ലണ്ടൻ: സുന്ദർ പിച്ചേയും സത്യൻ നടാലെയുമൊക്കെ ആഗോള സാങ്കേതിക ഭീമന്മാരുടെ തലപ്പത്തെത്തിയതോടെ കുതിച്ചുയർന്നത് ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തിന്റെ ഖ്യാതി കൂടിയാണ്. അതോടെ ഐ ഐ ടി പോലെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിനായി വിദേശികൾ പോലും കൂടുതലായി താത്പര്യമെടുക്കാൻ തുടങ്ങി. ഇപ്പോൾ ഇത്തരത്തിൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാന്നിദ്ധ്യം ബ്രിട്ടനിലും വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നു. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള ഇന്ത്യൻ സർവകലാശാലകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിട്ടനിലും അവരുടെ ശാഖകൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ബിർമ്മിങ്ഹാം ആണ്.

ഗൂഗിൾ തലവൻ സുന്ദർ പിച്ചെ ഉൾപ്പടെ ഐ ഐ ടിയിൽ പഠിച്ചിറക്കിയ നിരവധി പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, വിവിധ സാങ്കേതിക കമ്പനികളെ നയിക്കുന്നത്. ഇതുതന്നെ ഇന്ത്യയിൽ സാങ്കേതികവിദ്യാഭ്യാസത്തിന്റെ ഉന്നത നിലവാരത്തിന് തെളിവാണെന്ന്മുൻ ബ്രിട്ടീഷ് യൂണിവേഴ്സിറ്റീസ് മന്ത്രി ലോർഡ് ജോൺസൺ പറഞ്ഞു. ഇത്തരത്തിൽ മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളുമായി സഹകരിക്കാൻ ബ്രിട്ടനിലെ നിരവധി സർവ്വകലാശാലകൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ചുവന്ന പരവതാനി വിരിച്ചായിരിക്കും ഇത്തരത്തിലുള്ള സ്ഥാപനങ്ങളെ ബ്രിട്ടനിലേക്ക് സ്വാഗതം ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി)ബ്രിട്ടനിൽ ശാഖ തുറക്കാൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വർഷം ഐ ഐ ടി ഖരഗ്പൂറും യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററും സംയുക്തമായി ഒരു ഇന്ത്യാ- ബ്ര്ട്ടീഷ് ഡോക്ടറൽ പ്രോഗ്രാം ആരംഭിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഐ ഐ ടികളും മുൻനിര യൂണിവേഴ്സിറ്റികളും ബ്രിട്ടീഷ് വിദ്യാർത്ഥികൾക്ക് കൂടി അവരുടെ സേവനം ലഭ്യമാക്കുവാനായി ബ്രിട്ടനിൽ ശാഖകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യൻ വിദ്യാഭ്യാസത്തെ അന്താരാഷ്ട്രവത്ക്കരിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശം കൂടിയാണ് ഇതുവഴി നടപ്പിലാകുന്നത്. ഞങ്ങളുടെ വാതിലുകൾ എക്കാലവും ഐ ഐ ടികൾക്ക് മുൻപിൽ തുറന്നു കിടക്കും എന്നായിരുന്നു ബ്രിട്ടീഷ് ഉന്നതവിദ്യാഭ്യാസ മന്ത്രിമിഷേൽ ഡോൺലീൻ കഴിഞ്ഞ ദിവസംട്വീറ്റ് ചെയ്തത്. ഐ ഐ ടികൾ ബ്രിട്ടനിൽ ശാഖകൾ ആരംഭിച്ചാൽ അത് ബ്രിട്ടന്ഒരു മുതൽക്കൂട്ടാവുമെന്നും അവർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരസ്പര സഹകരണം എപ്പോഴും സൗഹൃദത്തിന് ശക്തി വർദ്ധിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.