ന്യുഡൽഹി: 1985ൽ ഇന്ത്യ ഹൈഡ്രജൻ ബോംബു വികസിപ്പിച്ചിരുന്നതായി യുഎസ് രഹസ്യരേഖ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് ഇന്ത്യ ഹൈഡ്രജൻ ബോംബു വികസിപ്പിച്ചത്.

പാക്കിസ്ഥാന്റെ ആണവായുധ പരീക്ഷണങ്ങൾക്ക് മറുപടിയായാണ് ഇന്ത്യ ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചതെന്നു സിഐഎ പുതുതായി പ്രസിദ്ധീകരിച്ച 930,000 രേഖകളിലാണ് പറയുന്നത്. ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തിയത് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ്. എന്നാൽ, അതിനേക്കാൾ ശക്തമായ ഹൈഡ്രജൻ ബോംബാണ് 11 വർഷങ്ങൾക്ക് ശേഷം വികസിപ്പിച്ചതെന്നും രേഖകൾ പറയുന്നു.

ആണവായുധത്തോട് എതിർപ്പുണ്ടായിരുന്നെങ്കിലും പാക്കിസ്ഥാൻ ആണവ സജ്ജരാകുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നാണ് രാജീവ് ഗാന്ധി അതിന് മുതിർന്നത്. ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ 36 ശാസ്ത്രജ്ഞരാണ് ഹൈഡ്രജൻ ബോംബ് നിർമ്മിച്ചത്. അക്കാലത്ത് ഇന്ത്യ വലിയ അളവിൽ പ്ലൂട്ടോണിയം സംഭരിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആഗോളരാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് പാക്കിസ്ഥാനെ ആക്രമിക്കുന്നതിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിച്ചത്. പാക്കിസ്ഥാനേക്കാൾ വലിയ ഭീഷണിയായി ഇന്ത്യ ചൈനയെയാണ് കണ്ടതെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.

ഇന്ത്യ-പാക് രാജ്യങ്ങൾക്കിടയിലുള്ള ഭീഷണി പരിഹരിക്കുന്നത് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ ശ്രമങ്ങളോട് ഇന്ത്യ സഹകരിച്ചില്ല. സമാധാന ദൂതനെ ഇന്ത്യയിലേക്ക് അയക്കണമെന്നായിരുന്നു റീഗന്റെ നിലപാട്. അന്ന് ഇന്ത്യ സോവിയേറ്റ് യൂണിയന്റെയും പാക്കിസ്ഥാൻ അമേരിക്കയുടെയും സുഹൃത്ത് രാജ്യമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. ജനുവരി 17നാണ് സിഐഎ രേഖകൾ പുറത്ത് വിട്ടത്. 25 വർഷം രേഖകൾ രഹസ്യമായി സൂക്ഷിക്കണമെന്ന കാലാവധിക്ക് ശേഷമാണ് രേഖകൾ പരസ്യമാക്കിയത്.