കൊച്ചി: കൊച്ചിയിൽ യൂബർ ഡ്രൈവർ ഷെഫീഖിനെ പൊതുമധ്യത്തിൽ വച്ച് തല്ലി മൃതപ്രായനാക്കിയ യുവതികളുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തത് സി.പി.എം നേതാക്കളുടെ സമ്മർദ്ദം മൂലമെന്ന പരാതി സജീവം. ഡ്രൈവറെ തല്ലി ചതച്ച യുവതികൾക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. കണ്ണൂർ ആലക്കോട് സ്വദേശിനി എയ്ഞ്ചൽ മേരി നിരവധി കേസുകളിൽ രക്ഷപ്പെട്ടതും കണ്ണൂരിലെ രാഷ്ട്രീയക്കാരുടെ പിന്തുണയോടെയാണ്. പീഡനം ആരോപിച്ച് പണം തട്ടിയതടക്കം നിരവധി കേസുകളാണ് ഇവർക്കെതിരേയുള്ളത്. പ്രതികളെ കേസിൽ കുടുക്കിയ ശേഷം കൗണ്ടർ പരാതി കൊടുത്ത് അവരെ പ്രതിസ്ഥാനത്തുകൊണ്ടു വരികയാണ് ഇവരുടെ സ്ഥിരം തന്ത്രം. ഇതാണ് കൊച്ചിയിലും ഉണ്ടായത്.

ഡ്രൈവറെ അതിക്രൂരമായാണ് മർദ്ദിച്ചത്. തലയ്ക്കു മുകളിൽ പരിക്കുണ്ട്. സാക്ഷികളും ആവശ്യത്തിന്. എന്നിട്ടും യുവതികൾക്ക് പൊലീസ് സ്‌റ്റേഷൻ ജാമ്യം നൽകിയിരുന്നു. ഇതിനെല്ലാം പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. ചില രാഷ്ട്രീയക്കാർ ഇടപെട്ടുവെന്നാണ് യൂബർ ടാക്‌സി ഡ്രൈവർമാർ ആരോപിക്കുന്നത്. വൈറ്റിലയിൽ വച്ച് യൂബർ ഡ്രൈവറെ ആക്രമിച്ചതിനു തൊട്ടുപിന്നാലെ പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും തൊട്ടുപിന്നാലെ ഇവർക്കുവേണ്ടി വിളിയെത്തി. അതും ഉന്നതകേന്ദ്രത്തിൽ നിന്നും. മിനിറ്റുകൾക്കുള്ളിൽ സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു. മദ്യപിച്ചെത്തിയ യുവതികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കാൻ പോലും പൊലീസ് തുനിഞ്ഞില്ല. ഇത് കേസിനെ ദുർബ്ബലമാക്കി. മദ്യപിച്ചിരുന്നതായി ഇനി തെളിയിക്കാനും കഴിയില്ല.

യുവതികൾക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഷെഫീഖിനെതിരേ കേസെടുക്കുകയും ചെയ്തു. ഇതിനിടെ ഷെഫീഖിന് ചില ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. എയ്ഞ്ചൽ ബേബിക്കൊപ്പം പുറത്തേൽ വീട്ടിൽ ക്ലാര ഷിബിൻ കുമാർ (27), പത്തനംതിട്ട ആയപുരയ്ക്കൽ വീട്ടിൽ ഷീജ എം. അഫ്‌സൽ (30) എന്നിവരാണ് ഡ്രൈവറെ ആക്രമിച്ചത്. ഇതിൽ പത്തനംതിട്ട സ്വദേശിക്കെതിരേയും കേസുകളുണ്ടെന്നാണ് സൂചന. എയ്ഞ്ചൽ ബേബി കണ്ണൂരിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടിരുന്നു. ഒരു വർഷം മുമ്പ് തന്റെ സുഹൃത്തായ ജൂവലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനെയും വരുതിയിലാക്കി എയ്ഞ്ചൽ പണം തട്ടാൻ ശ്രമിച്ചതായിരുന്നു ഇതിൽ പ്രധാനം.

ഒരു വർഷം മുമ്പായിരുന്നു ഇത്. ഒരു ദിവസം വൈകുന്നേരം നാലുമണിയോടടുത്ത് തന്റെ ഫൽറ്റിൽ വരണമെന്ന് എയ്ഞ്ചൽ ഇയാളെ ഫോണിൽ വിളിക്കുകയായിരുന്നു. തന്റെ പഴയ സ്വർണം വിൽക്കാനുണ്ടെന്നും ഉടൻ പണം വേണമെന്നും ആവശ്യപ്പെട്ടാണ് എയ്ഞ്ചൽ ജൂവലറി ഉടമയെ ഫൽറ്റിലേക്ക് വിളിപ്പിച്ചത്. ജൂവലറിയിൽ പല വട്ടമെത്തി പരിചയമുണ്ടായിരുന്നതിനാൽ ഇയാൾക്ക് സംശയം തോന്നിയില്ല. മാതൃഭുമി ജംഗ്ഷനടുത്തൈ ഫൽറ്റിലായിരുന്നു അന്ന് ഇവർ താമസിച്ചിരുന്നത്. ജൂവലറി ഉടമ ഫൽറ്റിലെത്തുമ്പോൾ മുറിയിൽ എയ്ഞ്ചലിനെക്കൂടാതെ മൂന്നു യുവാക്കളും രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു.

താൻ കുടുക്കിൽ പെട്ടെന്ന് മനസിലായതോടെ ഇവിടെ നിന്നു രക്ഷപ്പെടാൻ ജൂവലറി ഉടമ ശ്രമിച്ചെങ്കിലും ഇവർ അയാളെ കടന്നു പിടിച്ചു. കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്റെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ഒരുവിധത്തിലാണ് അന്നിയാൾ അവിടെ നിന്ന് രക്ഷപ്പെട്ടത്. പിറ്റേന്ന് കടതുറക്കാനെത്തിയ ഇയാളെ എതിരേറ്റേത് എയ്ഞ്ചലും കൂട്ടുകാരുമായിരുന്നു. ഒരുലക്ഷം രൂപ നൽകണമെന്നും ഇല്ലങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് സുഹൃത്തായ അജ്മലിനൊപ്പമൊത്തി നോർത്ത് സ്റ്റേഷനിൽ കടയുടമ പരാതി നൽകി. ഇത് മണത്തറിഞ്ഞ എയ്ഞ്ചലും കൂട്ടരും കടയുടമ തങ്ങളെ ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി ജനറൽ ആശുപത്രിൽ അഡ്‌മിറ്റായി. കൗണ്ടർ കേസിൽ പീഡനം ആരോപിച്ചതോടെ വാദി പ്രതിയായി.

തനിക്കെതിരെ പീഡനക്കേസ് മുറുകുമെന്നായപ്പോൾ ജൂവലറി ഉടമ ഇനി ഒന്നിനുമില്ലെന്നു പറഞ്ഞ് പിന്മാറി. ഇതിനു പിന്നിൽ കളിച്ചതാകട്ടെ ഒരു പ്രാദേശിക കോൺഗ്രസ് നേതാവും. ഇവരുടെ കെണിയിൽപ്പെട്ട മറ്റൊരാൾ ഒരു സമ്പന്ന കുടുംബത്തിലെ യുവാവായിരുന്നു. ഇയാളെ പ്രേമം നടിച്ചാണ് എയ്ഞ്ചൽ വീഴ്‌ത്തിയത്. ഇവരുടെ കെണിയിൽ നിന്നും രക്ഷപെടാൻ യുവാവ് ശ്രമിച്ചപ്പോഴെല്ലാം താൻ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുമെന്നും പൊലീസ് കേസിൽ കുടുക്കുമെന്നും എയ്ഞ്ചൽ ഭീഷണി മുഴക്കിയിരുന്നെന്നും അജ്മൽ പറയുന്നു. ഈ കേസും ഒതുക്കി തീർത്തുവെന്നാണ് സൂചന.