ലക്‌നൗ: യുപിയിലെ ഒരു റസ്റ്റോറണ്ടിൽ ഇറ്റാലിയൻ വിഭവത്തിന് രാഹുൽ ഗാന്ധിയുടെ പേരിട്ടതിൽ കോൺഗ്രസിന്റെ പ്രതിഷേധം. ഇറ്റാവയിലെ സ്വകാര്യ ഹോട്ടലാണ് 'ഇറ്റാലിയൻ രാഹുൽ ഗാന്ധി' എന്ന് പേരിട്ടത്. നഗരത്തിലെ സിവിൽ ലൈൻസ് ഭാഗത്ത് ഇറ്റാലിയൻ വിഭവങ്ങളായ ഇറ്റാലിയൻ പാസ്ത, മെക്‌സിക്കൻ പാസ്ത, ഹാങ്ങോവർ പാസ്ത എന്നിവയെല്ലാം ഇറ്റാലിയൻ രാഹുൽ ഗാന്ധി എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

രാഹുൽ ഗാന്ധി തന്റെ അവധിക്കാലം സാധാരണ ചെലവഴിക്കാറുള്ളത് ഇറ്റലിയിലെ മുത്തശ്ശിക്കൊപ്പമാണ്. രാഹുലിന്റെ ഓരോ വിദേശ സന്ദർശനവും അദ്ദേഹത്തെ വിമർശിക്കാനുള്ള ആയുധമായി ബിജെപി ഉപയോഗിക്കാറുമുണ്ട്. ഈ പശ്ചാത്തലത്തിൽ, ഹോട്ടൽ ഉടൻ മെനുകാർഡിൽ നിന്ന് രാഹുൽ ഗാന്ധിയുടെ പേര് പിൻവലിച്ച്, മാപ്പ് പറഞ്ഞില്ലെങ്കിൽ, ശക്തമായ പ്രക്ഷോഭം നടത്തുമെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ് നൽകി്. പാർട്ടി ജില്ലാ ഭാരവാഹികൾ എസ്‌പി ഓഫീസിൽ എത്തി പരാതി നൽകി. നടപടി എടുക്കാമെന്ന് എസ്‌പി ഉറപ്പുനൽകിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

സർക്കാർ സ്ഥലം അനധികൃതമായി കൈയേറിയാണ് റസ്റ്റോറന്റ് നിർമ്മിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. നേതാവിനെ അപമാനിക്കാൻ വേണ്ടിയാണ് മെനുകാർഡിൽ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്രവൃത്തി ചെയ്തവർ ആരായാലും കേസെടുത്ത് അറസ്റ്റ് നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ ജയിലിൽ അടയ്ക്കണമെന്നും കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പല്ലവ് ദുബെ ആവശ്യപ്പെട്ടു.