൽ നുഴഞ്ഞുകയറി ഭീഷണി സന്ദേശം എഴുതിയത് ഗുരുതര സുരക്ഷാ വീഴ്ച എന്നാണ് വിലയിരുത്തുന്നത്. സന്ദേശം എഴുതിയത് രണ്ടുപേരാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവർ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരള കൗമുദിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോ യാർഡിൽ നുഴഞ്ഞുകയറിയ അജ്ഞാതൻ 'പമ്പ' എന്ന ട്രെയിനിന്റെ പുറത്ത് 'ആദ്യ സ്ഫോടനം കൊച്ചിയിൽ' എന്ന് എഴുതിവച്ചത് ഉയർത്തുന്നത് കടുത്ത സുരക്ഷാ ഭീഷണി ആണ് ഉയർത്തുന്നത്. കേരളത്തിൽ മതതീവ്രവാദികൾ ശക്തമാകുന്നതിനിടെയാണ് ഈ സംഭവം. കേരളം തീവ്രവാദികളുടെ പ്രധാന താവളമാണെന്ന് നേരത്തെ കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. മധുരയിലെ തീവ്രവാദി കേരളത്തിലേക്ക് കടന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടും ചർച്ചയായിരുന്നു.
മെയ് 22നാണ് യാർഡിൽ പാർക്ക് ചെയ്തിരുന്ന ട്രെയിനിന്റെ പുറത്ത് ഇംഗ്ളീഷിൽ പല നിറത്തിലെ സ്‌പ്രേ പെയിന്റുകൊണ്ട് ഭീഷണിസന്ദേശം എഴുതിവച്ചത്. രാജ്യദ്രോഹത്തിന് കേസെടുത്തെങ്കിലും രഹസ്യമാക്കിവച്ചിരിക്കുകയാണ് സംഭവം. ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്ക്കൊപ്പമാണ് ലിഖിതങ്ങൾ എന്ന് പറയുന്നു. ഈ ട്രെയിനിന്റെ സർവീസ് നിറുത്തിവച്ചു. കൊച്ചി സിറ്റി പൊലീസും മെട്രോ അധികൃതരും ഇതുസംബന്ധിച്ച് ഒന്നും പുറത്തു പറഞ്ഞിട്ടില്ല. മെട്രോ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എറണാകുളം - ആലുവ റൂട്ടിൽ മുട്ടം സ്റ്റേഷനും അമ്പാട്ടുകാവ് സ്റ്റേഷനും ഇടയിലാണ് 45 ഏക്കറിലുള്ള മുട്ടം മെട്രോ യാർഡ്. സർവീസിനുശേഷം എല്ലാ ട്രെയിനുകളും യാർഡിലെത്തിച്ച് ദിവസവും പരിശോധനകൾ നടത്തും. യാർഡിന് ചുറ്റുമായി 10 അടി ഉയരമുള്ള മതിൽക്കെട്ടിനു മുകളിൽ കമ്പി വേലിയുമുണ്ട്. യാർഡിനോട് ചേർന്ന് ജീവനക്കാരുടെ ക്വാർട്ടേഴ്സായി രണ്ട് ഫ്ളാറ്റുകളുമുണ്ട്. മെട്രോയുടെ ഹൃദയം. ഓപ്പറേഷൻ കൺട്രോൾ റൂം, ഓട്ടോമാറ്റിക്ക് ട്രെയിൻ കൺട്രോൾ സംവിധാനം, വൈദ്യുതി സബ്സ്റ്റേഷൻ തുടങ്ങിയവ മെട്രോ യാർഡിലാണ്. 24 മണിക്കൂറും ജോലിക്കാരുമുണ്ട്. ഈ സുരക്ഷാ മേഖലയിലാണ് നുഴഞ്ഞു കയറ്റം.
രാത്രി സർവീസ് അവസാനിപ്പിച്ചശേഷം കൊണ്ടിട്ടപ്പോഴായിരിക്കാം എഴുതിയത്. സർവീസ് നടത്തുമ്പോൾ മിനിട്ടുകൾ മാത്രം സ്റ്റേഷനുകളിൽ നിറുത്തുന്നതിനാൽ ഇത്രയും നീണ്ട സന്ദേശം എഴുതാൻ സമയം കിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെയോ കാമറകളുടെയോ കണ്ണിൽപ്പെടാതെ യാർഡിനകത്തേക്കും പുറത്തേക്കും പോവുക എളുപ്പമല്ല. ജീവനക്കാരിൽ ആർക്കെങ്കിലും പങ്കുണ്ടോയെന്നും സംശയിക്കുന്നു. തൊട്ടടുത്തുള്ള സ്റ്റേഷനുകളുടെ പ്ളാറ്റ് ഫോമിൽ നിന്ന് പാളത്തിലിറങ്ങി നടന്നും യാർഡിലെത്താം. പ്ളാറ്റ് ഫോം പൂർണമായും കാമറ നിരീക്ഷണത്തിലാണ്. യാർഡിൽ സായുധരായ 12 പൊലീസുകാർ സദാ കാവലുണ്ട്.
കേരള പൊലീസിന്റെ ഭാഗമായ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്കാണ് യാർഡിന്റെയുൾപ്പെടെ മെട്രോ സംവിധാനത്തിന്റെ സുരക്ഷാ ചുമതല. ഇവരുടെ കണ്ണു വെട്ടിച്ചാണ് എഴുത്ത്. ഇക്കാര്യം കൊച്ചി മെട്രോയുടെ എംഡി ലോക്നാഥ് ബെഹ്റയും സ്ഥിരീകരിച്ചതായുള്ള സൂചന കേരള കൗമുദിയിലുണ്ട്. സുരക്ഷാ കാര്യങ്ങൾ സർക്കാർ നോക്കുമെന്നാണ് വിശദീകരണം. അന്വേഷണം തുടങ്ങിയതായി പൊലീസും പറയുന്നതായി വാർത്ത വിശദീകരിക്കുന്നു. വിദ്വേഷ പ്രസംഗങ്ങൾ ചർച്ചയാകുമ്പോഴാണ് ഈ എഴുത്തും.
മറുനാടന് മലയാളി ബ്യൂറോ