അടൂർ : ക്ഷേത്രമുറ്റത്ത് വച്ച് സുരേഷ് കുമാർ പ്രീതി വിവാഹം. കാർമികനായത് പള്ളി വികാരിയും. അങ്ങനെ മതസൗഹാർദ്ദത്തിന്റെ പുതിയ ചരിത്രം രചിച്ച് ചെങ്ങന്നൂർ പാണ്ടനാട് മുതവഴി കേളയിൽ പ്രീതി പ്രഭാകരനും നിരണം കടപ്ര ഇലഞ്ഞിമാംപള്ളത്ത് സുരേഷ് കുമാറും പുതു ജീവിതത്തിലേക്ക് കടന്നു. പള്ളി കമ്മറ്റിയംഗങ്ങളും ചടങ്ങിന് മുന്നിൽ നിന്നു.

കരുവാറ്റ സെന്റ്‌മേരീസ് ഓർത്തഡോക്‌സ് ദേവാലയ കമ്മിറ്റിയാണ് പള്ളിയുടെ ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി നിർദ്ദന യുവതിക്ക് മംഗല്യ ഭാഗ്യം ഒരുക്കിയത്. എസ്.എൻ.ഡി.പി യോഗം മിത്രപുരം ടി.കെ. മാധവ വിലാസം ശാഖയിലെ ഉദയഗിരി ക്ഷേത്രത്തിലായിരുന്നു മതസൗഹാർദ വിവാഹം നടന്നത്. വിവാഹത്തിന് പള്ളി വികാരി ഫാ. എസ്.വി. മാത്യൂ തുവയൂർ, ട്രസ്റ്റി പി.എം. ജോൺ, സെക്രട്ടറി സുനിൽ മൂലയിൽ ഉൾപ്പെടെയുള്ളവർ വധുവിന്റെ മാതാപിതാക്കൾക്കൊപ്പം ബന്ധുക്കളായി അണിനിരന്നു.

മകളെ വിവാഹം ചെയ്ത് അയയ്ക്കാൻ കഴിയാതെ വിഷമിച്ച രോഗികളായ മാതാപിതാക്കൾക്കാണ് പള്ളിക്കമറ്റിയുടെ തീരുമാനം തുണയായത്. തുടർന്ന് വരനെ കണ്ടെത്തിയതോടെ പള്ളിപെരുന്നാളിന്റെ കൊടിയേറ്റത്തോടനുബന്ധിച്ച് വിവാഹ തീയതിയും നിശ്ചയിച്ചു. ഹിന്ദുമതാചാര പ്രകാരം വിവാഹം നടക്കട്ടെയെന്ന് നിർദ്ദേശിച്ചതും പള്ളി കമ്മിറ്റിയാണ്. വിവാഹശേഷം കരുവാറ്റ പള്ളിയിലെത്തിയ വധൂവരന്മാരെ ഇടവകാംഗങ്ങൾ മാലയിട്ട് സ്വീകരിച്ചു.

ആശംസയും അനുഗ്രഹവും നൽകാൻ അടൂർ - കടമ്പനാട് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിയും എത്തി. സ്വീകരണത്തിന് ശേഷം പാരീഷ് ഹാളിൽ വധൂവരന്മാർക്കും ബന്ധുക്കൾക്കും ഇടവകാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കും വിവാഹസദ്യയും നൽകി. ദമ്പതികളുടെ പേരിൽ ഒരുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിനൊപ്പം ഒന്നര ലക്ഷം രൂപയുടെ സ്വർണം, വിവാഹ വസ്ത്രങ്ങൾ, സദ്യ എന്നിവയും നൽകി.