ന്യൂയോർക്ക്: അമേരിക്കൻ ടെന്നീസിന്റെ ഭാഗ്യ റാണിയായ സെറീന വില്യംസിന് ഇപ്പോൾ കഷ്ടകാലമാണ്. സെറീന സ്വപ്‌നം കണ്ടത് ഗ്രാൻസ്ലാം കിരീടമാണെങ്കിലും സ്വപ്‌നത്തിൽ പോലും കാണാത്ത ദുരനുഭവങ്ങളാണ് ഇപ്പോൾ സെറീനയെ വേട്ടയാടുന്നത്. യുഎസ് ഓപ്പൺ ഫൈനലിൽ സെറീന ചെയർ അമ്പയറോട് കയർക്കുകയും കള്ളനെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദേഷ്യപ്പെട്ട് സെറീന റാക്കറ്റ് എറിഞ്ഞുടയ്ക്കുകയും ചെയ്തതോടെ സംഭവം ഏറെ വിവാദമായി. ഇപ്പോൾ സെറീനയുടെ മത്സരങ്ങൾ ബഹിഷ്‌കരിക്കാൻ അമ്പയർമാർ നീക്കം നടത്തുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

മത്സരത്തിനിടെ കോച്ചിങ്ങ് സ്വീകരിച്ചതിനു ചെയർ അമ്പയർ കാർലോസ് റാമോസ് സെറീനയെ താക്കീത് ചെയ്തതാണ് ആദ്യം താരത്തെ ചൊടിപ്പിച്ചത്. ആദ്യ സെറ്റ് നഷ്ടമായി രണ്ടാം സെറ്റിൽ 3-1 ന് മുന്നിൽ നിന്നിരുന്ന സെറീന പിന്നീട് തുടർച്ചയായി പോയിന്റുകൾ നഷ്ടമാക്കിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് റാക്കറ്റ് എറിഞ്ഞുടയ്ക്കുകയായിരുന്നു. ഇതോടെ അമ്പയർ വീണ്ടും താക്കീത് ചെയ്തു. കൂടാതെ ഒരു പോയിന്റ് നഷ്ടമാകുകയും ചെയ്തു. ഇതോടെ മത്സരത്തിനിടെ പരിശീലകൻ ഇടപെട്ടതിന്റെ പേരിൽ നൽകിയ മുന്നറിയിപ്പ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ജീവിതത്തിൽ ഇന്നേവരെ വഞ്ചന കാട്ടിയിട്ടില്ല. നിങ്ങൾ എന്നോട് മാപ്പു പറയണമെന്നും സെറീന അമ്പയറിനോട് ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ എന്റെ പോയിന്റ് കവർന്നെടുത്തു. കള്ളനാണ് നിങ്ങൾ' എന്ന് വീണ്ടും സെറീന ആവർത്തിച്ചതോടെ അമ്പയർ മൂന്നാമത്തെ മുന്നറിയിപ്പും പുറപ്പെടുവിപ്പിച്ച് പെനാൽറ്റി പോയിന്റുകളിൽ ഗെയിം നഷ്ടമാകുകയും ചെയ്തു. മത്സരത്തിനിടെ തന്നെ ഇരുതാരങ്ങളേയും വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ അമ്പയർ ശ്രമിച്ചെങ്കിലും സെറീന വഴങ്ങിയില്ല. ടൂർണമെന്റ് റഫറി ബ്രയാൻ ഏർലിയോടു സംസാരിക്കണമെന്നായിരുന്നു സെറീനയുടെ ആവശ്യം. മത്സരത്തിനു പിന്നാലെ ചെയർ അമ്പയറിനെതിരെ സെറീന വില്യംസ് ഉയർത്തിയ ആരോപണങ്ങളെച്ചൊല്ലി ടെന്നീസ് ലോകം രണ്ടു തട്ടുകളിലാകുകയും ചെയ്തു. സെറീനയ്ക്കു പിന്തുണയുമായി മുൻ താരങ്ങളായ ബില്ലി ജീൻ കിങ്ങും, ജോൺ മക്കന്റോയും രംഗത്തെത്തി.