താനെ: ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് രണ്ടു ബാലന്മാരെ പ്രാകൃത ശിക്ഷയ്ക്കു വിധേയനാക്കി ബേക്കറിയുടമ. മഹാരാഷ്ട്രയിലെ താനെയിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. എട്ടും ഒമ്പതും വയസുള്ള ബാലന്മാരാണ് അതിക്രമത്തിനിരയായത്.

ഭക്ഷണ സാധനം മോഷ്ടിച്ച രണ്ടു ബാലന്മാരെ കടയുടമയും മക്കളും തുണിയുരിഞ്ഞ് ചെരുപ്പുമാലയണിയിച്ചു നടത്തിച്ചുവെന്നാണ് പരാതി. ഇതിനു പുറമെ, ബാലന്മാരുടെ മുടി ഇവർ നിർബന്ധപൂർവം മുറിച്ചുമാറ്റുകയും ചെയ്തു. താനെയ്ക്ക് സമീപം ഉല്ലാസ്‌നഗറിലെ പ്രേംനഗർ പ്രദേശത്താണ് പ്രാകൃതശിക്ഷ അരങ്ങേറിയത്.

അടുത്തുള്ള ബേക്കറി കടയിൽനിന്ന് 'ചക്ലി' എന്നു പേരുള്ള ഒരുതരം പലഹാരപ്പൊതിയാണ് ഇവർ മോഷ്ടിച്ചതെന്നു പറയപ്പെടുന്നു. സംഭവം കയ്യോടെ പിടികൂടിയ കടയുടമയായ മെഹ്മൂദ് പത്താൻ, ഇവരെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയരാക്കുകയായിരുന്നു. തന്റെ ആൺമക്കളുടെ സഹായത്തോടെ ബാലന്മാരുടെ മുടി വെട്ടിക്കളഞ്ഞ മെഹ്മൂദ്, ഇവരെ നഗ്‌നരാക്കി ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തു.

കുട്ടികൾ അപമാനിക്കപ്പെട്ട വിവരമറിഞ്ഞ മാതാപിതാക്കൾ, പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് മെഹ്മൂദിനെയും മക്കളായ ഇർഫാൻ (26), സലിം (22) എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. പോക്‌സോ ഉൾപ്പെടെയുള്ള ഗൗരവതരമായ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.