കോട്ടയം: സംസ്ഥാനത്താദ്യമായി രഹസ്യാന്വേഷണവിഭാഗത്തിലും വനിതാ സാന്നിധ്യം. മൂന്ന് ദിവസത്തെ പരിശീലനത്തിനുശേഷം തിടനാട് സ്റ്റേഷൻ പരിധിയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥയായി ഉജ്ജ്വല ഭാസി ചുമതലയേറ്റു. ഈ പദവിയിൽ എത്തുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ് അവർ.

വെള്ളിയാഴ്ച കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി. അനീഷ് വി.കോരയുടെ കീഴിൽ ഉജ്ജ്വല ചുമതലയേറ്റു. പാലാ പൊലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്നു ഉജ്വല ഭാസി. സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഒരു സ്റ്റേഷൻ പരിധിയിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായി ചുമതലയേൽക്കുന്നത്.

19 വർഷമായി പൊലീസിൽ ജോലി ചെയ്യുന്ന ഉജ്വല ഭാസി വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി പാലാ പൊലീസ് സ്റ്റേഷനിലായിരുന്നു. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയാണ്. ഇനിയും വനിതകൾക്ക് രഹസ്യാന്വേഷണ വിഭാഗത്തിൽ അവസരം നൽകാനാണ് പൊലീസ് തീരുമാനം.

വകുപ്പിലെ എല്ലാ വിഭാഗത്തിലും ജോലി ചെയ്യാൻ തയ്യാറാണെന്ന് ഉജ്ജ്വല പറഞ്ഞു. ഇതുവരെ പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലി ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും തന്റെ 19 വർഷത്തെ ജോലിയോടുള്ള ആത്മാർഥതയ്ക്ക് കിട്ടിയ അംഗീകാരമാണ് ഈ ഉത്തരവാദിത്വമെന്ന് കരുതുന്നെന്നും ഉജ്ജ്വല പറഞ്ഞു.

തന്റെ പ്രവർത്തനത്തെ ആശ്രയിച്ചാണ് വകുപ്പിലെ മറ്റ് വനിതകൾക്കും ഈ മേഖലയിലേക്ക് കടന്നുവരാനുള്ള അവസരമുണ്ടാകുകയെന്ന് കരുതുന്നു. ഇത് വലിയ ഉത്തരവാദിത്വമായി കാണുന്നുവെന്നും അവർ പറയുന്നു. പാലാ പൊലീസ് സ്റ്റേഷനിൽ സഹപ്രവർത്തകർ ഉജ്വലയ്ക്ക് യാത്രയയപ്പ് നൽകിയിരുന്നു. എസ്. എച്ച്. ഓ കെ.പി. ടോംസൺ അദ്ധ്യക്ഷത വഹിച്ചു. എസ്. ഐ. എം.ഡി. അഭിലാഷ് സംസാരിച്ചു.

പാലാ, ഈരാറ്റുപേട്ട, തിടനാട്, എരുമേലി എന്നീ സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ്: അനീഷ് പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. കോളേജ് ഉദ്യോഗസ്ഥനാണ്. വിദ്യാർത്ഥികളായ പവൻ, കിഷൻ എന്നിവരാണ് മക്കൾ.