ലണ്ടൻ: ബ്രിട്ടനിലെ ആരോഗ്യസംരക്ഷണം പോലും അവതാളതത്തിൽനിൽക്കുമ്പോഴും, ബ്രിട്ടീഷ് നികുതി ദായകരുടെ പണം ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളിലെ മധ്യവർഗക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. ചൈനയിൽ റെസ്‌റ്റോറന്റ് ശൃംഖലയും പഞ്ചനക്ഷത്ര ഹോട്ടലുകളും ഓൺലൈൻ ഗാംബ്ലിങ് വെബ്‌സൈറ്റുകളും ഷോപ്പിങ് മാളുകളും മറ്റും നിർമ്മിക്കാൻ ബ്രിട്ടീഷ് സർക്കാരിന്റെ ദാരിദ്ര്യ നിർമ്മാർജന ഫണ്ട് ഉപയോഗിക്കുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്.

ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനായി എന്നപേരിലാണ് ഈ ഫണ്ടിന് രൂപം കൊടുത്തിട്ടുള്ളത്. ഈ രാജ്യങ്ങളിലെ നിർമ്മാണ പ്രവർത്തികൾക്ക് സഹായം നൽകി അവിടെ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം. എന്നാൽ, ഈ ഫണ്ടിന്റെ യഥാർഥ ഉപയോക്താക്കൾ പാവപ്പെട്ടവരല്ലെന്നും മധ്യവർഗക്കാരാണെന്നും ടൈംസ് നടത്തിയ അന്വേഷണം തെളിയിക്കുന്നു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റർനാഷണൽ ഡവലപ്‌മെന്റിലൂടെയാണ് ഈ ഫണ്ടിന്റെ വിതരണം. സിഡിസി ഗ്രൂപ്പ് മുഖേന നേരത്തെ ഒന്നര ബില്യൺ പൗണ്ടായിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാൽ, ഇന്റർനാഷണൽ ഡവലപ്‌മെന്റ് സെക്രട്ടറി പ്രീതി പട്ടേൽ കൂടുതൽ പദ്ധതികളിലേക്ക് പണം ചെലവഴിക്കുന്നതിന് ഈ തുക നാലിരട്ടിയായി വർധിച്ച് ആറ് ബില്യൺ പൗണ്ടാക്കി. എന്നാൽ, ദാരിദ്ര്യ നിർമ്മാർജന ഫണ്ടിനെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണിതെന്ന വിമർശനവും ഇതോടെയുണ്ടായി.

2012 മുതൽക്കാണ് ഈ ഫണ്ട് വികസ്വര രാജ്യങ്ങളിലെ പദ്ധതികൾക്ക് ഈ ഫണ്ടിൽനിന്ന് തുക ചെലവഴിച്ചുതുടങ്ങിയത്. നൈജീരിയയിൽ വലിയ ഷോപ്പിങ് മാളുകൾക്കാമ് തുക ഉപയോഗിക്കുന്നത്. ഈജിപ്തിൽ ഐഫോണുകളും ടിവികളും വിൽക്കുന്ന ഇലക്ട്രോണിക് സ്‌റ്റോറുകളുടെ ശൃംഖല തുടങ്ങുന്നതിനാണ് ഇതുപയോഗിക്കുന്നത്. പാക്കിസ്ഥാനിലാകട്ടെ ഓൺലൈൻ സ്‌റ്റോറായ ആമസോണിന്റെ പാക് മാതൃകയായ ഡാറാസിനുവേണ്ടിയും ഫണ്ട് ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയിൽ ഓൺലൈൻ ഫാഷൻ റീട്ടെയിലറായ ജബോങ് ഇത്തരത്തിലുള്ള ധനസഹായത്തിലാണ് പ്രവർത്തിക്കുന്നത്. ഡാറാസും ജബോങ്ങും ചേർന്ന് 3.2 കോടി പൗണ്ടിന്റെ സഹായമാണ് ഇതുവരെ നേടിയത്. ഇന്ത്യയിലും വിയറ്റ്‌നാമിലും പെറുവിലും ചൈനയിലും ഹോട്ടൽ ശൃംഖല സ്ഥാപിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കുന്നു. കെനിയയിലെ നെയ്‌റോബിയിലും വൻകിട നിർമ്മാണ പ്രവർത്തനങ്ങൾക്കായും ദാരിദ്ര്യ നിർമ്മാർജന ഫണ്ട് ഉപയോഗിക്കുന്നു. ലോകത്തെ വികസിത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തുക മറ്റു രാജ്യങ്ങളെ സഹായിക്കാൻ ചെലവിടുന്നത് ബ്രിട്ടനാണെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പദ്ധതിയുടെ പ്രചാരണത്തിന് വൻതുക കൊടുത്ത് ബിബിസിയിലെയും ചാനൽ ഫോറിലെയും അവതാരകരെ ഉപയോഗിച്ച് പരിപാടികൾ സംഘടിപ്പിച്ചതും വിവാദമായിടിട്ടുണ്ട്. 2014-ൽ ചാനൽ ഫോർ വാർത്താ അവതാരകൻ കൃഷ്ണൻ ഗുരു മൂർത്തിക്ക് 26,000 പൗണ്ടും ബിബിസി അവതാരക സെയ്‌നാബ് ബദാവിക്ക് 14,00 പൗണ്ടുമാണ് ഇത്തരത്തിൽ നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. സ്വന്തമായി ബഹിരാകാശ പദ്ധതികൾ പോലുമുള്ള എണ്ണസമ്പുഷ്ടമായ നൈജീരിയയ്ക്ക് ഇത്തരം ധനസഹായം നൽകിയതിനെക്കുറിച്ചും വിമർശനമുയരുന്നുണ്ട്.