തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ക്യാമ്പിലേക്ക് ചേക്കേറാനൊരുങ്ങുന്ന ഒറ്റയാന്മാർക്ക് മുന്നിൽ നിബന്ധനകൾ വച്ച് നേതൃത്വം. പി.സി. ജോർജ്, പി.സി. തോമസ് തുടങ്ങി ഏക നേതാവിന്റെ വ്യക്തിപ്രഭാവത്തിൽ നിൽക്കുന്ന പാർട്ടികളെ മുന്നണിയിൽ ഘടകകക്ഷികളായി എടുക്കേണ്ടതില്ലെന്നും ഏതെങ്കിലും കക്ഷികളിൽ ലയിച്ച് അവർ മത്സരിക്കട്ടെയെന്നുമാണ് പൊതുധാരണ.

അതേസമയം എൻ.സി.പി. ഇടതുമുന്നണി വിട്ടുവന്നാലോ, അഥവാ പിളർന്ന് മാണി സി. കാപ്പന്റെ നേതൃത്വത്തിൽ ഒരു വിഭാഗം വന്നാലോ ഉൾക്കൊള്ളാൻ യു.ഡി.എഫ് നേതൃത്വം തയ്യാറുമാണ്. പാലായിൽ കേരള കോൺഗ്രസിനോട് പകരം വീട്ടാനുള്ള ഒരവസരമായാണ് യു.ഡി.എഫ്. ഇതിനെ കാണുന്നത്.

എൻഡിഎ വിട്ട കേരളാ കോൺഗ്രസ് പി സി തോമസ് പക്ഷവും പി.സി. ജോർജിന്റെ ജനപക്ഷവും യു.ഡി.എഫ് പ്രവേശനത്തിനുള്ള ശ്രമത്തിലാണ്. അനൗദ്യോഗികമായി ഇത് സംബന്ധിച്ച ആലോചനകൾ നടക്കുകയും ചെയ്തിരുന്നു. ജോർജിന്റെ കാര്യത്തിൽ കോട്ടയം ഡി.സി.സി.യിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വവും ജോർജിന്റെ പാർട്ടിയായ ജനപക്ഷത്തെ കൊണ്ടുവരുന്നതിനോട് യോജിക്കുന്നില്ല.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും പ്രധാനമാണെന്നിരിക്കെ, ജോർജിനെ ഒപ്പം കൂട്ടുന്നത് പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിൽ ഗുണം ചെയ്യുമെന്ന വിലയിരുത്തൽ യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. മകനെ ജില്ലാ പഞ്ചായത്തിലേക്ക് ജയിപ്പിച്ച് പി.സി. ജോർജ് ശക്തി തെളിയിക്കുകയും ചെയ്തിരുന്നു.

എൻ.ഡി.എയിൽ നിന്നകന്ന പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിനെയും കൂടുതൽ സീറ്റുകൾ വിട്ടുകൊടുത്ത് കക്ഷിയാക്കേണ്ടെന്നാണ് കോൺഗ്രസിലെ ധാരണ. ഇരുപാർട്ടികളും യു.ഡി.എഫിൽ നിലവിലുള്ള ഏതെങ്കിലും കക്ഷിയിൽ ലയിച്ചുവരുന്നതിനോടാണ് യുഡിഎഫ് നേതൃത്വത്തിന് താൽപര്യം.

അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി സീറ്റുകൾ സംബന്ധിച്ച ധാരണയിലെത്താൻ പി.സി. ജോർജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം ഉപസമിതി രൂപവത്കരിച്ചു. ചെയർമാൻ ഇ.കെ. ഹസൻകുട്ടി, എസ്. ഭാസ്‌കരപിള്ള, സെബാസ്റ്റ്യൻ ജോസഫ്, ഷൈജോ ഹസൻ, ഷോൺ ജോർജ് എന്നിവരാണ് അംഗങ്ങൾ.