ബ്രെക്‌സിറ്റിന് ശേഷം ലോകത്തിൽ ബ്രിട്ടന്റെ നില നിരർത്ഥകമായിത്തീരുമെന്നും പല വിധത്തിലുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പുമായി പ്രമുഖ പൊളിറ്റിക്കൽ മാഗസിനായ പൊളിറ്റിക്‌സ്ഫസ്റ്റിന്റെ എഡിറ്ററായ ഡോ. മാർകസ് പാപഡോപൗലോസ് രംഗത്തെത്തി. ബ്രിട്ടനെ വെട്ടി ഇന്ത്യയുമായും ചൈനയുമായും ഒരേ സമയം വ്യാപാര ബന്ധം ഉറപ്പിച്ച് മെർകലിന്റെ നയതന്ത്ര വിജയത്തിന് ശേഷമാണ് മാർകസ് ഈ മുന്നറിയിപ്പുയർത്തിയിരിക്കുന്നതെന്നത് അത്യന്തം ഗൗരവമർഹിക്കുന്നു. മെർകലിന്റെ ഈ നീക്കം ബ്രിട്ടന് കനത്ത തിരിച്ചടിയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടന്റെ നില ലോകത്തിന്റെ നേതൃസ്ഥാനത്തേക്കുയരുമെന്ന ബ്രെക്‌സിറ്റ് വാദികളുടെ അവകാശവാദത്തിന് കനത്ത തിരിച്ചടി നൽകുന്ന മുന്നറിയിപ്പാണ് മാർകസ് ഉയർത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനപ്പെട്ട കമ്പനികളെയെല്ലാം യുകെ വിട്ട് പോകാൻ പ്രേരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ ഇപ്പോൾ തന്നെ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് ബ്ലൂംബെർഗ് അസെറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ മാർകസ് മുന്നറിയിപ്പേകുന്നത്. വളർന്ന് വരുന്ന രണ്ട് സമ്പദ് വ്യവസ്ഥകളായ ഇന്ത്യയുമായും ചൈനയുമായും യൂറോപ്യൻ യൂണിയന്റെ വ്യാപാര ബന്ധങ്ങൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ആഴ്ച ഏയ്‌ജെല മെർകൽ ഇരു രാജ്യങ്ങളിലെയും നയതന്ത്രജ്ഞന്മാരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

ബ്രെക്‌സിറ്റിന് ശേഷം ഇന്ത്യയുമായും ചൈനയുമായും മുമ്പില്ലാത്ത വിധത്തിലുള്ള വ്യാപാരബന്ധങ്ങൾ വളർത്തിയെടുക്കാൻ ബ്രിട്ടൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കവെയാണ് ഇതിനെ കടത്തി വെട്ടി മെർകൽ മുന്നേറിയിരിക്കുന്നത്. ബ്രെക്‌സിറ്റിന് ശേഷം യുകെയുമായുള്ള ഫ്രീ ട്രേഡ് അവസാനിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറെടുക്കുകയാണെന്നും അത് ബ്രിട്ടന് കനത്ത തിരിച്ചടിയേകുമെന്നും നഷ്ടമുണ്ടാക്കുമെന്നും മാർകസ് മുന്നറിയിപ്പേകുന്നു. ജൂൺ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനം സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടി വോട്ട് ചെയ്യുമെന്നും ഇത് ബ്രെക്‌സിറ്റ് ഇലക്ഷനാണെന്നും മാർകസ് പറയുന്നു. 

നല്ലൊരു ഡീൽ ലഭിച്ചില്ലെങ്കിൽ ഡീലൊന്നുമില്ലാതെ യൂണിയൻ വിട്ട് പോകുമെന്ന തെരേസയുടെ പ്രഖ്യാപനത്തോടും മാർകസ് കനത്ത വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. ഇത് അത്യന്തം ദോഷകരമായ അവസ്ഥയായിരിക്കും ബ്രിട്ടന് പ്രദാനം ചെയ്യുകയെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. നിലവിലെ അവസ്ഥയിൽ ബ്രിട്ടനിലെ വിവിധ വ്യവസായങ്ങൾ കനത്ത ആശങ്കയിലാണെന്നും ബ്രിട്ടന് സിംഗിൾ മാർക്കറ്റ് നിഷേധിക്കപ്പെടുമെന്ന ദുരന്ത സത്യം നിരവധി ബിസിനസുകൾ തിരിച്ചറിയുന്നുണ്ടെന്നും ബ്ലൂംബെർഗ് അസെറ്റ് ടിവി കമന്റേറ്റർ പ്രസ്തുത പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുമായുണ്ടാക്കുന്ന ബൃഹത്തായ ഒരു ഫ്രീ ട്രേഡ് ഡീലിനെക്കുറിച്ചുള്ള പ്രഖ്യാപനം യുറോപ്യൻ യൂണിയൻ ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.