- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുദ്ധിയുള്ള റോബോട്ട് മനുഷ്യന് എന്ത് സഹായം ചെയ്യും? മാസങ്ങൾക്കുമുമ്പ് ഇംഗ്ലണ്ടിലെത്തിയ കലാമിന്റെ ചോദ്യത്തിൽ പകച്ച് ശാസ്ത്ര സംഘം; ഓർമ്മകളുമായി മലയാളി പ്രൊഫ. സേതു വിജയകുമാർ
ലണ്ടൻ: റോബോട്ടുകൾ മനുഷ്യന് നൽകുന്ന സഹായത്തെ കുറിച്ച് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. എന്നാൽ ബുദ്ധി ലഭിച്ച, സ്വയം പ്രവർത്തിക്കാൻ കഴിയുന്ന റോബോട്ടുകൾ മനുഷ്യന്റെ മുഴുവൻ ആജ്ഞകളും നിറവേറ്റുമോ അതോ അവ മനുഷ്യനെ നിയന്ത്രിക്കുമോ എന്ന കലാമിന്റെ ചോദ്യം അക്ഷരാർഥത്തിൽ ബ്രിട്ടനിലെ പ്രശസ്തമായ എഡിൻബറോ സർവ്വകലാശാലയിലെ റോബോട്ടിക് വിഭാഗം ശാസ്
ലണ്ടൻ: റോബോട്ടുകൾ മനുഷ്യന് നൽകുന്ന സഹായത്തെ കുറിച്ച് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. എന്നാൽ ബുദ്ധി ലഭിച്ച, സ്വയം പ്രവർത്തിക്കാൻ കഴിയുന്ന റോബോട്ടുകൾ മനുഷ്യന്റെ മുഴുവൻ ആജ്ഞകളും നിറവേറ്റുമോ അതോ അവ മനുഷ്യനെ നിയന്ത്രിക്കുമോ എന്ന കലാമിന്റെ ചോദ്യം അക്ഷരാർഥത്തിൽ ബ്രിട്ടനിലെ പ്രശസ്തമായ എഡിൻബറോ സർവ്വകലാശാലയിലെ റോബോട്ടിക് വിഭാഗം ശാസ്ത്രജ്ഞരെ വെള്ളം കുടിപ്പിച്ചു.
സർവ്വകലാശാലയിൽ റോബോട്ടിക് വിഭാഗം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുകയും ബുദ്ധിയുള്ള റോബോട്ടിനെ സൃഷ്ടിക്കുന്നതിൽ മുഖ്യ ചുമതലയുമുള്ള ആലുവക്കാരൻ പ്രൊഫസർ സേതു വിജയകുമാർ യൂണിവേഴ്‌സിറ്റി നൽകിയ ഡോക്ടറേറ്റ് ബിരുദം സ്വീകരിക്കാൻ എത്തിയ കലാമിന്റെ ഔത്സുക്യം നിറഞ്ഞ ചോദ്യങ്ങളിൽ ആദ്യം പതറിയെങ്കിലും പിന്നീട് അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങൾ തന്നെ നൽകുന്നതിൽ വിജയിക്കുകയായിരുന്നു.
കലാമിന്റെ അന്നത്തെ ചോദ്യം ശാസ്ത്രജ്ഞ സംഘം അതീവ ഗൗരവത്തിൽ എടുത്തില്ലെങ്കിലും ഈ മാസം ആദ്യം ജർമ്മനിയിലെ ഫോക്‌സ്‌വാഗാൻ കാർ നിർമ്മാണ കമ്പനിയിൽ ഒരു റോബോട്ട് 22 കാരനായ യുവാവിനെ കൊലപ്പെടുത്തിയതോടെ ലോകം മുഴുവൻ ഈ ചോദ്യം ചോദിച്ചു തുടങ്ങിയിരിക്കുകയാണ്. കണ്ടു പിടുത്തങ്ങളിൽ മാനുഷിക നന്മക്ക് കൂടുതൽ പ്രാധാന്യം വേണം എന്ന് കരുതിയിരുന്ന കലാമിന്റെ ദീർഘവീക്ഷണം അപാരം തന്നെയെന്ന് ആലുവയിൽ അവധിക്കാലം ചെലവഴിക്കാൻ എത്തിയ പ്രൊഫ. സേതു വിജയകുമാർ ഇന്നലെ മറുനാടൻ മലയാളിയുമായി നടത്തിയ ലഘു സംഭാഷണത്തിൽ വ്യക്തമാക്കി.
നാല് ദിവസം നീണ്ട സന്ദർശനത്തിൽ അദ്ദേഹത്തെ കണ്ടവരുടെയെല്ലാം മനസ്സും കീഴടക്കിയാണ് കലാം മടങ്ങിയതെന്ന് പ്രൊഫ. സേതു ഓർമ്മിക്കുന്നു. സന്ദർശന സമയത്തും ഇന്ത്യൻ ഭക്ഷണ രീതികൾ പിന്തുടർന്ന അദ്ദേഹം ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുന്ന വിധം പോലും ജീവനക്കാരെ ബോധ്യപ്പെടുത്തിയത് നിറമുള്ള ഓർമ്മകളായി സേതുവിന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. ഒരു കൊച്ചു കുട്ടിയുടെ കൗതുകമാണ് റോബോട്ടുകളെ നിർമ്മിക്കുന്ന സർവ്വകാലാശാലയിലെ സ്‌കൂൾ ഓഫ് ഇൻഫോമാറ്റിക്‌സിൽ എത്തിയപ്പോൾ കലാമിൽ ഉണ്ടായിരുന്നത്. ഈ വിഭാഗത്തിന്റെ ചുമതലക്കാരൻ ഒരു ഇന്ത്യക്കാരൻ കൂടി ആയതോടെ കലാമിലെ ചോദ്യകർത്താവായ കുട്ടി ഉണരുകയായിരുന്നു.
മെഷീനിന്റെ പ്രവർത്തനവും സാങ്കേതിക വിദ്യയും അടക്കമുള്ള കാര്യങ്ങൾ പ്രൊഫ. സേതുവിൽ നിന്നും മനസ്സിലാക്കിയ കലാമിന്റെ ഒരു ചോദ്യത്തിന് മുന്നിൽ അൽപ്പം വിഷമിച്ചതായി അദ്ദേഹം ഓർക്കുന്നു. ഈ റോബോട്ടുകൾ മനുഷ്യ നന്മയ്ക്കായി ഏതു വിധം പ്രയോജനപ്പെടും, സ്വയം ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്നവ ഒരിക്കൽ മനുഷ്യ നിർദ്ദേശങ്ങൾ ലംഘിച്ചാൽ എന്ത് സംഭവിക്കും തുടങ്ങിയ കലാമിന്റെ കൂർമ്മ ബുദ്ധിയിൽ നിറഞ്ഞ ചോദ്യങ്ങൾക്ക് ശാസ്ത്ര വിശദീകരണം എളുപ്പമായിരുന്നില്ല എന്ന് സേതു വിജയകുമാർ വിശദമാക്കുന്നു.
എന്നാൽ സേതുവിനെ വെറുതെ വിടാൻ കലാം തയ്യാറായിരുന്നില്ല. ഡൽഹിയിൽ മടങ്ങി എത്തിയ അദ്ദേഹം പ്രൊഫ. സേതുവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. അങ്ങനെ കലാമിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ റീ ഇഗ്‌നൈറ്റ് എന്ന പുസ്തകത്തിൽ നാലഞ്ച് പേജുകൾ പ്രൊഫ. സേതുവിൽ നിന്ന് സമാഹരിച്ച അറിവുകൾക്കായി കലാം നീക്കി വയ്ക്കുക ആയിരുന്നു. പുസ്തകത്തിന്റെ പ്രധാന ഭാഗങ്ങളിൽ റോബോട്ടുകളുടെ സാങ്കേതിക വിദ്യയെ പറ്റി വിശദമായി തന്നെ കലാം പറഞ്ഞു പോകുന്നുണ്ട്. ഇക്കാരണത്താൽ തന്നെ ബ്രിട്ടൻ സന്ദർശനം അദ്ദേഹം ഒരു മുതൽക്കൂട്ടായി മാറ്റുക ആയിരുന്നു. അവസാന സമയം സന്തത സഹചാരി ആയി മാറിയ ശ്രീജൻ പാൽ സിങ് കൂടി പങ്കാളി ആയി എഴുതിയ പുസ്തകത്തിൽ യുവ ജനതയെ പ്രചോദിപ്പിക്കുന്ന ഒട്ടേറെ ആശയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.
ആധുനിക സാങ്കേതിക വിദ്യ എത്തപ്പെട്ടു നിൽക്കുന്ന റോബോട്ടിക്‌സ്, എയറോനോട്ടിക്‌സ്, ന്യൂറോ സയൻസസ്, പതിയോളജി, പാലിയന്റോളജി ആൻഡ് മെറ്റീരിയൽ സയൻസ് എന്നിവയൊക്കെ വിശദമായി പുസ്തകത്തില രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന് പ്രൊഫ. സേതു ചൂണ്ടിക്കാട്ടുന്നു. അറിവ് തേടുന്നവർക്ക് ശരിക്കും ഒരു മുതൽക്കൂട്ടാവുകയാണ് കലാമിന്റെ അവസാന പുസ്തകം. ചെറുപ്പക്കാരുടെ ചിന്തകൾക്ക് തീപിടിക്കും വിധമാണ് കലാം പുസ്തകം രചിച്ചിരിക്കുന്നത്. അവിചാരിതമായാണെങ്കിലും ഈ പുസ്തക രചനയിൽ കലാമിന് സംശയ നിവാരണം നടത്താൻ തനിക്കും അവസരം ലഭിച്ചതിൽ അതിയായ സന്തോഷം തോന്നുന്നുവെന്നും സേതു കൂട്ടിച്ചേർത്തു.
യൂണിവേഴ്‌സിറ്റിയിൽ എത്തിയ അദ്ദേഹത്തിന്റെ ലാളിത്യം കണ്ടു സർവ്വകലാശാല ജീവനക്കാരും അദ്ധ്യാപകരും ഒക്കെ അന്തം വിടുക ആയിരുന്നു. അറിയാനുള്ള ജിജ്ഞാസയോടെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ ബുദ്ധി കൂർമ്മത പലപ്പോഴും അതിശയിപ്പിക്കുന്നതായിരുന്നു. മറ്റൊന്ന്, കലാമിന്റെ നിരീക്ഷണ പാടവവും. അറിയാനും പഠിക്കാനും താൽപ്പര്യം ഉള്ള ഒരു വിദ്യാർത്ഥിയെ പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും സേതു പറയുന്നു. റോബോട്ടുകളെ മനുഷ്യ നന്മയ്ക്കും മനുഷ്യ നിയന്ത്രണത്തിലും ഒരുക്കിയെടുക്കാൻ ശാസ്ത്രം വളർന്നു എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത് തന്റെ ഔദ്യോഗിക ജീവിതത്തിലെ എക്കാലത്തെയും വലിയ നേട്ടമായി സേതു വിലയിരുത്തുന്നു. റോബോട്ടിക് രംഗത്ത് നടക്കുന്ന ഗവേഷണങ്ങളും റോബോട്ടിക്‌സിന്റെ ലക്ഷ്യങ്ങളും സ്വായത്തമാക്കിയാണ് സന്ദർശനം പൂർത്തിയാക്കി കലാം ബ്രിട്ടനിൽ നിന്നും യാത്രയായത്.
കഴിഞ്ഞ 12 വർഷമായി സേതു എഡിൻബറോ സർവ്വകലാശാലയുടെ ഭാഗമാണ്. Edinburgh Cetnre for Robotics and theInstitute of Perception, Action & Behavior(IPAB) ഡയറക്ടർ സ്ഥാനം വഹിക്കുന്ന പ്രൊഫ. സേതു ഈ രംഗത്തെ ഏറ്റവും വിലപിടിച്ച ഗവേഷകൻ കൂടിയാണ്. അമേരിക്കയിലെ Universtiy of Southern California(USC), Los Angeles കൂടി ഇദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ RIKEN Brain Science Institute, Tokyo യിൽ വിസിറ്റിങ് പ്രൊഫസർ തസ്തികയിലും സേതു സേവനം ചെയ്യുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ 1998 ൽ ടോക്കിയോയിൽ നിന്ന് ഡോക്ടറേറ്റും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയിൽ റിസർച്ച് അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹം ബ്രിട്ടണിൽ എത്തുന്നത്. അതിന് മുൻപ് ജപ്പാനിലും ഗവേഷണവും അദ്ധ്യാപനവും നിർവ്വഹിച്ചിരുന്നു.