മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ സ്ഥിതിഗതികൾ എത്രത്തോളം ഗുരുതരമായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? റഷ്യയുമായും ചൈനയുമായും യുദ്ധമുണ്ടായാൽ എന്തായിരിക്കും അമേരിക്കയുടെ തന്ത്രം? ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ-സൈനിക നേതൃത്വങ്ങളുടെ യുദ്ധകാല അതിജീവനശേഷി പഠിക്കാനുള്ള യു.എസ്. കോൺഗ്രസ്സിന്റെ തീരുമാനം, വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്ന് പ്രതിരോധവിദഗ്ദ്ധർ പറയുന്നു.

റഷ്യക്കെതിരെയും ചൈനക്കെതിരെയും അപ്രതീക്ഷിത ആക്രമണം നടത്താൻ അമേരിക്ക പദ്ധതിയിടുന്നതിന് സൂചനയാണിതെന്നാണ് വിലയിരുത്തൽ. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കൊപ്പം ആണവായുധങ്ങളുടെ ചുമതലക്കാരായ സ്ട്രാറ്റജിക് കമാൻഡും ചേർന്നാണ് പഠനം നടത്തുക. അമേരിക്കയുടെ മാരകമായ പ്രഹരശേഷിയെക്കുറിച്ച് ബോധ്യമുള്ള ഒരു രാജ്യവും ആക്രമണത്തിന് തുനിയുമെന്ന് കരുതുന്നില്ലെന്ന് യു.എസ്. ആർമിയിൽനിന്ന് വിരമിച്ച മേജർ ടോഡ് പിയേഴ്‌സ് പറഞ്ഞു.

ആദ്യത്തെ ആക്രമണത്തിൽത്തന്നെ എതിരാളികളുടെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെ ഇല്ലാതാക്കി നിയന്ത്രണമേറ്റെടുക്കുകയെന്നതാവും അമേരിക്കയുടെ തന്ത്രമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് റഷ്യയുടെയും ചൈനയുടെയും നേതൃത്വങ്ങളെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും പഠിക്കാൻ കോൺഗ്രസ് നിർദേശിച്ചത്. ആണവായുധം പ്രയോഗിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പഠനത്തിന്റെ ഭാഗമായി വരും.

നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് 2017 അനുസരിച്ചാണ് പഠനം നടത്തുന്നത്. ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പ് പഠനത്തിന് ഉത്തരവിറങ്ങിയിരുന്നു. റഷ്യയുടെയും ചൈനയുടെയും ആയുധശേഖരത്തെക്കുറിച്ചും സൈനിക വിന്യാസത്തെക്കുറിച്ചും വിശദമായി പഠിക്കാൻ കോൺഗ്രസ്സിന്റെ ഉത്തരവിൽ പറയുന്നു. യുദ്ധകാലത്ത് രാജ്യത്തെ നിയന്ത്രിക്കാൻ പോകുന്ന രാഷ്ട്രീയ നേതാക്കൾ ആരൊക്കെയെന്ന് കണ്ടെത്താനും നിർദേശമുണ്ട്.