മാനന്തവാടി: മമ്മൂട്ടി അഭിനയിച്ച ഇന്ദുലേഖ സോപ്പിന്റെ പരസ്യത്തിനു പിന്നാലെ സോപ്പു കമ്പനിക്കും മമ്മൂട്ടിക്കുമെതിരെ കേസു കൊടുത്ത മാനന്തവാടി സ്വദേശി കെ ചാത്തുവിനെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. എന്നാൽ, സോപ്പിനെതിരെ കേസുകൊടുത്തതിനല്ല മാനന്തവാടി അമ്പുകുത്തി സ്വദേശി കെ ചാത്തുവിനെതിരെ കേസെടുത്തത്. വോട്ട് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തെത്തുടർന്നാണു ചാത്തുവിനെതിരെ കേസെടുത്തത്.

ബഹിഷ്‌കരണം ആഹ്വാനം ചെയ്തുള്ള പോരാട്ടം സംഘടനയുടെ പേരിലുള്ള പോസ്റ്റർ ഒട്ടിച്ചതിനാണ് വയനാട്ടിൽ ചാത്തുവിനെയും തിരുനെല്ലി അപ്പപ്പാറ സ്വദേശിനി ഗൗരി (27)യെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്.

അതേസമയം, ഇക്കാര്യത്തിൽ രാഷ്ട്രീയ പ്രവർത്തകരാരും പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല. പി ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോൾ പ്രതികരിച്ച സിപിഐ(എം) നേതാക്കളും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

വിനാശവികസനത്തിനും സാമ്രാജ്യത്വ സേവകർക്കും ജനശത്രുക്കൾക്കും നാം എന്തിനു വോട്ട് ചെയ്യണം, കർഷകരെയും തൊഴിലാളികളെയും ആദിവാസികളെയും ദലിതരെയും മുസ്ലിംകളെയും മർദ്ദിച്ചൊതുക്കുന്ന പാർലമെന്ററി തിരഞ്ഞെടുപ്പല്ല വിമോചനത്തിന്റെ പാത. ജനകീയ പോരാട്ടങ്ങളാണ് ശരിയായ പാതയെന്നും യഥാർഥ ജനാധിപത്യത്തിനായി പോരാടുക എന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്. ഈ പോസ്റ്റർ ഒട്ടിച്ചതിനു പിന്നാലെയാണ് ഇവരെ അറസ്റ്റുചെയ്തത്.

ഇന്ദുലേഖ ഉപയോഗിച്ചാൽ 'സൗന്ദര്യം ഇനി നിങ്ങളെ തേടി വരും' എന്ന പരസ്യവാചകം വിശ്വസിച്ച് സോപ്പ് വാങ്ങി ഉപയോഗിച്ചിട്ട് സൗന്ദര്യം കൂടിയില്ലെന്നാരോപിച്ച് ഇന്ദുലേഖയ്ക്കെതിരേയും നടൻ മമ്മൂട്ടിക്കെതിരെയും വയനാട് ജില്ലാ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത് ചാത്തുവായിരുന്നു. 50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി ചാത്തു ആവശ്യപ്പെട്ടത്. കേസിൽ മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയിൽ ഹാജരാകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരുന്നു. ഒടുവിൽ കേസ് 30,000 രൂപ നൽകി കമ്പനി ഒത്തുതീർത്തിരുന്നു. കേസ് ഒത്തു തീർന്നെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരായുള്ള ചാത്തുവിന്റെ നിയമയുദ്ധം മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. പരസ്യങ്ങൾ തെറ്റിദ്ധാരണജനകമെന്ന വാദം ഏറെ ചർച്ചകൾക്കും വഴിതെളിച്ചിരുന്നു.

 ഇന്ദുലേഖയുടെ വാഗ്ദാനലംഘനത്തിനെതിരെയാണു സൂപ്പർസ്റ്റാർ മമ്മൂട്ടിക്കെതിരായും കമ്പനിക്കെതിരായും ചാത്തു കേസ് നൽകിയത്. താനും തന്റെ കുടുംബവും ഒരു വർഷമായി ഇന്ദുലേഖ സോപ്പാണ് ഉപയോഗിക്കുന്നത്. മമ്മൂട്ടിയുടെ പരസ്യവാചകം കേട്ടാണ് ഈ സോപ്പ് ഉപയോഗിക്കാൻ തുടങ്ങിയത്. ഇന്ദുലേഖ സോപ്പ് തേച്ചാൽ നല്ല നിറവും വെളുപ്പും വരും എന്നാണ് നടൻ പറഞ്ഞത്. എന്നാൽ തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് പറഞ്ഞാണ് ചാത്തു ഇന്ദുലേഖയ്ക്കെതിരെ നഷ്ടപരിഹാരവും മറ്റു ചെലവുകളും ലഭിക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃകോടതിയെ സമീപിച്ചത്. കോടതി മമ്മൂട്ടിയോടും കമ്പനി പ്രതിനിധികളോടും ഹാജരാവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് കമ്പനി ഒത്തു തീർപ്പിനു ശ്രമിക്കുകയും 30000 രൂപ ചാത്തുവിനു നൽകി മമ്മൂട്ടിയെ കോടതി കയറാതെ രക്ഷപ്പെടുത്തുകയുമായിരുന്നു.