വാഷിങ്ടൺ: യാത്രികർ അധികമെന്ന കാരണത്താൽ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽനിന്ന് ഏഷ്യൻ വംശജനെ വലിച്ചിഴച്ച് പുറത്താക്കി. സഹയാത്രികരിലൊരാൾ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഷിക്കാഗോ ഒഹെയ്‌ർ ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ലൂയിസ്വില്ല കെന്റുക്കിയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസിന്റെ യുഎ 3411 നമ്പർ വിമാനത്തിലാണ് സംഭവം. ടിക്കറ്റെടുത്തിട്ടും ഏഷ്യൻ വംശജനായ ഡോകടറെയും ഭാര്യയേയും അധികൃതർ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.

ഞായറാഴ്ചയായിരുന്നു സംഭവം. അധിക ബുക്കിങ് നടന്നതിനാൽ സ്വമേധയാ വിമാനത്തിൽനിന്നു പുറത്തിറങ്ങാൻ നാലു യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ നിർദ്ദേശം അനുസരിക്കാൻ യാത്രക്കാർ തയാറാകാത്തതിനെ തുടർന്ന് പുറത്താക്കേണ്ടവരെ അധികൃതർ തന്നെ തിരഞ്ഞെടുത്തു.

ഏഷ്യൻ വംശജനായ ഡോക്ടറോടും ഭാര്യയോടും വിമാനത്തിൽനിന്നു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ച ലൂയിസ് വില്ലയിൽ ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ പുറത്തുപോകാനാകില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. പിന്നീട് ഡോക്ടറും ഭാര്യയും പ്രതിരോധിച്ചതോടെ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. ദയവായി ഇത്തരമൊരു നടപടി അവസാനിപ്പിക്കാൻ ഡോകടർ അപേക്ഷിച്ചതായും അങ്ങേയറ്റം ക്രൂരമായാണ് അധികൃതർ പെരുമാറിയതെന്നും സഹയാത്രികർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.

വിമാനത്തിന്റെ വരുമാനനഷ്ടം പരിഹരിക്കാൻ വേണ്ടിയാണ് അധിക ബുക്കിങ് അനുവദിക്കുന്നതെന്നും സാധാരണഗതിയിൽ ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാരും എത്തിച്ചേരാറില്ലെന്നും ഡോകടറും ഭാര്യയും സ്വമേധയാ ഇറങ്ങിപ്പോകാൻ തയാറാകാത്തതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയാണ് ചെയ്തതെന്നുമാണ് യുണൈറ്റെഡ് എയർലൈൻസിന്റെ വിശദീകരണം.