ലണ്ടൻ: ഞങ്ങൾക്ക് നിങ്ങൾ തരുന്ന പണം എന്നത് കടല മിഠായി വാങ്ങാൻ ഉള്ളതായെ തോന്നുന്നുള്ളൂവെന്നു ഏതാനും വർഷം മുൻപ് ധനമന്ത്രി ആയിരുന്ന പ്രണബ് കുമാർ മുഖർജി ബ്രിട്ടന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ ഓരോ ഭാരതീയന്റെയും ദേശീയതയാണ് ആ വാക്കുകളിൽ നിറഞ്ഞത്. എന്നാൽ സാധാരണ നിലയിൽ ഇന്ത്യയിൽ സംഭവിക്കാവുന്ന കാര്യങ്ങളെ പ്രണബിന്റെ വീറുറ്റ വാക്കുകൾ പുറത്തു വന്ന ശേഷവും സാമൂഹിക രംഗത്ത് പ്രകടമായിട്ടുള്ളൂ എന്നതാണ് വസ്തുത. ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദാരിദ്ര്യം അകറ്റാൻ ബ്രിട്ടൻ നൽകിയിരുന്ന 2000 കോടി രൂപയുടെ സ്ഥാനത്ത് ഇന്ത്യ ചെലവിടുന്നത് 75000 കോടി രൂപ ആണെന്ന വസ്തുത മുന്നിൽ വച്ചാണ് പ്രണബ് മുഖർജി അന്ന് ഈ തുറന്നടിക്കൾ നടത്തിയത്.

എന്നാൽ ബ്രിട്ടീഷ് ധനസഹായം മുൻപ് വ്യക്തമാക്കിയിരുന്നത് പോലെ രണ്ടു മാസം കൂടി പിന്നിട്ടാൽ ഈ വർഷാവസാനത്തോടെ നിലയ്ക്കുകയാണ്. ഇതോടെ ബ്രിട്ടീഷ് ധനസഹായത്തെ ആശ്രയിച്ചിരുന്ന 100 കണക്കിന് സ്വയം സഹായ സംഘങ്ങളും മറ്റു എൻജിഒ ഗ്രൂപ്പുകളും ഒക്കെ ആശങ്കയിലാണ്. പ്രണബ് മുഖർജി പറഞ്ഞ പോലെ തുകയുടെ വലിപ്പത്തിന്റെ കാര്യത്തിൽ ശരിയായിരിക്കാം പീ നട്ട് മണി തന്നെയാണ് ബ്രിട്ടീഷ് ധനസഹായം എന്നിരിക്കെ അത് എത്തേണ്ടവരിൽ പൂർണ്ണമായും തന്നെ എത്തിയിരുന്നു എന്നതാണ് വസ്തുത. എന്നാൽ ഇന്ത്യ ബ്രിട്ടൺ നൽകിയിരുന്നതിന്റെ അനേകായിരം ഇരട്ടി ഗ്രാമങ്ങളിൽ പട്ടിണി മാറ്റാനായും മറ്റും ചെലവിടുന്നുണ്ടെങ്കിലും ഇടത്തട്ടുകാരിൽ നിന്നും പണം കൈമറിഞ്ഞ് ഉപയോക്താവിൽ എത്തുമ്പോൾ നാലിലൊന്ന് പോലും ബാക്കി ഉണ്ടാവില്ല എന്നതാണ് സത്യം.

ഈ യഥാർത്ഥ്യം പങ്കു വച്ചാണ് ഇന്ത്യയിലെ വിവിധ എൻജിഒ സംഘടനകൾ ഇപ്പോൾ തങ്ങളുടെ ഭാവി തന്നെ അപ്രസക്തം ആക്കുന്ന തരത്തിൽ വളരുന്ന സാഹചര്യത്തെ നേരിടുവാൻ ഒരുങ്ങുന്നത്. ഇതേ ആശങ്ക ഇരു പക്ഷത്തെയും ബുദ്ധി ജീവികൾ ഉയർത്താനും തുടങ്ങിയിട്ടുണ്ട്. മാദ്ധ്യമങ്ങളും പൊടുന്നനെ ബ്രിട്ടന്റെ ഇന്ത്യ സഹായ പദ്ധതി നിലച്ചാൽ രൂപം കൊള്ളുന്ന വൈതരണികൾ എടുത്തു കാട്ടുന്നുണ്ട്. ദിവസം ശരാശരി 100 രൂപ പോലും വേതനമായി കണ്ടെത്താൻ കഴിയാത്ത 300 മില്ല്യൻ ആളുകളാണ് ഇന്ത്യൻ ദാരിദ്ര്യത്തിന്റെ യഥാർത്ഥ മുഖഛായ ആയി മാറുന്നത്.

ഇന്ത്യ മംഗളയാൻ പദ്ധതിക്ക് വേണ്ടി കോപ്പ് കൂട്ടുന്ന വേളയിലാണ് ബ്രിട്ടൻ ധനസഹായം നൽകുന്നതിനെ ചൊല്ലി പ്രധാനമായും ബ്രിട്ടനിലെ ടോറി എം പിമാരുടെ നേതൃത്വത്തിൽ എതിർപ്പിന്റെ സ്വരം ഉയരുന്നത്. പിന്നീട് അത് ഏറ്റുപിടിക്കാൻ ഭരണ, പ്രതിപക്ഷങ്ങൾ ഒന്നിച്ചു. ആവശ്യത്തിനു ഹരം പിടിപ്പിക്കുവാൻ മാദ്ധ്യമങ്ങളും ഒപ്പം കൂടി. ഇതോടെ ഇന്ത്യയ്ക്കുള്ള സഹായം നിർത്തലാക്കുകയാണ് എന്ന് കാമറോൺ സർക്കാർ പ്രഖ്യാപിക്കുക ആയിരുന്നു. ഇതേ ചൊല്ലി ഇരു ഭാഗവും ഏറ്റുമുട്ടിയപ്പോഴാണ് ബ്രിട്ടൺ നൽകുന്ന പണം ഇന്ത്യയെ സംബന്ധിച്ച് പീ നട്ടു മണി ആണെന്ന ഉശിരൻ മറുപടി പ്രണബ് മുഖർജി നൽകിയത്. ഇത് ബ്രിട്ടണിലെ പത്രങ്ങളിലും വമ്പൻ തലക്കെട്ടായി മാറി. എന്നാൽ ബ്രിട്ടന്റെ ധനസഹായം ഇല്ലാതാകുന്നത് ഉടനടി പുറമെയ്‌ക്ക് ബോധ്യപ്പെട്ടിട്ടില്ലെങ്കിലും നാലോ അഞ്ചോ വർഷം കൊണ്ട് പല സാമൂഹ്യ സേവന പദ്ധതികളുടെയും പ്രവർത്തനം ഇല്ലാതാക്കാൻ കാരണമാകും എന്നാണ് ഇന്ത്യയിലെ വിവിധ എൻജിഒകൾ ഭയപ്പെടുന്നത്.

ഏറ്റവും പുതിയ ബജറ്റ് വിഹിത പ്രകാരം 74299 കോടി രൂപയുടെ വാർഷിക ബജറ്റാണ് ഇന്ത്യ സാമൂഹ്യ സേവനത്തിനായി മാറ്റി വയ്ക്കുന്നത്. ഈ തുകയുമായി തട്ടിക്കുമ്പോൾ ബ്രിട്ടൺ നൽകിയിരുന്ന 2000 കോടി രൂപ പീ നട്ടു മണി ആണെങ്കിലും വിവിധ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ 100 കണക്കിന് സ്ത്രീ ഗ്രൂപ്പുകളുടെ ജീവ വായു കൂടി ആയിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം, റോഡു നിർമ്മാണം, കുടിവെള്ളം, പുതിയ വീടുകളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് ഈ പണം വിനിയോഗിക്കപ്പെട്ടിരുന്നത്. ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുന്നിൽ സാമ്പത്തികമായി മുന്നേറുന്ന രാജ്യം ആണെങ്കിലും ഇപ്പോഴും പട്ടിണി അതിന്റെ സകല രൂക്ഷതയും പ്രകടിപ്പിക്കുന്ന അനേകായിരം ഗ്രാമങ്ങൾ ആണ് ബ്രിട്ടന്റെ സഹായം ഇല്ലാതാകുന്നതോടെ കൂടുതൽ ദുരിതം പേറുകയെന്നു സേവ് ചിൽഡ്രൻ പ്രവർത്തകർ പറയുന്നു. സഹായ ധനം സംബന്ധിച്ച് ഇനിയൊരു പുനരവലോകനം അസാധ്യം ആണെങ്കിലും അനേകം ബ്രിട്ടീഷ് ചാരിറ്റി പ്രവർത്തകർ ഇപ്പോഴും ഇന്ത്യയിൽ സഹായം എത്തിക്കാൻ താൽപ്പര്യം കാട്ടുന്നുണ്ട്.

കണക്കുകൾക്ക് മുൻപിൽ പലവട്ടം ഞെട്ടാനുള്ള അവസരമാണ് ഇന്ത്യയുടെ ദാരിദ്ര്യ മുഖം കാട്ടി തരുന്നത്. ഇപ്പോഴും പോഷകാഹാര കുറവിൽ വലയുന്ന കുട്ടികളിൽ ലോകത്തെ 40% പേരും ഇന്ത്യയിൽ തന്നെയാണ്. വാർഷിക വളർച്ച 7% പിന്നിടുന്ന ഒരു രാജ്യത്ത് പദ്ധതികൾ നടപ്പാക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്ത്യയുടെ ദാരിദ്ര്യ മുഖം. ബ്രിട്ടനേക്കൾ കൂടുതൽ ബില്ല്യനേഴ്‌സുകൾ ഉള്ള രാജ്യം എന്ന നിലയിൽ പരിഗണിക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക മുഖത്തിന് തിളക്കം ഏറെയാണ് എങ്കിലും ദാരിദ്ര്യത്തിന്റെ ദയനീയത വ്യക്തമാക്കുന്ന കാഴ്ചകളിൽ കാര്യങ്ങൾ ഒട്ടും ശുഭകരമല്ല ഇപ്പോഴും. നവജാത ശിശുക്കളിൽ ഓരോ വർഷവും 13 ലക്ഷം കുഞ്ഞുങ്ങൾ വയറിളക്കം, ന്യൂമോണിയ, മലേറിയ എന്നിവ ബാധിച്ചു മരിക്കുന്നു എന്ന കണക്കിന് മുന്നിൽ ശുചിത്വ രഹിത ഇന്ത്യയുടെ മുഖമാണ് ദൃശ്യമാകുന്നത്.

യഥാർത്ഥ്യങ്ങളുടെ കടല മണികൾ ഇങ്ങനെ ഇപ്പോഴും ലോകത്തിന് മുന്നിൽ അനാവൃതം ആയിരിക്കെ ശതകോടികൾ അഴിമതിയുടെയും ധൂർത്തിന്റെയും പേരിൽ ഒഴുകി പോകുന്നതാണ് ഇന്ത്യയുടെ ശാപം. പ്രത്യേകിച്ചും സാമൂഹിക ക്ഷേമ പദ്ധതികൾക്കായി ചെലവിടേണ്ട പണം ആരോരും അറിയാതെ അർഹത ഉള്ളവരുടെ കൈകളിൽ ചെല്ലാതെ, ഒലിച്ചു പോകുമ്പോൾ ദയനീയതുയുടെ കണ്ണീർ വറ്റിയ വിറളി വെളുത്ത പട്ടിണി പേക്കോലങ്ങൾ ഓരോ ഇന്ത്യക്കാരെയും നോക്കി മൗനമായി ചോദിക്കില്ലേ, എവിടെ ഒരു നേരത്തെ ഭക്ഷണം, എവിടെ നാണം മറയ്ക്കാൻ അൽപ്പം വസ്ത്രം തുടങ്ങിയ ചോദ്യങ്ങൾ? സമ്പത്തും പ്രൗഢിയും കാട്ടി ലോകത്തിന് മുന്നിൽ പ്രതാപം പരത്തുമ്പോൾ ഈ ചോദ്യങ്ങൾ ഉയർത്തുന്ന ദാരിദ്ര്യ നാരായണന്മാരുടെ കണ്ണുകളിലെ ദയനീയത ലോക മനസാക്ഷിക്ക് മുന്നിൽ കൂരമ്പുകളായി തറയ്ക്കുകയാണ്.