ലക്നൗ: രാജ്യത്ത് കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിച്ചത് ഒരു പക്ഷേ ആൾക്കൂട്ട കൊലപാതകങ്ങളെ പറ്റിയാകും. കാരണം നിലവിലത്തെ സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ച് ആൾക്കൂട്ട കൊലപാതകങ്ങൾ സർവ്വ സാധാരണമായി മാറി എന്നതാണ് വാസ്തവം. അല്ലെങ്കിൽ അങ്ങനെയാക്കി മാറ്റി എന്ന് പറയുന്നതാവും ശരി. രാജ്യത്ത് വർഗ്ഗീയ കലാപം ഇളക്കി വിട്ട് അധികാരം ഊട്ടി ഉറപ്പിക്കാനുള്ള നെറികെട്ട രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ തന്ത്രമാണ് ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും. ഫാക്ട്ചെക്കർ ഡോട്ട് ഇൻ പുറത്തു വിട്ട രംഗത്ത് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ട കൊലപാതകവും ആക്രമണങ്ങളും നടക്കുന്ന സംസ്ഥാനം ഉത്തർപ്രദേശും ഇത്തരം കൊലപാതകങ്ങൾ ഏറ്റവും കൂടുതൽ നടന്നത് ബിജെപി സർക്കാരിന്റെ കാലത്തെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്.

നാലുപേരുടെ മരണത്തിനിടയാക്കിയ ബുലന്ദഷഹർ കലാപം കൂടിയായതോടെ ഈ സംസ്ഥാനത്ത് നടന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ അധികവും യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നശേഷമാണെന്ന് ഫാക്ട്ചെക്കർ ഡോട്ട് ഇൻ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പല രീതിയിലുള്ള ആൾകൂട്ട കൊലപാതകങ്ങളിൽ 69 ശതമാനവും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിലവിൽ വന്നതിനു ശേഷമാണ് സംസ്ഥാനത്ത് നടന്നത്.

ഈ വർഷത്തിൽ ഇതുവരെ 21 ആൾക്കൂട്ട ആക്രമണങ്ങളാണ് ഉത്തർപ്രദേശിലുണ്ടായത്. ഇവയിൽ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങളുടെ കാര്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നത് ഉത്തർപ്രദേശാണ്. യോഗി ആദ്യത്യനാഥ് അധികാരത്തിലെത്തിയ 2017 മാർച്ച് മാസത്തിനു മുമ്പ് അഞ്ച് ആക്രമണങ്ങളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനു ശേഷം ഡിസംബർ മുന്ന് വരെയുള്ള കണക്കുകൾ പ്രകാരം പതിനൊന്ന് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

തങ്ങൾ തന്നെ തയ്യാറാക്കിയ ഡാറ്റാബേസിനെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ ഫാക്ട്ചെക്കർ അവതരിപ്പിക്കുന്നത്. ഏറ്റവും പുതിയ ആക്രമണം ഡിസംബർ 3ന് ഒരു എസ്ഐ യും പൊലീസുകാരനും ഉൾപ്പെടെ മരണമടഞ്ഞതാണ്. ഇതിൽ സുബോധ് കുമാർ എന്ന പൊലീസ് ഇൻസ്പെക്ടറാണ് കൊല ചെയ്യപ്പെട്ടത്. വെടിയേറ്റായിരുന്നു സുബോധിന്റെ മരണം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഒരു പൊലീസ് വാഹനത്തിനകത്തു നിന്നും പുറത്തേക്ക് തൂങ്ങി നിൽക്കുന്ന നിലയിൽ സുബോധ് കുമാറിനെ കാണാം. പ്രക്ഷോഭകരാണ് വീഡിയോ പിടിച്ചിരിക്കുന്നത്. വീഡിയോയിൽ വെടിയൊച്ചകളും കേൾക്കാം. എന്നാൽ പുറത്തുവരുന്നു വിവരം അനുസരിച്ച് മുൻപെ തയാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ച് നടത്തിയ ആക്രമാണെന്നാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. അത് സാധൂകരിക്കുന്ന സാക്ഷി മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ പുറത്തുവരുന്ന ചില ചിത്രങ്ങൾ സുബോധ് കുമാർ സിങ്ങിന്റെ ഔദ്യോഗികവാഹനം ഒരു വയലിൽ പൂർണമായും കത്തി നശിച്ച് കിടക്കുന്നതായി കാണാം. ആക്രമണസമയത്ത് ഈ വയലിൽ ഇൻസ്പെക്ടർ കുടുങ്ങിപ്പോകുകയായിരുന്നു. ചിങ്ങാർവതി പൊലീസ് പോസ്റ്റിന് സമീപമുള്ള വയലാണിത്. പൊലീസ് ഇൻസ്പെക്ടറുടെ കൊലപാതകത്തിലെത്തിയ അക്രമം ആസൂത്രിതമെന്നു സംശയവും ഉയരുന്നുണ്ട്. 2015 സെപ്റ്റംബർ 28ന് നടന്ന അകലാഖ് ആൾക്കൂട്ട കൊലപാതകക്കേസ് തുടക്കത്തിൽ അന്വേഷിച്ചത് ഇദ്ദേഹമാണ്.

കേസിൽ വഴിത്തിരിവായ കണ്ടെത്തലുകൾക്ക് കാരണമായത് സുബോധ് നടത്തിയ ആദ്യഘട്ട അന്വേഷണമായിരുന്നെന്ന് കേസിൽ ഹാജരായ വക്കീൽ ആസാദ് ഹയാത് പറയുന്നു. വനത്തിനകത്ത് ഇരുപത്തഞ്ചോളം പശുക്കളുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് ഈ ആക്രമണം നടന്നത്.

പശുവിന്റെ ശരീരാവശിഷ്ടങ്ങൾ മറ്റെവിടെനിന്നോ കൊണ്ടിട്ടതാണെന്ന സാക്ഷിമൊഴികളും തബ്ലീഗ് ഇജത്മ മുസ്ലിം ആഘോഷം നടക്കുന്ന ബുലന്ദ്ശഹറിലേക്കു ട്രാക്ടറിൽ കൊണ്ടുപോകാൻ ശ്രമം നടന്നെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുമാണു കാരണം. അവിടെ കശാപ്പോ ഇറച്ചിവിൽപ്പനയോ കണ്ടില്ലെന്നു നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പശുത്തോലും തലയും മറ്റും കണ്ടെത്തിയെന്നു വാർത്ത പരന്നയുടൻ ബജ്രംഗ്ദൾ, ഹിന്ദു യുവവാഹിനി പ്രവർത്തകർ തടിച്ചുകൂടി സംഘർഷം സൃഷ്ടിച്ചെന്നും നാട്ടുകാർ പറയുന്നു.

പ്രശ്നം നാട്ടിൽത്തന്നെ പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും അവശിഷ്ടങ്ങൾ ബുലന്ദ് ശഹറിലേക്കു കൊണ്ടുപേകാനാണു ശ്രമമെന്ന് തഹസിൽദാർ രാജ്കുമാർ വെളിപ്പെടുത്തി. അതിനിടെ, പൊലീസിന്റെ വെടിയേറ്റാണ് ഇൻസ്പെക്ടർ മരിച്ചതെന്ന റൊഹാനിയയിലെ ബിജെപി: എംഎ‍ൽഎ. സുരേന്ദ്ര സിങ്ങിന്റെ വാദം വിവാദമായി. ഇരുഭാഗത്തുനിന്നും വെടിവയ്പുണ്ടായി. ഇൻസ്പെക്ടർക്കു വെടിയേറ്റതു മനഃപൂർവമാകണമെന്നില്ല. സംഭവത്തിൽ ബജ്രംഗ് ദൾ പ്രവർത്തകർക്കു പങ്കില്ലെന്നും സുരേന്ദ്ര സിങ് പറഞ്ഞു. എന്നാൽ, ഗ്രാമീണരുടെ പക്കൽ കള്ളത്തോക്കുകളുണ്ടെന്നും അതിൽനിന്നാകാം വെടിയേറ്റതെന്നും പൊലീസ് പറയുന്നു.