തൃശൂർ: തൃശൂർ കോർപറേഷനിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒരു വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. പ്രതിപക്ഷത്തെ ആറ് ബിജെപി കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതാണു കാരണം. പ്രമേയത്തെ അനുകൂലിച്ച് 24 പ്രതിപക്ഷ കൗൺസിലർമാർ വോട്ട് ചെയ്തപ്പോൾ പ്രതികൂലിച്ച് വോട്ട് ചെയ്തത് ഭരണപക്ഷത്തെ 25 കൗൺസിലർമാരാണ്.

തൃശ്ശൂർ കോർപ്പറേഷന്റെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്. അവിശ്വാസത്തിന് അനുമതി തേടുമ്പോൾ മുതൽ ബിജെപിയുടെ പിന്തുണ പ്രതീക്ഷിച്ച് മുന്നോട്ട് നീങ്ങിയ യുഡിഎഫിന് അടിപതറി. കോൺഗ്രസിന്റെ അമിത ആത്മവിശ്വാസത്തെ അവസാന നിമിഷം ബിജെപി നിഷ്‌കരുണം തള്ളി. അവിശ്വാസ പ്രമേയ ചർച്ചയിൽ പോലും ബിജെപി പങ്കെടുത്തില്ല.



നേരത്തെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും ബിജെപി കൗൺസിലർമാർ വിട്ടുനിൽക്കുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ പറഞ്ഞിരുന്നു. സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചയ്ക്കും പാർലമെന്ററി പാർട്ടി യോഗത്തിനും ശേഷമാണ് ഐകകണ്‌ഠ്യേനയുള്ള ബിജെപി തീരുമാനം.

ഇരുമുന്നണികളെയും പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കേണ്ടതില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. സിപിഎമ്മിനെ മാറ്റി കോൺഗ്രസിനെ കൊണ്ടുവരലും കോൺഗ്രസിനെ മാറ്റി സിപിഎമ്മിനെ കൊണ്ടുവരലും ബിജെപിയുടെ നയപരിപാടിയല്ല. രണ്ട് പാർട്ടികളുടേയും തെറ്റായ നിലപാടുകൾക്കെതിരെയുള്ള പോരാട്ടം തുടരും. ഭരണ അസ്ഥിരത ഉണ്ടാക്കാൻ ബിജെപി ആർക്കും പിന്തുണ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഈ നിലപാട് പിന്തുടരുന്നതുകൊണ്ടാണ് രണ്ട് മുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്ത ജില്ലയിലെ 21 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും ഭരണ സ്തംഭനം ഉണ്ടാകാത്തത്. ബിജെപി പാലിക്കുന്ന ഈ ജനാധിപത്യ മര്യാദ തിരുവില്വാമലയിൽ ഇടത്-വലത് മുന്നണികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇത് ജനാധിപത്യവിശ്വാസികൾ വിലയിരുത്തട്ടെയെന്നും അഡ്വ. കെ കെ അനീഷ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.

മേയർ എം.കെ. വർഗീസിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇടതുപക്ഷത്ത് നിന്നും ചിലരെ അടർത്തിയെടുക്കാനുള്ള കോൺഗ്രസിന്റെ ശ്രമവും ഫലംകണ്ടില്ല. 55 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 25, യുഡിഎഫ് 24 ബിജെപി 6 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസം പാസാകണമെങ്കിൽ 28 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു.

ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് തൃശൂർ കോർപറേഷൻ എൽഡിഎഫ് ഭരിക്കുന്നത്. സ്വതന്ത്രനായി മത്സരിച്ചു ജയിച്ച എം കെ വർഗീസിനു മേയർ സ്ഥാനം നൽകിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്.

ജില്ലാ കളക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് അവിശ്വാസ പ്രമേയം ചർച്ച ചെയ്തത്. ബിജെപിയുടെ ആറു കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത് സിപിഎമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇടതുഭരണസമിതിയുടെ വികസന പ്രവർത്തനത്തിൽ വിറളി പൂണ്ടാണ് കോൺഗ്രസ് അവിശ്വാസം കൊണ്ടു വന്നതെന്ന് മേയർ എം കെ വർഗീസ് പ്രതികരിച്ചു.