ലണ്ടൻ: കുടിയേറ്റം കുറയ്ക്കുകയെന്ന ബ്രിട്ടീഷ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായി സ്റ്റുഡന്റ് വിസയുടെ എണ്ണം കുറക്കാനുള്ള നടപടികളാരംഭിച്ചപ്പോൾ അതിൽ കുടുങ്ങിയവരിലേറെയും ഇന്ത്യൻ വിദ്യാർത്ഥികൾ. വർഷം തോറും മൂന്നുലക്ഷം സ്റ്റുഡന്റ് വിസകളെന്നത് 170000 ആയി കുറയ്ക്കാനാണ് സർക്കാരിന്റെ നീക്കം. യൂറോപ്പിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികളിലേറെയും ഇന്ത്യയിൽനിന്നാണെന്നിരിക്കെ, ഈ നീക്കം തിരിച്ചിടാകുന്നതും ഇന്ത്യക്കാർക്കുതന്നെ.

നിസ്സാര കാര്യങ്ങളുടെ പേരിൽ ഇതിനകം തന്നെ ഒട്ടേറെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷ നിരസിക്കപ്പെട്ടുകഴിഞ്ഞു. ഇതേ നിലവാരമുള്ള കോഴ്‌സ് ഇന്ത്യയിലുണ്ടായിരിക്കെ എന്തിന് യുകെയിലേക്ക് വരുന്നു എന്നതാണ് ഇന്റർവ്യൂവീൽ ഉയരുന്ന ചോദ്യങ്ങളിലൊന്ന്. തീർത്തും നിരുത്തരവാദപരമായ ചോദ്യങ്ങളിലൂടെ വിദ്യാർത്ഥികളെ തള്ളാനുള്ള ശ്രമമാണിതെന്ന് ബ്രിട്ടനിലെ വൈസ് ചാൻസലറിനെ ഉദ്ധരിച്ച് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.

യൂറോപ്പിന് പുറത്തുനിന്നുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ വരവിൽ ഗണ്യമായ കുറവുണ്ടായതായി അടുത്തിടെ ബ്രിട്ടീഷ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കിയിരുന്നു. മുൻവർഷം 134,000 വിദ്യാർത്ഥികളെത്തിയ സ്ഥാനത്ത് ഇക്കുറി അത് 111,000 ആയി കുറഞ്ഞു. ഇന്ത്യയടക്കം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം പാതിയായി കുറഞ്ഞതായും ഓഗസ്റ്റിൽ പുറത്തിറക്കിയ മൈഗ്രേഷൻ സ്റ്റാറ്റിസ്റ്റിക്‌സ് ക്വാർട്ടർലി റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ബ്രിട്ടനിലെത്തുന്നത് ഇന്ത്യയിൽനിന്നാണ്. 2015 ജൂണിനും 2016-നും ഇടയ്ക്ക് 10,664 ഇന്ത്യൻ വിദ്യാർത്ഥികളാണ് ബ്രിട്ടനിലെത്തിയത്. പ്രത്യക്ഷമായും പരോക്ഷമായും 14 ബില്യൺ പൗണ്ടാണ് വിദേശ വിദ്യാർത്ഥികൾ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസം ബ്രിട്ടന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ്. പക്ഷേ, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിദ്യാർത്ഥികളുടെ എണ്ണതത്തിൽ കാര്യമായ കുറവുണ്ടായി. ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം പാതിയോളം കുറഞ്ഞുവെന്നും കണക്കാക്കുന്നു.

കഴിഞ്ഞമാസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ ഇന്ത്യ സന്ദർശിച്ചപ്പോൾ ബ്രിട്ടനിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം കിട്ടേണ്ടതിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞിരുന്നു. എന്നാൽ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തിൽ സ്റ്റുഡന്റ് വിസകൾക്ക് ഹോം ഓഫീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് ഈ ആവശ്യത്തെ പാടേ തള്ളുന്നതായി.