തിരുവനന്തപുരം: നിങ്ങൾ ആഡംബര കാറിന് ഫാൻസി നമ്പർ കിട്ടുന്നതിന് വേണ്ടി ലക്ഷങ്ങൾ മുടക്കുന്നതിന് ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല, പക്ഷേ ഞങ്ങൾക്ക് ബസ് കാശ് കൊടുക്കാൻ പോലും ശമ്പളം നൽകാതെ ഞെക്കിപിഴിഞ്ഞ് എടുക്കുന്ന പണം ഉപയോഗിച്ചാണ് ആഡംബര കാർ വാങ്ങുന്നതും ഇഷ്ട നമ്പർ തിരഞ്ഞെടുക്കുന്നതും എന്നത് എത്ര ആലോചിച്ചാലും ദഹിക്കില്ല സാർ, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ അവസ്ഥയാണ് ഇത്. ലക്ഷങ്ങളുടെ ലാഭമുണ്ടാക്കുന്ന ആശുപത്രിയിൽ മൂന്ന് മാസമായി നഴ്സുമാർക്ക് ശമ്പളം ലഭിച്ചിട്ട്. ഇനിയും ശമ്പളമില്ലാതെ പിടിച്ച് നിൽക്കാനാവില്ലെന്നും ജോലിയിൽ നിന്നും കൂട്ടത്തോടെ വിട്ട് നിൽക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പളം കിട്ടിയിട്ട് മാസം മൂന്ന് ആയി.2016 ജൂലൈ മുതൽ ഇ എസ് ഐ, പി എഫ് തുക നഴ്‌സുമാരിൽ നിന്നും കൃത്യമായി പിടിക്കുന്നുണ്ട് പക്ഷേ അതൊന്നും ഇ എസ് ഐ, പി എഫ് അക്കൗണ്ടുകളിൽ അടക്കുനില്ല എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നഴ്സുമാർ. തങ്ങൾക്ക് ലഭിക്കേണ്ട ബഹോണസ് ഉൾപ്പടെയുള്ള ഒരു ആനുകൂല്യങ്ങളും ലഭിക്കാറില്ലെന്നും നഴ്സുമാർ പറയുന്നു.ഈ മാസം 31ന് മുൻപ് കിട്ടാനുള്ള ശമ്പള കുടിശ്ശിക മുഴുവൻ ലഭിച്ചില്ലെങ്കിൽ പണിയെടുക്കാൻ ഒരു നഴ്സിനേയും കിട്ടില്ലെന്നും അവർ പറയുന്നു.

രണ്ടു കൊല്ലമായി ബോണസ് കാരക്കോണത്തെ നഴ്സുമാർക്ക് കിട്ടാക്കനിയാണ്.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തിരുവനന്തപുരം മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി ഡോക്ടർ ബെന്നറ്റ് എബ്രഹാം ആണ് ആശുപത്രിയുടെ ഡയറക്ടർ. പേയ്മെന്റ് സീറ്റ് വിവാദമുൾപ്പടെ നിറഞ്ഞ് നിന്ന തെരഞ്ഞെടുപ്പിൽ ബെന്നറ്റ് എബ്രഹാം മൂന്നാം സ്ഥാനത്തും പോയിരുന്നു.ഇത്രയുമൊക്കെയാണെങ്കിലും ശമ്പളം ചോദിക്കുന്ന നഴ്സുമാരോട് കൈമലർത്തിക്കാണിക്കാൻ മാനേജ്‌മെന്റിന് യാതൊരു മടിയുമില്ല.

രണ്ടു മാസം മുൻപ് കാരക്കോണം ആശുപത്രിയുടെ ഉടമകൾ ആയ സി എസ് ഐ സഭയുടെ അധ്യക്ഷൻ പുതിയ് കാർ വാങ്ങി അതിന് ഫാൻസി നമ്പർ 9 തും ലേലത്തിൽ പിടിച്ചത്.ലോക്സഭാ സീറ്റിനും ബെൻസ് കാറിനും ഫാൻസി നമ്പറിനും ഒക്കെ പൈസ ഉണ്ട് പക്ഷേ നഴ്സുമാർക്ക് അവർ അധ്വാനിച്ചതിന്റെ കൂലി നൽകാൻ മാത്രം പൈസ ഇല്ല എന്നതാണ് സമീപനം. ഈ മാസം 31ന് മുൻപ് ശമ്പള കുടിശിക കൊടുത്തു തീർത്തില്ല എങ്കിൽ ശമ്പളം കിട്ടുന്നതുവരെ കൂട്ട അവധി എടുത്തു വീട്ടിൽ ഇരിക്കാൻ ആണ് തീരുമാനം. ആരോടും ഉള്ള വെല്ലുവിളി അല്ല മറിച്ചു ബസ് കാശ് കൊടുക്കാൻ പോലും പൈസ ഇല്ലാത്തതുകൊണ്ടാണ്.

നഴ്സുമാർക്ക് മാത്രമല്ല ആർക്കും ശമ്പളം നൽകാറുമില്ല. കൈവശം പണമില്ലെന്നാണ്, മെഡിക്കൽ കോളേജ് നടത്തിപ്പുകാർ പറയുന്നത്. പിജി സീറ്റിനും എംബിബിഎസ് സീറ്റിനും ലക്ഷങ്ങളാണ് ഫീസ്, ഇതിന് പുറമെ ലോ കോളേജിലും വിദ്യാർത്ഥികളിൽ നിന്നും വൻ തുക ഫീസായി കൈപ്പറ്റുന്നുണ്ട്. നഴ്സുമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി നോട്ടീസ് നൽകിയെങ്കിലും ഇതിനോടും മാനേജ്മെന്റ് പ്രതികരിച്ചില്ലെന്നും ചർച്ചയ്ക്ക് പോലും തയ്യാറല്ലെന്ന മനോഭാവമാണ് മാനേജ്മെന്റിനെന്ന് യുഎൻഎ സംസ്ഥാന ഉപാധ്യക്ഷൻ സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്ന് കാണിച്ച് ജില്ലാ ലേബർ ഓഫീസർക്കും യുഎൻഎ പരാതി നൽകിയിട്ടുണ്ട്.