യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാനൊരുങ്ങുന്ന ബ്രിട്ടൻ പുതിയ പങ്കാളികളെ തേടുന്ന കാലമാണിപ്പോൾ. പ്രതിരോധത്തിന്റെയും വാണിജ്യത്തിന്റെയും മേഖലകളിൽ ഇന്ത്യയുമായി പുതിയ സഹകരണം കെട്ടിപ്പടുക്കാനാണ് ബ്രിട്ടന്റെ ശ്രമം. തെരേസ മേയുടെ ഇന്ത്യ സന്ദർശനവും അതിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ, പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി ഹാരിയറ്റ് ബാൾഡ്‌വിന്നും 20 അംഗ സംഘവും നാളെ ന്യൂഡൽഹിയിലെത്തും.

വ്യാവസയിക-പ്രതിരോധ-സാമ്പത്തിക സഹകരണം ശക്തമാക്കുകയാണ് ഹാരിയേറ്റിന്റെ സന്ദർശനോദ്ദേശ്യം. ബ്രിട്ടനിലെ 20 പ്രധാന കമ്പനികളുടെ പ്രതിനിധികളാണ് സംഘത്തി ലുള്ളത്. നാളെമുതൽ ബെംഗളൂരുവിലെ ലെലഹങ്ക വ്യോമസേനാ താവളത്തിൽ ആരംഭിക്കുന്ന വ്യോമസേനാ പ്രദർശനമായ എയറോ ഇന്ത്യ 2017 പ്രദർശനം ബ്രിട്ടീഷ് സംഘം കാണും. വ്യോമ പ്രതിരോധ രംഗത്തെയും വ്യോമയാന രംഗത്തെയും സുരക്ഷയുമായും മറ്റും ബന്ധമുള്ള അത്യാധുനിക സാങ്കേതിക വിദ്യയുടെ പ്രദർശനമാകും ബെംഗളൂരുവിൽ നടക്കുക. ഈ രംഗത്ത് ഇരുരാജ്യങ്ങൾക്കും ദീർഘകാലാടിസ്ഥാനത്തിൽ യോജിച്ച് പോകാവുന്ന മേഖലകൾ കണ്ടെത്തുകയും അത്തരം മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുകയുമാണ് ബ്രിട്ടീഷ് സംഘത്തിന്റെ ലക്ഷ്യം.

ബ്രിട്ടനും ഇന്ത്യയ്ക്കും പ്രതിരോധമേഖലയിൽ ഏറെ സഹകരിക്കാനാവുമെന്ന് ഹാരിയറ്റ് പറഞ്ഞു. സാങ്കേതികതാ കൈമാറ്റത്തിലും നിർമ്മാണമേഖലയിലും സഹകരിക്കാനാവും. പരിശീലനത്തിലും ഗവേഷണത്തിലും ഇനിയുമേറെ മുന്നോട്ടുപോകാനാവുമെന്നും തന്റെ സന്ദർശനം കൊണ്ട് അത്തരം കാര്യങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ബ്രെക്‌സിറ്റ് അനന്തര ബ്രിട്ടന്റെ മുഖ്യപങ്കാളികളിലൊന്നായി ഇന്ത്യ മാറുമെന്ന സൂചനകളാണ് എവിടെയും. ബക്കിങ്ങാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞി സംഘടിപ്പിക്കുന്ന യുകെ-ഇന്ത്യ കൾച്ചറൽ ഫെസ്റ്റിവലും സഹകരണത്തിന്റെ പുതിയ പാതയായി വിലയിരുത്തപ്പെടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിൽ ഈ ഉത്സവം നിർണാകമാകുമെന്നാണ് സൂചന.

ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേലടക്കമുള്ള പ്രമുഖർ ഫെബ്രുവരി 27-ന് നടക്കുന്ന കൾച്ചറൽ ഫെസ്റ്റിവലിൽ പങ്കെടുക്കും. ഫെസ്റ്റിവലിനെക്കുറിച്ച് വിശദീകരിക്കാനുള്ള ചുമതലയും പ്രീതി പട്ടേലിനായിരുന്നു. ഇന്ത്യയിൽനിന്നും പ്രധാനപ്പെട്ട കാബിനറ്റ് മന്ത്രിമാർ ഉത്സവത്തിനെത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 2017-ലെ യുകെ-ഇന്ത്യ കൾച്ചറൽ ഇയറായാണ് ബ്രിട്ടൻ കൊണ്ടാടുന്നത്. ഇരുരാജ്യങ്ങളിൽനിന്നുമുള്ള നൂറുകണക്കിന് വിശിഷ്ടാതിഥികളും കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമാകും.

കൾച്ചറൽ ഇയറിന്റെ ഭാഗമായി ഇരുരാജ്യങ്ങൾക്കുമിടയിൽ കലാ, സാംസ്‌കാരിക രംഗത്തെ സഹകരണവും മെച്ചപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. വർഷത്തിലുടനീളം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വിനിമയ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ദരിദ്രരെ സഹായിക്കാൻ പുതിയ പുനുദ്ധാരണ പാക്കേജുകൾ ആലോചിക്കുമെന്നും ഫെസ്റ്റിവലിനെക്കുറിച്ച് വിവരിച്ചുകൊണ്ട് പ്രീതി പട്ടേൽ പറഞ്ഞു.