ആലുവ: എന്തുകൊണ്ട് ഉല്ലാസിന്റെ ജീവത്യാഗത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാണുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം. തന്റെ ദുർഗതിയിൽ ഉല്ലാസിന്റെ ഭാര്യയ്ക്ക് വേദനയുമുണ്ട്. കോഴിക്കോട് മാൻ ഹോളിൽ ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങി ജീവത്യാഗം ചെയ്ത നൗഷാദിന്റേതിന് സമാനമായതാണ് ഉല്ലാസിന്റേയും ദുരന്തം. എന്നാൽ ഉല്ലാസിന്റെ കുടുംബത്തിന് സഹായധനവുമില്ല ജോലിയും കൊടുത്തില്ല. പുതിയ ചർച്ചകൾക്കിടെയും ഉല്ലാസ് വിസ്മരിക്കപ്പെടുകയാണ്.

കോഴികോട് വിഷവാതകം നിറഞ്ഞ മാൻ ഹോളിൽ വീണ അന്യ സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങി മരണത്തിനു കിഴടങ്ങിയ നൗഷാദിന്റെ കുടുംബത്തിനു ജോലി അടക്കമുള്ള വാഗ്ദാനങ്ങൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇതുപോലുള്ള വലിയ വാഗ്ദാനങ്ങൾ മാദ്ധ്യമങ്ങളിലെ ഒരു വലിയ വാർത്തക്കുമപ്പുറം പാലിക്കപെടാത്ത വെറും പ്രസ്താവനകൾ മാത്രമാണെന്ന് തെളിയിക്കുന്നു സമാനമായ ഉല്ലാസിന്റെ മരണവും, ജനപ്രതിനിധികളുടെ പാഴ്ക്കുവാക്കുകളും. മറ്റൊരു ജിവൻ രക്ഷിക്കാനായി സ്വന്തം ജിവൻ ബലികൊടുത്ത ആലുവയിലെ ഐ.എൻ.ടി.യു.സി. പ്രവർത്തകൻ ഉല്ലാസിന്റെ കുടുംബത്തോട് ഭരണകൂടം കാണിച്ചത് അവഗണനയും പഴ വാഗ്ദാനവും നിസംഗതയുമെന്നാണ്് ആക്ഷേപം.

പെരിയാറിൽ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ട ഒരു അന്യ സംസ്ഥാനക്കാരനെ രക്ഷിക്കാനാണ് സ്വജീവൻ ആറ്റിലേക്ക് ചാടിയത്. മരണത്തിലേക്കുള്ള യാത്രയായി. 2014 നവംബർ 24ന് ആയിരുന്നു ആ ദുരന്തം. ഇതോടെ ഒരു കുടുംബം അനാഥമായി. ഉല്ലാസിന്റെ ഭാര്യ ആരതി സർക്കാരിൽനിന്ന് സഹായം അഭ്യർത്ഥിച്ച് കൈക്കുഞ്ഞുമായി നാലുതവണ പുതുപ്പള്ളിയിൽ മുഖ്യമന്ത്രിയെ വീട്ടിലെത്തി നേരിൽ ക്കണ്ട് സഹായം അഭ്യർത്ഥിച്ചു. ഒന്നും നടന്നില്ല. കേന്ദ്ര സർക്കാരിന്റെ ജീവൻ രക്ഷാ പഥക് പുരസ്‌കാരത്തിന് കേന്ദ്രത്തിൽ ശുപാർശ ചെയ്‌തെന്ന അറിയിപ്പ് മാത്രമാണ് ഉല്ലാസിന്റെ കുടുംബത്തിന് ലഭിച്ചത്.

വെസ്റ്റ് കടുങ്ങല്ലൂർ മൈലക്കര വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെയും ലീലയുടെയും മകൻ ഉല്ലാസ് (29) ശബരിമല ദർശനത്തിന് പോകാൻ മാലയിടാൻ സഹോദരൻ ഉമേഷിനൊപ്പം മണപ്പുറം ശിവക്ഷേത്രത്തിലെത്തിയതായിരുന്നു. ആറ്റിൽ മുങ്ങിത്താഴുന്നയാളെ കണ്ട് ഒന്നും നോക്കാതെ ചാടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ ചുഴിയിൽപ്പെട്ടു. ആന്ധ്രയിൽ നിന്നുമുള്ള ശബരിമല തിർത്ഥാടന സംഘത്തിലെ ഒരാൾ ആലുവ പെരിയാറിലെ ചുഴിയിൽ മുങ്ങിത്താഴുന്നത് കണ്ടു ഉല്ലാസ് അങ്ങോടു നിന്തി അടുക്കുകയായിരുന്നു. അയാളെ രക്ഷിച്ചു ഉല്ലാസ് ചുഴിയിൽ പെട്ട് ആലുവ പുഴയിൽ മരണ മടയുകയിയിരുന്നു. എച്ച്.എം ടി കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനിയറായ ഉല്ലാസിന്റെ വിവാഹം കഴിഞ്ഞിട്ട് അന്ന് നാല് മാസമേ ആയിരുന്നുള്ളൂ. ഭർത്താവിനെ നഷ്ടമാവുമ്പോൾ രണ്ട് മാസം ഗർഭിണിയായിരുന്ന ആരതി ഇപ്പോൾ കൈക്കുഞ്ഞുമായി കൊട്ടാരക്കര കുന്നിക്കോട് സ്വന്തം വീട്ടിൽ കണ്ണീരോടെ കഴിയുകയാണ്.

പ്രൊഫ. കെ.വി. തോമസ് എംപി പ്രസിഡന്റായ ഐ.എൻ.ടി.യു.സി യൂണിയന്റെ വൈസ് പ്രസിഡന്റുമായിരുന്നു ഉല്ലാസ്. അന്ന് വീട്ടിലെത്തിയ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും കെ.വി. തോമസുമെല്ലാം ഉല്ലാസിന്റെ ഭാര്യ ആരതിക്ക് ജോലി വാഗ്ദാനം നൽകിയെങ്കിലും ഒന്നും നടന്നില്ല. എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ആരതി ജോലിക്കായി ഇപ്പോഴും സർക്കാരിന്റെ വാതിലുകൾ മുട്ടുകയാണ്. നൗഷാദിന്റെ മരണത്തിലുണ്ടായ ഇടപെടൽ തന്റെ കാര്യത്തിലുമുണ്ടാകണമെന്ന് ആരതി ആവശ്യപ്പെടുന്നു. ഇതിനായി ഇനിയും മുഖ്യമന്ത്രിയെ കാണാനാണ് പദ്ധതി. ഉല്ലാത് മരണമടഞ്ഞത് ആലുവയിലാണ്. ഇതേ സ്ഥലത്ത് തന്നെയാണ് നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ സമത്വമുന്നേറ്റ യാത്രയ്ക്കിടെ വിവാദ പരാമർശങ്ങൾ നടത്തിയതും.

എച്ച്.എം ടി,യിൽ ആറുവർഷമായി ഇലക്ട്രിക്കൽ എൻജിനീയർ ആയിരുന്നു ഉല്ലാസ് അതോടൊപ്പം അന്നത്തെ എം,പി യും കേന്ദ്ര മന്ത്രി യുമായിരുന്ന കെ.വി. തോമസ് പ്രസിഡണ്ട് ആയ ഐ.എൻ.ടി.യു.സി എംബ്ലോയിസ് വൈസ് പ്രസിന്‌ടെന്റ്‌റ് ഉം ആയിരുന്നു എന്നാൽ ഒരു സ്ഥിരം ജീവനകാരൻ ആയിട്ടും ഉല്ലാസിന്റെ ഭാര്യ ആരതിക്ക് ഇവിടെ ജോലി കൊടുത്തില്ല. വളരെ ചെറുപ്രായത്തിൽ വിധവയായാ ആരതിക്ക് ആരെയും ആശ്രയിക്കാതെ ഒരു വരുമാനവും ജോലിയും വളരെ ആവിശ്യമായിട്ടും അതിനു യാതൊരു സഹായവും ഒരു
വർഷമായി കിട്ടിയിടില്ല. എം.എസ്.സി. കമ്പ്യൂട്ടർ ബിരുദധാരികൂടി ആയിരുന്ന ആരതിക്ക് സ്ഥിരം നിയമനം നൽക്കാൻ കമ്പനി അധിക്രതർ ഇതുവരെ തയാറായിട്ടില്ല. നിയമനത്തിന് വേണ്ട നടപടികകൾ സ്വികരിക്കാം എന്ന് ഉല്ലാസിന്റെ കുടുംബത്തിന്നു അന്ന് കേന്ദ്ര മന്ത്രി കൂടിയായ കെ.വി. തോമസ് ഉറപ്പു കൊടുത്തിരുന്നു എന്നാൽ പിന്നീട് ഇവരോടുള്ള സമീപനം മാറുകയായിരുന്നു. തന്റെ വാകിനു മാന്യത പുലർത്താതെ നിസംഗത പാലിക്കുക മാത്രമല്ല അതിനുവേണ്ടി ഒന്ന് ശ്രമം പോലും കെ.വി തോമസ് നടത്തിയില്ല എന്നാണ് ഉല്ലാസിന്റെ സഹോദരൻ ഉമേഷ് പറഞ്ഞത്.

ഈ കഴിഞ്ഞ ദിവസങ്ങളിൽ നൗഷാദിന്റെ മരണവുമായി ബന്ധപെട്ടു ഉല്ലാസിന്റെ മരണവും സോഷ്യൽ മീഡിയയിലും ചില മാദ്ധ്യമങ്ങളിലും വിണ്ടും വാർത്ത ആയി. ഇതിന്റെ പശ്ചാത്തലത്തിൽ എംപി യായ കെ.വി തോമസ് ജോലിക്കുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും എന്ന് കഴിഞ്ഞ ദിവസം ഉല്ലാസിന്റെ കുടുംബത്തെ അറിയിച്ചു എന്നാണ് കേൾക്കുന്നത്.