കീവ്: യുദ്ധഭൂമിയിൽ ശത്രുവിനെതിരെ പോരാടുമ്പോഴും മനസ്സിൽ തരളവികാരങ്ങൾ ജീവനൊടെയുണ്ടാകും എന്ന് യുക്രെയിനിൽ നിന്നുള്ള സൈനിക ജോഡികൾ വിളിച്ചു പറയുന്നു. 2015-ലെ യുദ്ധമുഖത്ത് പൂവിട്ട പ്രണയം, റഷ്യൻ അധിനിവേശക്കാലത്ത് മറ്റൊരു പോർമുഖത്തുവച്ചു തന്നെ വിവാഹബന്ധമാകുന്നു. ഒരുപക്ഷെ പലർക്കും വിശ്വസിക്കാൻ ആകാത്ത ഒരു സംഭവമാണിത്.

2015-ൽ ഡോൺബാസ്സിലെ യുദ്ധമുഖത്ത് മുൻനിരയിൽ നിന്നു പോരാടിയവരാണ് ലെയ്സയും വലേരിയും. യുദ്ധക്കെടുതികൾക്ക് നടുവിൽ നിന്നും വർദ്ധിച്ച വീര്യത്തോടെ പോരാടുമ്പോഴും അവരിൽ പ്രണയം പൊട്ടിമുളച്ചു. ഏഴുവർഷങ്ങൾക്കിപ്പുറം, കീവിനെ രക്ഷിക്കാനുള്ള പോരാട്ടത്തിന് ഇരുവരും ഒന്നിച്ചിറങ്ങുന്നതിനു മുൻപായിരുന്നു വിവാഹം. സൈനിക പുരോഹിതന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഇനിയങ്ങോട്ട് കൂടുതൽ കടുത്ത സമയമാണ് നമ്മളെ കാത്തിരിക്കുന്നത് , അതുകൊണ്ടു തന്നെ ഈ വിവാഹം ഇപ്പോൾ നടത്താൻ തീരുമാനിച്ചു എന്നാണ് പുരോഹിതൻ പറഞ്ഞത്.

സത്യത്തിൽ, യുക്രെയിനിലെ യുദ്ധമുന്നണിയിൽ നടക്കുന്ന രണ്ടാമത്തെ സൈനിക വിവാഹമാണിത്.ഈ മാസം ആദ്യം ടെറിടോറിയൽ ഡിഫൻസിന്റെ ഭാഗമായി യുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു യുവാവും യുവതിയും വിവാഹിതരായിരുന്നു. അതും യുദ്ധമുഖത്തുവച്ചുതന്നെയായിരുന്നു. സൈനിക വേഷത്തിലെത്തിയായിരുന്നു വധുവും വരനും ഒന്നാകാനുള്ള പ്രാതിജ്ഞ ചൊല്ലിയത്.

യുദ്ധമുഖത്തു നിന്നുമെത്തിയ വിവാഹ വാർത്ത പലരെയും അതിശയിപ്പിക്കുമെങ്കിലും, ആശ്വാസകരമായ മറ്റൊരു വാർത്തയാണ് ഇനി യുക്രെയിനിൽ നിന്നുള്ളത്. പൊട്ടാതെ കിടന്ന ഒരു ഭീമൻ ബോംബ് ഒരു ഫ്ളാറ്റിൽ നിന്നും അതിവിദഗ്ദമായി പുറത്തിറക്കി എന്നതാണിത്. ചെർണീവ് നഗരത്തിലെ ഒരു ആവാസകേന്ദ്രത്തിലെ ഫ്ളാറ്റിലായിരുന്നു ഇത് പതിച്ചത്. ഒ എഫ് എബി-500 വിഭാത്തിൽ പെട്ട മൂന്ന് ബോംബുകളായിരുന്നു ഇവിടെ വർഷിച്ചത്. അതിലൊന്നാണ് പൊട്ടാതെ കിടന്നത്.

കീവിൽ നിന്നും 80 മൈൽ മാത്രം വടക്കുമാറി സ്ഥിതിചെയ്യുന്ന ചെർണീവ് നഗരം റഷ്യൻ ആക്രമണത്തിന്റെ ദുരിതങ്ങൾ ഏറെ താങ്ങേണ്ടിവന്ന ഒരു നഗരമാണ്. ഫ്ളാറ്റിലെ ചുമരിലെ വലിയൊരു ദ്വാരത്തിലൂടെ ഈ ഭീമൻ ബോംബിനെ പുറത്തുകൊണ്ടുവരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെ ഡി എസ് എൻ എസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു ക്രെയിൻ ഉപയോഗിച്ചായിരുന്നു ഇത് ഉയർത്തി എടുത്തത്. പിന്നീട് ഇത് ഒരു ട്രക്കിൽ കയറ്റി ആവാസകേന്ദ്രത്തിന് പുറത്തേക്ക് കൊണ്ടുപോയി.

ഏകദേശം 3 ലക്ഷത്തോളം പേർ താമസിക്കുന്ന നഗരത്തിൽ നിന്നും ഇത് മൂന്നാമത്തെ ബോംബാണ് ഇപ്രകാരം നീക്കം ചെയ്ത് നിർവീര്യമാക്കുന്നത്. കടുത്ത ബോംബിംഗായിരുന്നു റഷ്യ ഇവിടെ നടത്തിയത്. അന്തരീക്ഷത്തിലെ ഓക്സിജൻ വലിച്ചെടുക്കുന്ന തെർമോബാറിക് വാക്വം ബോംബ് ഇവിടെ ഉപയോഗിച്ചെന്ന് കഴിഞ്ഞയാഴ്‌ച്ച റഷ്യ സമ്മതിക്കുകയും ചെയ്തിരുന്നു.