- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശികല ടീച്ചർക്ക് യുകെ വിസ നിഷേധിച്ചതിന് പിന്നിൽ ഒരു ഹിന്ദുവും ഒരുപിടി മുസ്ലീങ്ങളും കുറേ ക്രിസ്ത്യാനികളുമോ? ബ്രിട്ടണിലെ ആദ്യ ഹിന്ദു പരിഷത്ത് പൊളിച്ചതാണെന്ന ആരോപണവുമായി യുടൂബിൽ എൻ ഗോപാലകൃഷ്ണൻ
ലണ്ടൻ: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ബ്രിട്ടണിൽ നടത്താനിരുന്ന ആദ്യ ഹിന്ദു പരിഷത്ത് മാറ്റി വയ്ക്കപ്പെട്ട സംഭവം വൻ വിവാദമാകുന്നു. ശശികല ടീച്ചർക്കും എൻ. ഗോപാലകൃഷ്ണനും വിസ നിഷേധിക്കപ്പെട്ട സംഭാവത്തെ തുടർന്ന് ബ്രിട്ടൺ മലയാളികൾക്കിടയിൽ കടുത്ത ഭിന്നത രൂപപ്പെട്ടു. കുറച്ച് മൂസ്ലീമുകളും ഒരു സംഘം ക്രിസ്ത്യാനികളും ചേർന്ന് ഹിന്ദുവിന
ലണ്ടൻ: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ബ്രിട്ടണിൽ നടത്താനിരുന്ന ആദ്യ ഹിന്ദു പരിഷത്ത് മാറ്റി വയ്ക്കപ്പെട്ട സംഭവം വൻ വിവാദമാകുന്നു. ശശികല ടീച്ചർക്കും എൻ. ഗോപാലകൃഷ്ണനും വിസ നിഷേധിക്കപ്പെട്ട സംഭാവത്തെ തുടർന്ന് ബ്രിട്ടൺ മലയാളികൾക്കിടയിൽ കടുത്ത ഭിന്നത രൂപപ്പെട്ടു. കുറച്ച് മൂസ്ലീമുകളും ഒരു സംഘം ക്രിസ്ത്യാനികളും ചേർന്ന് ഹിന്ദുവിനെ തകർക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന എൻ. ഗോപാലകൃഷ്ണൻ തന്നെ രംഗത്തെത്തിയതാണ് തർക്കം മൂർച്ഛിക്കാൻ കാരണമായത്.
ക്രോയിഡോണിലെ തന്നെ ഒരു മലയാളിയുടെ പേരെടുത്ത് പറഞ്ഞതും 85 പേരുടെ പേര് വിളിച്ച് പറഞ്ഞുമാണ് എൻ. ഗോപാലകൃഷ്ണൻ വീഡിയോ പ്രഭാഷണം നടത്തിയത്. തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചുമായി ഒട്ടേറെ സംവാദങ്ങൾ രൂപപ്പെട്ടു തുടങ്ങി. ശശികല ടീച്ചറുടെ സാന്നിദ്ധ്യത്തെ കുറിച്ച് സൂചിപ്പിക്കാതെയുള്ള എൻ. ഗോപാലകൃഷ്ണന്റെ പ്രഭാഷണം ലണ്ടനിലെ ഹിന്ദുക്കൾക്കിടയിൽ വൻ വികാരം സൃഷ്ടിച്ചു കഴിഞ്ഞു. ശിവസേന - ബിജെപി ഹിന്ദു ഐക്യ മുന്നണി അനുഭാവികളായ അനേകം പേർ ഇന്നലെ യോഗം ചേർന്ന് ഭാവി പരിപാടികൾ ആലോചിച്ചു.
ഇന്നലെ നടക്കേണ്ടിയിരുന്ന ഹിന്ദു മഹാപരിഷത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കേണ്ടി ഇരുന്നതാണ് ശശികലയും ഡോ. എൻ ഗോപാലകൃഷ്ണനും. എന്നാൽ ഇരുവർക്കും ബ്രിട്ടനിലെത്താൻ വിസ നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായിട്ടാണ് ഇന്നലെ ഡോ. എൻ ഗോപാലകൃഷ്ണൻ യൂട്യുബിൽ തന്റെ അഭിപ്രായവും പ്രതിഷേധവും അറിയിച്ചുകൊണ്ടുള്ള വീഡിയോ അപ്ലോഡ് ചെയ്തത്.
ക്രോയിഡോണിലുള്ള ഒരു മലയാളി സമുദായ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശശികലയ്ക്കും തനിക്കും വിസ കിട്ടാതിരിക്കാൻ ശ്രമിച്ചതെന്നാണ് ഡോ. എൻ ഗോപാലകൃഷ്ണൻ വീഡിയോയിൽ ആരോപിക്കുന്നത്. സാമുദായിക ലഹള ഉണ്ടാകുമെന്ന് പറഞ്ഞാണ് കുറച്ച് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചേർന്ന് ആദ്യ ഹിന്ദു പരിഷത്ത് പൊളിച്ചതത്രേ. നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഇരുവർക്കും ഹോം ഓഫീസ് വിസ നിഷേധിച്ചത് എന്നാണ് സൂചന. പരിഷത്ത് പൊളിക്കണമെന്ന ഉദ്ദേശത്തോടെ പരിഷത്തിന് വേദിയായി തെരെഞ്ഞെടുത്തിരുന്ന സ്‌കൂളിലേക്കും മലയാളി സമുദായ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകൾ കയറി ഇറങ്ങി ഒപ്പുകൾ ശേഖരിച്ച് ഒരു മെമൊറാണ്ടം സമർപ്പിച്ചത്രേ. ഇതൊടെ സ്‌കൂളുകാരും പരിഷത്തിനായി വേദി വിട്ടുകൊടുക്കാതെ വരികയായിരുന്നു. ഇതാണ് ഇത്രയും പ്രശ്‌നങ്ങൾ അത്രയും ഉണ്ടാക്കിയെന്ന് എൻ ഗോപാലകൃഷ്ണന് വീഡിയോയിൽ പറയുന്നു. എന്നാൽ ഗോപാലകൃണൻ കുറ്റം ആരോപിക്കുന്ന ക്രോയിഡോണിലെ സാമുദായിക നേതാവ് ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്. താൻ ആരോരും ഒപ്പു വാങ്ങുകയൊ മെമോറാണ്ടം സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു.
ശശികല ടീച്ചറെ ക്ഷണിക്കാനുള്ള ഒരു സംഘത്തിന്റെ ശ്രമത്തിനെതിരെ ഹിന്ദു സമുദായത്തിൽ തന്നെ ഭിന്നത രൂക്ഷമായിരുന്നു. ആദ്യ ഘട്ടത്തിൽ അതിശക്തമായി വളർന്ന ഹിന്ദു സമാജത്തിനും ഈ നീക്കം തിരിച്ചടി ആയിരുന്നു. ശശികല ടീച്ചർക്കും ഡോ. ഗോപാലകൃഷ്ണനും വിസ നിരസിച്ചതോടെ ഇന്നലെ നടത്താനിരുന്ന യുകെയിലെ ആദ്യ ഹിന്ദു മത പരിഷത്ത് മാറ്റി വച്ചതായി സംഘാടകർ അറിയിക്കുകയായിരുന്നു. വിസ നിഷേധിക്കാൻ കാരണമായ പരാതികൾ അയച്ചവരെ എല്ലാം കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി ചിലർ രംഗത്തുണ്ട് എന്നതും ശ്രദ്ധേയമാണ്.
തുടങ്ങിയപ്പോൾ സമൂഹം ഒന്നായി പിന്തുണച്ചിരുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദി പിന്നീട് വർഗ്ഗീയ ചേരി തിരിവിന്റെ സ്വരം ഉയർത്തിയതോടെ ഹൈന്ദവ സമൂഹത്തിൽ നിന്ന് തന്നെ പ്രതിഷേധം ഏറ്റുവാങ്ങുക ആയിരുന്നു. ഇതിനിടയിൽ ആദ്യ ഹിന്ദു പരിഷത്തിൽ കേരളത്തിലെ ഹിന്ദു മത പ്രചാരക ശശികല ടീച്ചറെ മുഖ്യ അതിഥി ആക്കാനുള്ള തീരുമാനം വ്യാപക എതിർപ്പ് ക്ഷണിച്ചു വരുത്തുക ആയിരുന്നു. സോഷ്യൽ മീഡിയ അടക്കം ശക്തമായി എതിർപ്പ് ഉയർത്തിയെങ്കിലും സംഘാടകർ പ്രഖ്യാപിച്ച പരിപാടിയുമായി മുന്നോട്ടു നീങ്ങുക ആയിരുന്നു. എന്നാൽ ശശികലയെ എത്തിക്കാനുള്ള നീക്കം സംഘാടകർ ഉപേക്ഷിക്കുന്നില്ലെന്നു വ്യക്തമാക്കിയപ്പോൾ ക്രോയിഡോൺ കേന്ദ്രീകരിച്ചു ഒരു സംഘം ആളുകൾ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, ഹോം സെക്രട്ടറി തെരേസ മേ, ഹോം ഓഫീസ്, ബോർഡർ ഏജൻസി, പരിപാടി നടക്കാനിരുന്ന ക്രോയിഡോൺ ലങ്ഗ് ഫ്രാക് സ്‌കൂൾ അധികൃതർ, ലണ്ടനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകുക ആയിരുന്നു.
വീടുകൾ കയറി ഇറങ്ങി നൂറിലേറെ ഒപ്പുകൾ ശേഖരിച്ചാണ് പരാതി നൽകിയത് എന്നത് ഗൗരവം വർദ്ധിക്കാൻ ഇടയാക്കി. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്ന ശശികലയുടെ യൂട്യുബ് പ്രസംഗം അടക്കം ഉള്ളവയുടെ പരിഭാഷ സഹിതമാണ് പരാതി നൽകിയത്. പരാതിയിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം മറുപടി നൽകുകയും ചെയ്തിരുന്നു. യു കെ മലയാളികളെ ലക്ഷ്യമിട്ട് അനേകം മത പ്രചാരകർ എത്തുന്നുണ്ടെങ്കിലും മറ്റു മതങ്ങളെ ആക്ഷേപിക്കുന്ന വിധം ആര് സംസാരിച്ചാലും ഇത്തരം പരാതികൾ ഉയർന്നാൽ ബ്രിട്ടീഷ് സർക്കാർ നോക്കിയിരിക്കില്ല എന്നതിന് കൂടി ഉദാഹരണം ആകുകയാണ് ശശികല സംഭവം. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന നേതാക്കൾ കൂടുതൽ മുൻ കരുതൽ സ്വീകരിക്കെണ്ടിയിരിക്കുന്നു എന്നതിന് തെളിവാകുകയാണ് സകീർ നായിക്, ശശികല എന്നിവരുടെ സന്ദർശനം തടയപ്പെട്ടത്. സാധാരണ ഗതിയിൽ 10 വർഷത്തേക്ക് ഇത്തരം അപേക്ഷകൾ ഹോം ഓഫിസ് പരിഗണിക്കാറില്ലെങ്കിലും ചിലരുടെ കാര്യത്തിൽ ആജീവനാന്ത വിലക്കും ഉണ്ടാകാറുണ്ട്.
അതെ സമയം ശശികലക്ക് ആദ്യം വിസ അനുവദിച്ച ശേഷം പിന്നീടു ചെന്നൈയിലെ എംബസി അധികൃതർ തിരിച്ചെടുക്കുക ആയിരുന്നു എന്നറിയുന്നു. ഇതോടെ ശശികലക്ക് ഭാവിയിലും ബ്രിട്ടൺ സന്ദർശിക്കാൻ പ്രയാസം നേരിടേണ്ടി വരും. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും പുതിയ വിസ ലഭിക്കാൻ ശശികലക്ക് ഇത് പ്രയാസം സൃഷ്ടിക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതെ സമയം ലണ്ടൻ ഹിന്ദു ഐക്യ വേദി അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിച്ചലിച്ചതോടെ സഹകരണം അവസാനിപ്പിക്കുക ആയിരുന്നു എന്ന് പരാതി നൽകുവാനും ഒപ്പ് ശേഖരണം നടത്തുവാനും മുന്നിട്ടിരങ്ങിയവർ പറയുന്നു. തുടക്കത്തിൽ ക്രോയിഡോൺ കേന്ദ്രമാക്കി മലയാളികൾക്കായി ഒരു ക്ഷേത്രം എന്ന ആശയം മുന്നോട്ടു വച്ച ഹിന്ദു ഐക്യ വേദി മാസം തോറും ഉള്ള പ്രാർത്ഥന ചടങ്ങുകൾ വഴി അതിവേഗം ഹിന്ദു കൂട്ടായ്മയുടെ മുഖമായി മാറുക ആയിരുന്നു.
എന്നാൽ മാറ്റിവയ്ക്കപ്പെട്ട ഹിന്ദുപരിഷത്ത് പിന്നീട് നടത്തുമെന്നാണ് ഹിന്ദു ഐക്യ വേദി പ്രവർത്തകർ പറയുന്നത്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും എന്ന് എവിടെയും തൊടാതെയുള്ള ഒഴുക്കാൻ മറുപടിയാണ് പരിപാടിയിൽ പങ്കെടുക്കാൻ സകല ഒരുക്കവും പൂർത്തിയാക്കിയ വിവിധ ഹിന്ദു സമാജം പ്രവർത്തകർക്കും ഹിന്ദു ഐക്യ വേദി നൽകിയിരിക്കുന്നത്.