തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ രൂക്ഷമായി ആക്രമിക്കാൻ തന്നെയാണ് യുഡിഎഫ് നേതാക്കളുടെ നീക്കം. തെരഞ്ഞെടുപ്പ് വേദികളിലും പിണറായി വിജയനെതിരെ പ്രസംഗിക്കുന്നതിനേക്കാൾ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ ഉന്നം വെക്കുന്നത് വി എസ് അച്യുതാനന്ദനെയാണ്. അഴിമതിക്കാർക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാതെ പോരാടുന്ന വിഎസിനെ ഏതുവിധേനയും തോൽപ്പിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. ഇതിനായി പൊലീസ് സെൽ പ്രവർത്തിക്കുന്നു എന്ന വാർത്തയും ഇന്ന് പുറത്തുവന്നതോടെ വയോധികനായ അദ്ദേഹത്തെ എത്രത്തോളം നേതാക്കൾ ഭയപ്പെടുന്നുണ്ട് എന്നതിന്റെ തെളിവാണ്.

തെരഞ്ഞെടുപ്പ് വേദിയിൽ വി എസ് അച്യുതാനന്ദൻ നടത്തുന്ന പല പരാമർശങ്ങളും ജനങ്ങൾക്കിടയിലേക്ക് അതിവേഗത്തിൽ എത്തുന്നുണ്ട്. പലപ്പോഴും ഇതിന്റെ ആഘാതം കോൺഗ്രസ് നേതാക്കൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ അമുൽ ബേബിയെന്ന് വിളിച്ചതും കെ മുരളീധരനെ കിങ്ങിണിക്കുട്ടനാക്കിയുമൊക്കെയായിരുന്നു മുമ്പ് വി എസ് പ്രസംഗ വേദികളിൽ കത്തിക്കയറിയത്. ഇത്തവണ ഉമ്മൻ ചാണ്ടിയെ 'സോളാർ ചാണ്ടി' ആക്കിയാണ് വിഎസിന്റെ പ്രചരണം കൊഴുക്കുന്നത്. ഇങ്ങനെ കോൺഗ്രസ് നേതാക്കളെ കടന്നാക്രമിക്കുന്ന വി എസ് ശൈലിക്ക് തടയിടാൻ വേണ്ടിയാണ് ഉമ്മൻ ചാണ്ടി മാനനഷ്ട കേസുമായി രംഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണം കത്തിക്കയറുമ്പോൾ വി എസ് ഫുൾഫോമിലെത്തുമെന്ന് എൽഡിഎഫ് നേതാക്കളേക്കാൾ ഉറപ്പുള്ളത് യുഡിഎഫ് നേതാക്കൾക്കാണ്. അഴിമതി വിഷയം ഉയർത്തി തന്നെയാണ് വിഎസിന്റെ പ്രചരണം. ഉമ്മൻ ചാണ്ടിയെയും കൂട്ടരെയും ഏറ്റവും ഭയപ്പെടുത്തുന്നതും ഈ രീതിയിലുള്ള പ്രചരണമാണ്. അതുകൊണ്ട് തന്നെയാണ് പിണറായിയെ ആക്രമിക്കാതെ വിഎസിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടി സൈബർ ലോകത്തും വ്യാപകമായ തോതിലാണ് പ്രചരണം യുഡിഎഫ് നേതാക്കൽ നടത്തുന്നത്. എന്നാൽ, ആക്രമിക്കും തോറും വീര്യം കൂടുന്ന വിധത്തിലാണ് വി എസ് തെരഞ്ഞെടുപ്പ് രംഗത്ത് താരമായി മാറുന്നത്.

നേരത്തെ വി എസ് അച്യുതാനന്ദൻ പാർട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനിൽക്കുന്നുണ്ടെന്ന പിണറായി വിജയന്റെ പരാമർശത്തിന് എതിരായി വി എസ് രംഗത്തെത്തുമെന്ന് യുഡിഎഫ് നേതാക്കൾ പ്രതീക്ഷിച്ചിരുന്നു. ഇങ്ങനെ വരുമ്പോൾ അവസരം മുതലെടുക്കാമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തിയത്. എന്നാൽ, അതുണ്ടായില്ലെന്ന് മാത്രമല്ല, ഇതിനോട് പ്രതികാരിക്കാതിരുന്ന വി എസ് പിണറായിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ധർമ്മടത്തെത്തി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വലതു ക്യാമ്പ് പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാതെ പോയി. കൊലപാതക രാഷ്ട്രീയം പ്രചരണ വിഷയമാക്കാൻ ശ്രമിച്ചങ്കിലും അതു വേണ്ട വിധത്തിൽ ഫലിച്ചില്ല.

ഇപ്പോൾ തന്നെ അതിയായി വിമർശിച്ചവർക്ക് വേണ്ടി വി എസ് പ്രചരണത്തിന് എത്തിയിട്ടുണ്ട. എല്ലാവർക്കും വിഎസിന്റെ പോസ്റ്ററും ഫോട്ടോയും വേണമെന്നത് നിർബന്ധമായിരിക്കയാണ്. ഇതിനിടെ എൽഡിഎഫ് അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യം ചില യുഡിഎഫ് നേതാക്കൾ തന്നെ ഉന്നയിച്ചു. എന്നാൽ, ഇതേചോദ്യം എൽഡിഎഫും തിരിച്ചു ചോദിച്ചതോടെ ആ വഴിയും അടഞ്ഞിരിക്കയാണ്. നേരത്തെ വി എസ് പാർട്ടി വിരുദ്ധനെന്ന് അഭിപ്രായം പറഞ്ഞ പിണറായിക്കെതിെര അതിശക്തമായ വികാരം പാർ്ട്ടിക്കുള്ളിൽ നിന്നും ഉയർന്നിരുന്നു. പിണറായി കുറച്ചുകൂടി പക്വതയോടെ പ്രതികരിക്കേണ്ടതായിരുന്നെന്ന നിലപാട് ഒരുവിഭാഗം സിപിഐ(എം). നേതാക്കൾ പ്രകടിപ്പിച്ചിരുന്നു.

ഇപ്പോഴത്തെ നിലയിൽ തെരഞ്ഞെുപ്പ് പ്രചരണം കൊഴുക്കുമ്പോൾ പ്രതിപക്ഷ നേതാവിനെ ആക്രമിച്ചില്ലെങ്കിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നാണ് യുഡിഎഫ് വിലയിരുത്തൽ. അതുകൊണ്ടാണ് വിഎസിനെതിരെ ശക്തമായി രംഗത്തെത്തുന്നത്. കോൺഗ്രസിന് വേണ്ടി എ കെ ആന്റണിയെ കളത്തിലിറക്കാനാണ് നീക്കം. ആന്റണി കൂടി പ്രചാരണത്തിന് എത്തുമ്പോൾ വിഎസിനെ പ്രതിരോധിക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ, മുമ്പ് വിഎസിൽ നിന്നും ആന്റണിക്കും കടുത്ത പ്രതികരണം നേരിടേണ്ടി വന്നിരുന്നു. അരുവിക്കര തെരഞ്ഞെടുപ്പിന്റെ വേളയിൽ ആറാട്ടുമുണ്ടെന്നെന്ന് പറഞ്ഞു കൊണ്ടായിരുന്നു ആന്റണിയെ വി എസ് നേരിട്ടത്.

വിഎസിനെ മുന്നിൽ നിർത്തി എൽഡിഎഫ് പ്രചരണം കൊഴുക്കുമ്പോൾ അഴിമതിയിലേക്ക് തന്നെ ശ്രദ്ധവരുമെന്നാണ് പൊതുവിലയിരുത്തൽ. വി എസ് പ്രസംഗിക്കുന്ന വേദിയിലെല്ലാം അഴിമതിയാണ് പ്രചരണ വിഷയമാക്കുന്നതും. ദേശീയനേതാക്കൾ കേരളത്തിലേക്ക് എത്താൻ ഒരുങ്ങുകയാണ്. പ്രചരണ പരിപാടികൾക്കായി പ്രധാനമന്ത്രിയും ബിജെപി അദ്ധ്യക്ഷനും പുറമേ കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുൽ, സിപിഐ(എം) നേതാക്കൾ സീതാറാം യെച്ചൂരി പ്രകാശ്കാരാട്ട് എന്നിവർക്ക് പുറമേ മണിക് സർക്കാരും കേരളത്തിൽ എത്തുന്നുണ്ട്. അടുത്ത മാസം കേരളത്തിൽ ആറു ജില്ലകളിൽ പ്രചരണത്തിനായി നരേന്ദ്രമോദി എത്തുന്നുണ്ട്. 12 ജില്ലകളിൽ ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ പ്രചരണത്തിന് എത്തും. തൃശൂരും തിരുവനന്തപുരത്തുമാണ് സോണിയാഗാന്ധി എത്തുന്നത്.

അടുത്ത മാസം 12 ന് എത്തുന്ന രാഹുൽഗാന്ധി ഒട്ടേറെ മണ്ഡലങ്ങളിൽ പര്യടനം നടത്തുമ്പോൾ എല്ലാ ജില്ലകളിലും എ കെ ആന്റണി യുഡിഎഫ് പ്രചരണത്തിനിറങ്ങുന്നുണ്ട്. ഗുലാംനബി ആസാദ് ഉൾപ്പെടെ ഏകദേശം 40 ലധികം നേതാക്കളെയാണ് കോൺഗ്രസ് പ്രചരണത്തിനായി സംസ്ഥാനത്ത് ഇറക്കുന്നത്. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ബൃന്ദാകാരാട്ടും ത്രിപുരാമുഖ്യമന്ത്രി മണിക് സർക്കാരും കനയ്യാകുമാർ വരെ ഇടതു സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി എത്തുന്നുണ്ട്.