തിരുവനന്തപുരം: അതിവേഗം ബഹുദൂരം എന്നതായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വികസന മുദ്രാവാക്യം. എന്നാൽ, മന്ത്രിമാർക്കെതിരായ കേസുകൾ അന്വേഷിക്കുന്ന കാര്യത്തിൽ ഒരു വേഗവും മുൻ മുഖ്യമന്ത്രിക്കുണ്ടായിരുന്നില്ല. അഴിമതിയോട് സമരസപ്പെടുന്ന ഈ സമീപനം കോൺഗ്രസിന്റെ പതനത്തിൽ കൊണ്ടുചെന്നെത്തിച്ചു. ജേക്കബ് തോമസ് എന്ന സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ കൈക്കൊണ്ട് നടപടികളെല്ലാം യുഡിഎഫിനെ വെട്ടിലാക്കി. പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ എത്തിയതോടെ വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റ ജേക്കബ് തോമസ് ക്രിയേറ്റീവ് വിജിലൻസായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. താൻ പറഞ്ഞത് വെറും വാക്കല്ലെന്ന് വ്യക്തമാക്കുന്ന നടപടിയുമായാണ് അദ്ദേഹം ഇപ്പോൾ മുന്നോട്ടു പോകുന്നത്.

ജേക്കബ് തോമസ് ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ മുന്നിൽ വന്ന സുപ്രധാനമായ രണ്ട് കേസുകളിൽ ഉടനടി നടപടി കൈക്കൊണ്ടാണ് ജേക്കബ് തോമസ് തന്നെ ശൈലി അതിവേഗമാണെന്ന് തെളിയിച്ചത്. മുൻസർക്കാറിന്റെ കാലത്തെ കടുംവെട്ടായ സന്തോഷ് മാധവന്റെ പുത്തൻവേലിക്കര ഭൂമിദാന കേസിൽ അടൂർ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കും എതിരെ കേസെടുത്തു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതിവേഗം തന്നെ ഇരുവരെയും പ്രതികളാക്കി വിജിലൻസ് കേസെടുക്കുകയായിരുന്നു. അടൂർ പ്രകാശ് ഒന്നാം പ്രതിയും കുഞ്ഞാലിക്കുട്ടി രണ്ടാം പ്രതിയുമാണ്. സാധാരണ അവസരങ്ങളിൽ മുന്മന്ത്രിമാർക്കെതിരെ എഫ്‌ഐആർ ഇടണമെങ്കിൽ വിജിലൻസ് ഒഴിവുകഴിവുകൾ പറഞ്ഞ് പോകുന്നിടത്താണ് അതിവേഗം പ്രതികളാക്കി ഫയൽ കോടതിയിൽ സമർപ്പിച്ചത്.

സന്തോഷ് മാധവൻ കേസിന് പുറമേ ഹൈക്കോടതി ജഡ്ജിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന വാർത്ത വന്നതിന് പിന്നാലെ ഇതിനെക്കുറിച്ചും അന്വേഷണത്തിന് ഉത്തരവിട്ട് ജേക്കബ് തോമസ് ക്രിയേറ്റീവ് വിജിലൻസ് എന്നാൽ എന്താണെന്ന് വ്യക്തമാക്കുക കൂടിയാണ് ചെയത്തത്. മൂവാറ്റുപുഴ സ്വർണക്കടത്ത് കേസിലെ പ്രതികൾ വൻതുക കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന ഹൈക്കോടതി ജഡ്ജി കെ.ടി.ശങ്കരന്റെ വെളിപ്പെടുത്തൽ വിജിലൻസ് എറണാകുളം സ്‌പെഷൽ സെൽ എസ്‌പി അന്വേഷിക്കുന്നത്. ജേക്കബ് തോമസിന്റെ നിർദേശപ്രകാരമാണ് ഉടനടി അന്വേഷണം നടത്താനൊരുങ്ങുന്നത്. ഈ സംഭവത്തിന് പിന്നിൽ പല വലിയ ഉന്നതരുമുണ്ടെന്ന കാര്യം വ്യക്തമായിരുന്നു.

കേസ് തിങ്കളാഴ്ച രാവിലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് കൈക്കൂലി വാഗ്ദാനം ചെയ്തതായി ജഡ്ജി വെളിപ്പെടുത്തിയത്. കേസിൽ അനുകൂല വിധിയുണ്ടാകാൻ ആദ്യ 25 ലക്ഷം രൂപയും വിധിവന്ന ശേഷം പറയുന്ന തുകയും നൽകാമെന്നാണ് പ്രതികൾ വാഗ്ദാനം ചെയ്തതെന്ന് ജഡ്ജി പറഞ്ഞു. ജസ്‌റീസുമാരായ കെ.ടി.ശങ്കരൻ, ഹരിപ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. കൈക്കൂലി വാഗ്ദാനം ലഭിച്ചുവെന്ന് അറിയിച്ച് കേസ് പരിഗണിക്കുന്നതിൽനിന്നു പിന്മാറുന്നതായും ജസ്‌റീസ് കെ.ടി.ശങ്കരൻ പറഞ്ഞു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മൂവാറ്റുപുഴ സ്വദേശി ജാഫറും കുടുംബവും ഉൾപ്പടെ എട്ട് പ്രതികളുള്ള സ്വർണക്കടത്ത് കേസാണിത്. യുഡിഎഫ് സർക്കാറിന്റെ കാലത്ത് സ്വർണ്ണക്കടത്തുകാരെ സംരക്ഷിക്കുന്നു എന്ന ആരോപണങ്ങൾ ശക്തമായിരുന്നു. എന്നാൽ, ഉന്നത സമ്മർദ്ദങ്ങളാൽ ഇതിലേക്കൊന്നും അന്വേഷണം പോയില്ല. ഇവിടെയാണ് ജേക്ക ബ് തോമസിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നത്. വിജിലൻസിന് സമ്പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പുനൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയും ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

ജേക്കബ് തോമസിന്റെ നിയമനത്തോടെ യുഡിഎഫ് കേന്ദ്രങ്ങളിലെ പലർക്കും ഉറക്കംപോയിട്ടുണ്ട്. യുഡിഎഫ് സർക്കാർ അപമാനിച്ച് വിട്ട ജേക്കബ് തോമസിന് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകുകവഴി അഴിമതിക്കെതിരായി പുതിയ പോർമുഖം തുറക്കുകയാണ് പിണറായി ചെയ്തത്. പൊതുസമൂഹത്തിന്റെ കയ്യടി ഏറ്റവും അധികം ലഭിച്ച തീരുമാനമാമായിരുന്നു ജേക്കബ് തോമസിന്റെ നിയമനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു, അടൂർ പ്രകാശ് തുടങ്ങിയവർക്ക് മാത്രമല്ല ജേക്കബ് തോമസിനെ ദ്രോഹിക്കാൻ കൂട്ടുനിന്ന മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും ജേക്കബ് തോമസിന്റെ സ്ഥാനാരോഹണം കനത്ത തിരിച്ചടിയാണ്. മുഖം നോക്കാതെ നിയമനം നടപ്പാക്കുന്ന ജേക്കബ് തോമസിന്റെ വലയിൽ പ്രമുഖരൊക്കെ കുടുങ്ങുമെന്നാണ് അറിയുന്നത്. അതിന്റെ ആദ്യ അവസരമാണ് സന്തോഷ് മാധവൻ ഭൂമി കേസിലൂടെ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

സത്യസന്ധമായ പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ തന്നെ വിജിലൻസിൽ ഉടൻതന്നെ ജേക്കബ് തോമസിന്റെ സഹായത്തിനായി സർക്കാർ നിയമിച്ചേക്കുകയും ചെയ്യും. കഴിഞ്ഞ സർക്കാറിനെ ഏറ്റവും അധികം വെട്ടിലാക്കിയത് അഴിമതിയാണെന്ന തിരിച്ചറിവിലാണ് സിപിഎമ്മും പിണറായിയും. അതുകൊണ്ട് തന്നെ മുഖം നോക്കാതെ ജേക്കബ് തോമസ് നടപടിയെടുക്കുന്നത് എൽഡിഎഫിന്റെ അഴിമതി വിരുദ്ധ നിലപാടിന് കൂടുതൽ കരുത്്തു പകരുമെന്നാണ് വിലയിരുത്തൽ.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതി സംബന്ധമായ അന്വേഷണങ്ങളിലും ഇപ്പോൾ ഇടതു സർക്കാർ വിജിലൻസ് അന്വേഷണത്തിന് വിടാൻ ഒരുങ്ങുന്ന മെത്രാൻ കായൽ അടക്കമുള്ള വിവാദ വിഷയങ്ങളിലും സമഗ്രമായ അന്വേഷണമാണ് ഇനി നടക്കുക. പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പോയിട്ട് പ്രതിരോധിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് ജേക്കബ് തോമസിന്റെ നടപടികളിയൂടെ നീങ്ങുമെന്നാണ് പൊതുവിലയിരുത്തൽ.

സന്തോഷ് മാധവന്റെ ബിനാമി കമ്പനിക്ക് ചട്ടം ലംഘിച്ച് സർക്കാർഭൂമി പതിച്ചുനൽകിയതിന് മുൻ മന്ത്രിമാരായ അടൂർ പ്രകാശ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്ക് പുറമേ സന്തോഷ് മാധവനെ മൂന്നാംപ്രതിയും ആർഎം ഇസഡ് ഇക്കോവേൾഡ് ഇൻഫ്രാസ്ട്രക്ചർ എംഡി എം ജയശങ്കർ നാലാംപ്രതിയുമാക്കിയാണ് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സ്‌പെഷ്യൽ യൂണിറ്റ് രണ്ട് ഡിവൈഎസ്‌പി അജിത്കുമാറാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അന്വേഷണ സംഘത്തെ അടുത്തദിവസം വിപുലീകരിക്കും. സമർത്ഥരായ ഉദ്യോഗസ്ഥരെ തന്നെ അന്വേഷണത്തിനായി നിയോഗിക്കും.

നേരത്തെ മന്ത്രിമാരെ കുറ്റമുക്തരാക്കി വിജിലൻസ് ഡയറക്ടറായിരുന്ന എൻ ശങ്കർറെഡ്ഡി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിജിലൻസ് നൽകിയ റിപ്പോർട്ടിൽ, അന്നത്തെ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഭൂമിദാനം സംബന്ധിച്ച വിഷയം മന്ത്രിസഭയിൽ ഔട്ട് ഓഫ് അജൻഡയായി അവതരിപ്പിച്ചതെന്നും വിവാദ ഉത്തരവ് സർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്നുമാണ് പറഞ്ഞത്. എന്നാൽ ഐടി, വ്യവസായ വകുപ്പുകൾക്കും വ്യവസായമന്ത്രിക്കും ഈ വിഷയത്തിൽ എന്താണ് പങ്കെന്ന് വിശദീകരിക്കാൻ കോടതി നിർദേശിച്ചു. ഇതനുസരിച്ച് പി കെ കുഞ്ഞാലിക്കുട്ടി, മുൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറി പി എച്ച് കുര്യൻ, മന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി പി വിജയകുമാരൻ എന്നിവരുടെ മൊഴിയെടുത്ത് പരിശോധിച്ച് വിജിലൻസ് അവരെ വെള്ളപൂശി അനുബന്ധ റിപ്പോർട്ടും നൽകി. ഈ റിപ്പോർട്ടുകൾ തള്ളിയാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. വിജിലൻസ് മേധാവി ഡോ. ജേക്കബ് തോമസിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി അജിത്കുമാറാണ് കേസ് അന്വേഷിക്കുന്നത്.

കോടതി നിർദേശപ്രകാരം വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസ് അന്വേഷണത്തിനായി തിരുവനന്തപുരം സ്‌പെഷ്യൽ യൂണിറ്റ് രണ്ടിനെ ചുമതലപ്പെടുത്തി. തുടർന്ന് ഡിവൈഎസ്‌പി കേസ് രജിസ്റ്റർചെയ്യുകയായിരുന്നു. ഭൂമിദാനത്തിനുപിന്നിൽ വിശ്വാസവഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും അധികാര ദുർവിനിയോഗവും നടന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഐപിസി 409, 120ബി, അഴിമതിനിരോധന നിയമത്തിലെ 13, 13(2), 15 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭായോഗത്തിലാണ് സന്തോഷ് മാധവന് ഭൂമിദാനം ചെയ്യാൻ തീരുമാനിച്ചത്. വ്യാജസന്യാസിയായ ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിക്കുകയാണ്. കുഞ്ഞാലിക്കുട്ടി നേരിട്ട് ഇടപെട്ടാണ് ഫയൽ മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിച്ചത്. ഒരു എതിർപ്പും ഉയർത്താതെ അടൂർ പ്രകാശ് അനുമതിയും നൽകി. ഇതോടെ നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം ലംഘിച്ച് ഭൂമി പതിച്ചുനൽകാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. വിവാദമായതോടെ തീരുമാനം സർക്കാർ റദ്ദാക്കി. എന്നാൽ, തീരുമാനം റദ്ദാക്കിയാലും കുറ്റം കുറ്റമല്ലാതാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. ജേക്കബ് തോമസിന്റെ മേൽനോട്ടം തന്നെയാകും കേസിൽ പ്രമുഖരായവരെ ഭയപ്പെടുത്തുന്നത്.