ലക്‌നൗ: ലോകത്തെ മുഴുവൻ ദുരിതത്തിലാക്കിയ കൊറോണവൈറസിൽ നിന്ന് രക്ഷ നേടാൻ തനതായ മാർഗ്ഗം നോക്കിയിരിക്കുകയാണ് യുപിയിലെ ഒരു ഗ്രാമം. വൈറസ് ബാധയിൽനിന്നും രക്ഷ നേടാൻ 'കൊറോണ മാതാ' ക്ഷേത്രം സ്ഥാപിച്ചിരിക്കുകയാണ് പ്രതാപ്ഗഢ് ജില്ലയിലെ ശുkdneപൂർ നിവാസികൾ. എന്നാൽ, ക്ഷേത്രത്തിന് അധികം ആയുസുണ്ടായില്ല. വെള്ളിയാഴ്ച രാത്രി യുപി പൊലീസ് ക്ഷേത്രം നീക്കം ചെയ്തു. സംഗിപൂർ മാർക്കറ്റിൽ നിന്ന് രണ്ടുകിലോമീറ്റർ അകലെയാണ് ജുഹി ശുക്ലാപൂർ ഗ്രാമം. സംഗിപൂരിലെ പൊലീസ് രാത്രി എത്തി ക്ഷേത്രം തകർത്തുകളഞ്ഞു. ക്ഷേത്രാവശേഷിപ്പുകൾ ഒരു ട്രാക്ടർ ട്രോളിയിൽ കൊണ്ടുപോവുകയും ചെയ്തു.


ക്ഷേത്രവിഗ്രഹം സ്ഥാപിച്ച ലോകേഷ് ശ്രീവാസ്തവ എന്നയാളിന്റെ മൂത്തസഹോദരനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇപ്പോൾ കുടുംബാംഗങ്ങൾ പൊലീസ് തങ്ങളെ പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് അന്ധവിസ്വാസം പ്രോത്സാഹിപ്പിക്കാൻ ആവില്ലെന്ന് പറഞ്ഞ് നടപടി സ്വീകരിച്ചത്.

നൂറുകണക്കിന് ഗ്രാമീണരാണ് ഇവിടെ പ്രാർത്ഥനയക്ക് എത്തിയിരുന്നത്. കോവിഡിന്റെ നിഴൽ ശുകുൾപൂരിലും സമീപ ഗ്രാമങ്ങളിലും വീഴരുതെന്നാണ് ആളുകളുടെ പ്രാർത്ഥന. കൊറോണ മാത എന്ന മാസ്‌ക് ധരിച്ച വിഗ്രഹവും ഇവിടെ സ്ഥാപിച്ചിരുന്നു. ഇവിടെ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആരാധനാലയ നടത്തിപ്പുകാർ എടുത്തുപറഞ്ഞിരുന്നു.

പ്രാർത്ഥിക്കാനെത്തുന്നവർ മാസ്‌ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നുമായിരുന്നു നിർദ്ദേശം.ഗ്രാമീണരിൽ നിന്നും സംഭാവന സ്വീകരിച്ചാണ് ചെറിയ ആരാധനാലയം പണി കഴിപ്പിച്ചത്. കൊറോണ മാതയോട് പ്രാർത്ഥിച്ചാൽ മഹാമാരിയിൽനിന്നും രക്ഷ ലഭിക്കുമെന്ന പൂർണ വിശ്വാസത്തിലാണ് കൊറോണ മാതാ മന്ദിർ സ്ഥാപിച്ചതെന്ന് ഗ്രാമീണർ പറയുന്നു.

രാജ്യത്ത് ഇത് ആദ്യമല്ലെന്നും പ്ലേഗ്, വസൂരി പോലെ മഹാമാരികൾ പടർന്ന് നിരവധി പേർ മരിച്ചപ്പോൾ ഇത്തരത്തിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും കൊറോണ മാതാ മന്ദിറിലെ പൂജാരി രാധേ ശ്യാം പറഞ്ഞു.