തിരുവനന്തപുരം: നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് പരാതിയിൽ ഇടപെടാതെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി ജില്ലാ ലേബർ ഓഫീസർ ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി യുഎൻഎ രംഗത്ത്. മുഖ്യമന്ത്രിയും കോടതിയും പറയുന്നതിനെക്കാൾ പ്രാധാന്യം ആശുപത്രി മുതലാളിമാർ പറയുന്നതിനാണെന്ന മട്ടിലാണ് ജില്ലാ ലേബർ ഓഫീസർ പെരുമാറുന്നതെന്നും യുഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് പരാതി നൽകിയിട്ടും ഇടപെടുന്നില്ലെന്നാണ് പരാതി.

നിരവധി തവണ പല പരാതികൾ കൊടുത്തിട്ടും തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർ സ്വകാര്യ ആശുപത്രികൾ നടത്തുന്ന തൊഴിൽ നിയമ ലംഘനങ്ങളിൽ ഇടപെടാൻ ഇതുവരെ തയ്യാറാകാത്തത് ആശുപത്രി മുതലാളിമാരും ജില്ലാ ലേബർ ഓഫീസറും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും ജില്ലയിലെ പല ആശുപത്രികളിലും 2013ലെ മിനിമം വേജസ് പോലും നൽകുന്നില്ല എന്ന് പത്തിലധികം തവണ പരാതി കൊടുത്തിട്ടും ഒരു നടപടിയും കൈക്കൊള്ളാൻ ജില്ലാ ലേബർ ഓഫീസർ തയ്യാറായിട്ടില്ലെന്നും യുഎൻഎ പരാതിപെടുന്നു.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് റിംസ് ആശുപത്രിയിൽ ആറു പേരെ പുറത്താക്കിയിട്ടു ഇത് വരെ ചർച്ച് വിളിക്കാൻ പോലും ജില്ലാ ലേബർ ഓഫീസർ തയ്യാർ ആകുന്നില്ല അതുപോലെ ക്രെഡൻസ് ആശുപത്രിയിൽ മാനേജ്മന്റ് നഴ്സുമാർക്ക് ആഴ്ചയിൽ ഏഴ് ദിവസം ഡ്യൂട്ടി ഇട്ടിട്ടും ജില്ലാ ലേബർ ഓഫീസർ നിസ്സംഗത മനോഭാവം ആണ് സ്വീകരിക്കുന്നത്. നഴ്സുമാരുടെ ആഴ്ചയലെ അവധിയിൽ പോലും പ്രതികാര മനോഭാവമാണ് പല മാനേജുമെന്റുകളും വെച്ച് പുലർത്തുന്നത്.

ആറ് പ്രവർത്തി ദിവസങ്ങൾക്ക് ഒരു ദിവസം അതായത് 24 മണിക്കൂർ അവധി നൽകണമെന്നാണ് തൊഴിൽ നിയമം എന്നിരിക്കെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങിയ ശേഷം പകൽ അവധിയും വീണ്ടും വൈകുന്നേരം നൈറ്റ് ഷിഫ്റ്റിന് ഡ്യൂട്ടിക്ക് കയറണം എന്ന രീതിയിലുമാണ് ഡ്യൂട്ടി നൽകുന്നത്. ഇത്തരത്തിൽ തൊഴിൽ ചൂഷണങ്ങളുടെ ഒരു വലിയ പട്ടിക തന്നെയാണ് ഉള്ളത്. യൂണിയൻ പ്രവർത്തനം നടത്തുന്നവർക്കെതിരെ പ്രതികാര നടപടിയും മാനേജ്മെന്റുകൾ സ്വീകരിക്കുന്നു. ഇതെല്ലാം പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടും ജില്ലാ ലേബർ ഓഫീസർക്ക് അനങ്ങാപാറ നയമാണെന്നാണ് യുഎൻഎ കുറ്റപ്പെടുത്തുന്നത്.

തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസറുടെ ഇത്തരത്തിൽ ഉള്ള നയങ്ങൾക്കെതിരെ തൊഴിൽ വകുപ്പ് മന്ത്രിക്കും സംസ്ഥാന ലേബർ കമ്മീഷണർക്കും പരാതി കൊടുക്കാൻ യു എൻ എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും നേതാക്കൾ പറയുന്നു. ജില്ലാ ലേബർ ഓഫീസറുടെ ഈ നയങ്ങൾക്ക് എതിരെ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും യുഎൻഎ പറയുന്നു.