ത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച അഭൂതപൂർവമായ വിജയം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ജാതകം തിരുത്തിക്കുറിക്കുമോ? നാലിൽ മൂന്ന് ഭൂരിപക്ഷവുമായി ബിജെപി അധികാരത്തിലെത്തിയതോടെ ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കുതിച്ചൊഴുകുകയാണ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ സമയത്തേക്കാൾ ഉയർന്ന തോതിലാണ് നിക്ഷേപങ്ങൾ പ്രവഹിക്കുന്നത്. മോദിയിലും ബിജെപിയിലും വിദേശ നിക്ഷേപകർക്കുണ്ടായ വിശ്വാസ്യതയാണ് ഇതിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

മോദി സർക്കാർ അധികാരത്തിലേറി രണ്ടുമാസത്തിനിടെ ഉണ്ടായ 36,045 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇതേവരെയുണ്ടായിരുന്ന ഏറ്റവും കൂടിയ നിക്ഷേപം. 2014 ജൂലൈയിലായിരുന്നു അത്. എന്നാൽ, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷമുണ്ടായ നിക്ഷേപം സർവ പ്രതീക്ഷകളെയും തകർത്ത് മുന്നേറുകയാണ്. ഇന്ത്യൻ ഓഹരികളിലും കടപ്പത്രങ്ങളിലുമായി വിദേശത്തുനിന്ന് മാർച്ചിൽ നിക്ഷേപിക്കപ്പെട്ടത് 54,255 കോടി രൂപയാണ്. ഒരുമാസത്തിനിടെയുണ്ടായുണ്ടാവുന്ന എക്കാലത്തെയും വലിയ വിദേശ നിക്ഷേപമാണിത്.

ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് ഓഹരിവിപണിയിൽ 30,203 കോടി രൂപയും കടപ്പത്രങ്ങളിൽ 24,052 കോടി രൂപയും നിക്ഷേപിക്കപ്പെട്ടു. ഓഹരിവിപണിയിലും കടപ്പത്രങ്ങളിലുമായി ഒരുമാസം ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപവുമാണിത്. 2010 ഒക്ടോബറിൽ 28,563 കോടി രൂപ ഓഹരിവിപണിയിൽ നിക്ഷേിപിക്കപ്പെട്ടതാണ് ആ മേഖലയിൽ ഇതേവരെയുണ്ടായിരുന്ന റെക്കോഡ്. കടപ്പത്രങ്ങളിലാകട്ടെ, 2014 ജൂലൈയിലെ 22,935 കോടി രൂപയും. രണ്ട് റെക്കോഡുകളും യോഗി ആദിത്യനാഥിന്റെ സ്ഥാനമേറ്റെടുക്കലോടെ പഴങ്കഥയായി.

ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതാണ് വിപണിയിൽ ഈ ചലനമുണ്ടാക്കിയതെന്ന് വിദഗ്ദ്ധർ നിരീക്ഷിക്കുന്നു. കേന്ദ്രത്തിലെ ബിജെപി സർ്ക്കാരിന്റെ പ്രവർത്തന വിജയമായാണ് യുപിയിലെ ബിജെപിയുടെ നേട്ടത്തെ ലോകം വിലയിരുത്തുന്നത്. സുസ്ഥിരമായ ഭരണം സാമ്പത്തിക രംഗത്തുണ്ടാക്കിയ കുതിപ്പിന് നിക്ഷേപകർ അംഗീകാരം നൽകുന്നുവെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടതെന്നും വിലയിരുത്തപ്പെടുന്നു.

വിദേശനി്‌ക്ഷേപത്തിന്റെ വരവ് മാർച്ച് മാസത്തിൽ സെൻസെക്‌സിനും നിഫ്റ്റിക്കുമുണ്ടാക്കിയ നേട്ടവും വലുതാണ്. ബുധനാഴ്ച സെൻസെക്‌സ് ക്ലോസ് ചെയ്തത് 29,531 പോയന്റിലാണ്. നിഫ്റ്റി 9,143 പോയന്റിലും. മാർച്ച് 17-ന് കൈവരിച്ച 9,160 പോയന്റാണ് നിഫ്റ്റിയുടെ എക്കാലത്തെയും വലിയ നേട്ടം.