കാസർകോട്: ഉദുമയിൽ വീട്ടമ്മയെ 18 പേർ ബ്ലാക്മെയിൽ ചെയ്ത് പീഡിപ്പിച്ച പ്രമാദമായ കേസിൽ വഴിത്തിരിവ്. പീഡിപ്പിച്ചുവെന്ന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ യുവാക്കളെ തട്ടിക്കൊണ്ട് പോയി മൃഗീയമായി മർദ്ദിച്ച കേസിൽ പ്രതികളാക്കപ്പെട്ടവരാണ് യുവതിയുടെ പുതിയ പരാതിയിൽ പീഡന കേസിൽ അകപ്പെട്ടത്. 18 പേർ ചേർന്ന് പീഡിപ്പിച്ചുവെന്ന് നേരത്തെ കേസ് നൽകിയ ഉദുമയിലെ 25കാരിയായ യുവതിയുടെ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

2020 സെപ്റ്റംബറിലാണ് ഭർത്താവിന്റെ സുഹൃത്തുക്കളായ 18 പേർ ബ്ലാക്മെയിൽ ചെയ്ത് പീഡിപ്പിച്ചു എന്ന് പറഞ്ഞ് യുവതി പൊലീസിനെ ആദ്യം സമീപിച്ചത്. ഈ കേസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും യുവതിയോടൊപ്പം ഉള്ളവരെ ചോദ്യം ചെയ്യണമെന്ന് അന്നുതന്നെ ആവശ്യം ഉയർന്നതാണ്. യുവതിയുടെ പരാതിയെ തുടർന്ന് കേസിൽ കുറ്റം ആരോപിക്കപ്പെട്ട ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾക്ക് കാസർകോട് ജില്ലാ കോടതി ആദ്യഘട്ടത്തിൽ തന്നെ ജാമ്യം അനുവദിച്ചിരുന്നു.

ഹൈക്കോടതി കണ്ണൂർ ഡിഐജിയുടെയും കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെയും മേൽനോട്ടത്തിൽ ഡി വൈ എസ് പി പ്രേമരാജിന്റെ നേതൃത്യത്തിൽ കണ്ണൂരിലെ ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ കേസന്വേഷണ ചുമതലയും നൽകിയിരുന്നു . ക്രൈംബ്രാഞ്ചിന്റെ പുതിയ അന്വേഷണ സംഘത്തിന് യുവതി നൽകിയ മൊഴിയിലാണ് ഭർത്താവിന്റെ ബന്ധുക്കളായ രണ്ട് യുവാക്കളും പീഡിപ്പിച്ചതായി മൊഴി നൽകിയത്. ഈ മൊഴി ബേക്കൽ പൊലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. നേരത്തെ യുവതിയെ പീഡിപ്പിച്ചു എന്ന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളെ തട്ടിക്കൊണ്ട് പോയി മൃഗീയമായി മർദ്ദിച്ച കേസിൽ യുവതിയുടെ ഭർത്താവിനൊപ്പം കൂട്ടുപ്രതികളാക്കപ്പെട്ടവരാണ് പുതിയ കേസിൽ അകപ്പെട്ടത്.

ഭർത്താവിന്റെ സുഹൃത്തും നാല് യുവാക്കളും യുവതിയെ നാല് മാസക്കാലം മാറി മാറി പീഡിപ്പിച്ചതായാണ് യുവതി ആദ്യം നൽകിയ പരാതി. സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അടക്കം അഞ്ച് പേർക്കെതിരെയാണ് 2020 സപ്തംബറിൽ ബേക്കൽ പൊലീസ് കേസെടുത്തത്.യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം രഹസ്യമായി മൊബൈലിൽ പകർത്തിയ യുവാവ് ദൃശ്യം മറ്റ് സുഹൃത്തുകൾക്ക് അയച്ചു കൊടുത്താണ് പീഡനം തുടർന്നതെന്നായിരുന്നു യുവതിയുടെ മൊഴി.

ഗൾഫിലായിരുന്ന ഭർത്താവ് വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയതോടെ ഭാര്യ വിവരം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവും ബന്ധുക്കളായ യുവാക്കളും സുഹൃത്തിന്റെ കൈ കാലുകൾ തല്ലിയൊടിച്ചിരുന്നു. ഈ സംഭവത്തിൽ ഭർത്താവിനും ഇയാളുടെ കൂട്ടാളിയായ ആറു പേർക്കുമെതിരെയും ബേക്കൽ പൊലീസ് കേസെടുത്തതിന്ന് പിന്നാലെയാണ് യുവതി പീഡന ആരോപണവുമായി രംഗത്ത് വന്നത്. ഈ അക്രമ സംഭവത്തിൽ നേരത്തെ ചാരായ കേസുമായി ബന്ധപ്പെട്ടുള സ്ത്രീയും ഉൾപ്പെട്ടിരുന്നു. ഗൾഫിലുള്ള ഭർത്താവിന് ദൃശ്യങ്ങൾ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നാല് മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചതെന്നും ഇനി ഉപദ്രവിച്ചാൽ എല്ലാവരുടെയും പേരെഴുതി വെച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കിയതോടെയാണ് പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നുമാണ് യുവതി നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിരുന്നത്.

അതേസമയം യുവതിയുടെ ഭർത്താവ് കേസിൽ ആരോപണവിധേയനായ സുഹൃത്തായ മുഖ്യപ്രതിയുടെ കൈയിൽ നിന്നും ലക്ഷങ്ങൾ കടമായി വാങ്ങിയ വിവരവും പുറത്തുവന്നിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ചില പ്രതികൾ രാജ്യത്ത് തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളതും പാസ്പോർട് പരിശോധനയിലൂടെ വ്യക്തമായതാണ്. പീഡന കേസിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ഭീഷണിപ്പെടുത്തി പണം വാങ്ങിക്കാനുള്ള ശ്രമം പാളിപോയതാണ് പീഡന കേസിലെക്ക് എത്തിയതെന്നും പൊലീസിന് തുടക്കത്തിൽ തന്നെ സംശയം ഉണ്ടായിരുന്നു .

പതിനെട്ടോളം യുവാക്കളാണ് ഈ കേസിൽ കുരുക്കിൽ അകപ്പെട്ടിരിക്കുന്നത്. പീഡനവിവരം പുറത്ത് വന്നതോടുകൂടി ഉറപ്പിച്ചു വച്ചിരുന്ന യുവാക്കളുടെയും യുവാക്കളുടെ സഹോദരിമാരുടെയും പല കല്യാണങ്ങൾ മുടങ്ങിയിരുന്നു. തങ്ങൾ നിരപരാധികളാണെന്ന് വ്യക്തമാക്കി മാധ്യമങ്ങൾക്ക് മുന്നിലും ഇവർ വന്നിരുന്നു. ഉദുമ പീഡന കേസ് ഇപ്പോൾ പ്രതിചേർക്കപ്പെട്ടവർ നടത്തിയ ഗൂഢാലോചനയാണെന്നും ഇവരെ ഉടൻ പിടികൂടി ചോദ്യം ചെയ്യണമെന്നും നേരത്തെ ആരോപണവിധേയവർ ആവശ്യപ്പെട്ടു.