കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കെപിസിസി നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചു. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. പി.ടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധമാണ് അദ്ദേഹത്തിന്റെ പത്നിയെ തന്നെ രംഗത്തിറക്കാനുള്ള തീരുമാനത്തിലേക്ക് കോൺഗ്രസ് നേതൃത്വത്തെ എത്തിച്ചത്. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് ഉമയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനമുണ്ടായത്.

ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിർദേശിച്ചതും. ഒറ്റക്കെട്ടായാണ് കേരളത്തിൽ സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തെ പ്രതികരിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.



സ്ഥാനാർത്ഥി നിർണയത്തിൽ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു. ലിസ്റ്റ് ഹൈക്കമാൻഡിനു കൈമാറിയെന്നും സ്ഥാനാർത്ഥിയെ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉച്ചയ്ക്കുശേഷം പറഞ്ഞിരുന്നു. സ്ഥാനാർത്ഥി വനിതയാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയാനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഏകകണ്ഠമായ തീരുമാനമാണുണ്ടായത്. പാർട്ടിക്കു ഗുണകരമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ ടീമായി നേരിടുമെന്നും ഇന്നു തന്നെ ഡൽഹിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കിയിരുന്നു.

യോഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവിനിമയം നടത്തിയിരുന്നു. പിടി തോമസിന്റെ സിറ്റിങ് സീറ്റിൽ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോൺഗ്രസിലെ പൊതുവികാരം. ഇക്കാര്യത്തിൽ കെ.സുധാകരനും വിഡി സതീശനും ഒറ്റക്കെട്ടുമാണ്. മറ്റ് നേതാക്കൾക്കും ഇക്കാര്യത്തിൽ കാര്യമായ എതിർപ്പൊന്നുമില്ല. അനാവശ്യ ചർച്ചകൾക്ക് സമയം നൽകാതെ എത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണം എന്നതായിരുന്നു സതീശന്റെയും സുധാകരന്റെയും നിലപാട്. ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഡൊമനിക് പ്രസന്റേഷൻ അടക്കമുള്ളവർ രംഗത്ത് വന്നെങ്കിലും അതൊന്നും കോൺഗ്രസ് കാര്യമാക്കിയില്ല.

പി ടി യുടെ ഭാര്യ എന്ന നിലയിൽ മാത്രമല്ല ഉമ തോമസിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. കോൺഗ്രസ് പാരമ്പര്യം കൃത്യമായി അവകാശപ്പെടാൻ അവർക്ക് സാധിക്കും. മഹാരാജാസ് കോളേജിൽ കെ.എസ്.യുവിന്റെ വൈസ് ചെയർമാനായിരുന്നു അവർ. പിന്നീട് പി ടി യുടെ ഭാര്യ ആയതിന് ശേഷമാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയത്. മാത്രമല്ല, പി ടി യുടെ തെരഞ്ഞെടുപ്പു പ്രചരണ വേദികളിൽ ഒക്കെ ഉമ തോമസ് സാന്നിധ്യമായിരുന്നു.

എംഎൽഎ ആയിരിക്കേ അന്തരിച്ച പി ടി തോമസിന്റെ ജനപിന്തുണയുടെ ആഴം അറിഞ്ഞ് രാഹുൽ ഗാന്ധി പോലും ഞെട്ടിയിരുന്നു. അടുത്തകാലത്തായി ഒരു നേതാവിനും ലഭിക്കാത്ത വിട വാങ്ങലാണ് പി ടി തോമസിന് ലഭിച്ചത്. അതുകൊണ്ട് തന്നെ പി ടിയുടെ ജനപിന്തുണ ഉമയ്ക്ക് വോട്ടായി മാറുമെന്നുമാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. മാധ്യമങ്ങളോട് പരസ്യമായി സമ്മതിക്കാൻ തയ്യാറല്ലെങ്കിലും ഉമയോട് മത്സരത്തിന് തയ്യാറെടുക്കാൻ നേതാക്കൾ നിർദ്ദേശിച്ചിട്ടുണ്ട്. മത്സരിക്കാനുള്ള സാധ്യത ഉമ തള്ളുന്നുമില്ല.

തൃക്കാക്കര വ്യക്തിപരമായി ഏറെ പരിചയമുള്ള മണ്ഡലമാണ്. പാർട്ടി തീരുമാനം വരാതെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിക്കാനില്ല. പി ടി തോമസ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായിരുന്നു. ആ അച്ചടക്കം തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. താനുറച്ച ഈശ്വരവിശ്വാസിയാണെന്നും നല്ലത് പ്രതീക്ഷിക്കുന്നതായും ഉമ തോമസ് പറഞ്ഞു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ പി ടി തോമസിന്റെ മണ്ഡലത്തിൽ ജയം പാർട്ടിക്ക് അനിവാര്യമാണ്. പി ടി വികാരം കൂടി മുതലാക്കാൻ ഉമ തോമസിനെ ഇറക്കാനാണ് നേതൃത്വം തീരുമാനിച്ചത്.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ പി.ടി. തോമസിന്റെ മണ്ഡലത്തിൽ ജയം പാർട്ടിക്ക് അനിവാര്യമാണ്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സത്യാഗ്രഹത്തിലാണ് ഉമ തോമസ് പങ്കെടുത്തത്. സമരവേദിയിലെത്തി അഭിവാദ്യം ചെയ്ത് സംസാരിച്ചു എന്ന് മാത്രമല്ല, വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവും ഉമ തോമസ് നടത്തുകയുണ്ടായി. എറണാകുളം ഗാന്ധി സ്‌ക്വയറിൽ ഫ്രണ്ട്‌സ് ഓഫ് പിടി ആൻഡ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടൻ രവീന്ദ്രനാണ് സത്യാഗ്രഹസമരം നടത്തുന്നത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സത്യാഗ്രഹം. പി ടി തോമസ് ഉണ്ടായിരുന്നു എങ്കിൽ നടിക്കൊപ്പം ഉറച്ച് നിന്നേനെയെന്ന് പറഞ്ഞുകൊണ്ടാണ് പൊതുവേദിയിലെത്തിയ ഉമ തന്റെ നിലപാട് വ്യക്തമാക്കിയത്.

പി ടി തോമസിന്റെ സ്മരണ സജീവമാക്കുന്നതിനൊപ്പം സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി ഉമ തോമസ് അവതരിപ്പിക്കപ്പെടുകയാണ്. സർക്കാറിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾ അടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ഉമയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. 'പിടിക്ക് ഒരു വോട്ട്' എന്നതു തന്നെയാകും തെരഞ്ഞെടുപ്പു മുദ്രാവാക്യം എന്നു തന്നെയാണ് ഉമയിലേക്ക് കോൺഗ്രസ് എത്തുമ്പോൾ തൃക്കാക്കരയിൽ മുഴങ്ങുന്ന മുദ്രാവാക്യം.

പി.ടി തോമസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രിലുൾപ്പെടെ ഉമാ തോമസ് സജീവ സാന്നിധ്യമായിരുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ വോട്ടായി മാറുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. കോൺഗ്രസിന്റെ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി സ്ഥാനാർത്ഥിയെ വളരെ വേഗത്തിൽ പ്രഖ്യാപിക്കാനായി എന്നതും നേട്ടമാണ്. ഉമാ തോമസെന്ന ഒറ്റ പേരിലേക്ക് മാത്രമാണ് നേതാക്കൾ എത്തിയത്.

ഒറ്റപ്പേര് മാത്രമാണ് പരിഗണിച്ചതെന്ന് കെ സുധാകരൻ പറഞ്ഞപ്പോൾ തന്നെ സ്ഥാനാർത്ഥിയാരെന്നത് സംബന്ധിച്ച് സൂചന വ്യക്തമായിരുന്നു.എന്നാൽ ഉമാ തോമസിന്റെ പേര് തുറന്ന് പറയാൻ നേതാക്കൾ തയ്യാറിയിരുന്നില്ല. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിന് മുൻപ് താനാണ് സ്ഥാനാർത്ഥിയെന്ന തരത്തിലുള്ള സ്ഥിരീകരണങ്ങളുണ്ടാകരുതെന്ന് ഉമാ തോമസ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന.

ഈ മാസം 31നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ്. പി.ടി.തോമസ് എംഎൽഎ അന്തരിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 2021 മേയിൽ നിലവിൽ വന്ന പതിനഞ്ചാം നിയമസഭയുടെ കാലത്തു നടക്കുന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്.