തിരുവനന്തപുരം: ഊരാളുങ്കൽ സൊസൈറ്റിയുടെ പേരിൽ ഉദ്യോഗസ്ഥർ തമ്മിൽ കടുത്ത ഭിന്നത. പാവപ്പെട്ടവർക്ക് വീടു നിർമ്മിച്ചു നൽകാനുള്ള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അപ്പാർട്‌മെന്റ് നിർമ്മാണത്തിനു കരാർ ഊരാളുങ്കലിന് നൽകുന്നതിന്റെ പേരിലാണ് ഉദ്യോഗസ്ഥർ തമ്മിലടിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരടക്കം ഒരു കൂട്ടം ഉദ്യോഗസ്ഥർ കരാർ ഊരാളുങ്കിലിന് നൽകരുതെന്ന് പറയുമ്പോൾ ചീഫ് സെക്രട്ടറിയടക്കമുള്ളവരുടെ തീരുമാനം കരാർ ഊരാളുങ്കലിന് തന്നെ നൽകണമെന്നാണ്. അതേസമയം സംസ്ഥാനം ഒട്ടുക്ക് ഉള്ള ഒരു പദ്ധതി ആയിട്ടും ഊരാളുങ്കൽ അല്ലാതെ മറ്റൊരും കരാറിന് അപേക്ഷിച്ചിട്ടു പോലും ഇല്ല.

ടെൻഡറിൽ പങ്കെടുത്ത ഏക കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു കരാർ നൽകണമെന്നു ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തെങ്കിലും മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പിൽ ഇതു ചട്ടലംഘനമാകുമെന്നു തദ്ദേശവകുപ്പ് സെക്രട്ടറിയായിരുന്ന ബി.അശോക് കുറിപ്പെഴുതി. ഇതോടെ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനം മാറ്റിവച്ചു. ഇതോടെ ഉദ്യോഗസ്ഥർ തമ്മിൽ കടുത്ത ഭിന്നിപ്പിലും ആയി. അശോകിനെ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റുകയും ലൈഫ് മിഷൻ സിഇഒ: അദീല അബ്ദുല്ല അവധിയിൽ പ്രവേശിച്ചു. ലൈഫ് മിഷൻ സാങ്കേതികവിദഗ്ധനായി സർക്കാർ നിയമിച്ച മുൻ ചീഫ് എൻജിനീയർ കെ.സുന്ദരൻ രാജി നൽകുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്ത് വന്നത്.

അതേസമയം കോഴിക്കോട്ടെ സിപിഎം ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി വമ്പൻ ചരട് വലികൾ നടക്കുന്നതായാണ് സൂചന. കേരളത്തെ നിയന്ത്രിക്കുന്നത് ഊരാളുങ്കലാണെന്ന ചർച്ച സജീവമാക്കുന്നതാണ് പുതിയ വിവാദം. അഞ്ചര ലക്ഷം പാവങ്ങൾക്ക് വീടു നൽകാനുള്ള ലൈഫ്മിഷൻ പദ്ധതിയെ ചൊല്ലി ഐഎഎസുകാർക്കിടയിൽ ചേരി പോര് രൂക്ഷമാകുമ്പോഴാണ് ഇത്തരത്തിൽ ചർച്ചകൾ ഉയരുന്നത്. സർക്കാരിന്റെ രണ്ടാംവാർഷികാഘോഷങ്ങളുടെ ഭാഗമായി പദ്ധതിയുടെ ഉദ്ഘാടനം നടത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കർശനനിർദ്ദേശത്തെ തുടർന്നാണ് ഏക കരാറുകാരാണെങ്കിലും തുക സർക്കാർ എസ്റ്റിമേറ്റിനെക്കാൾ കുറവായതിനാൽ ഊരാളുങ്കൽ സൊസൈറ്റിക്കു നിർമ്മാണക്കരാർ നൽകണമെന്നു സംസ്ഥാനതല ഉന്നതാധികാര സമിതിയിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്.

പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സർക്കാരിന്റെ അഭിമാനപദ്ധതി വൈകുന്നതിന്റെ പേരിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു. ഒരു വർഷത്തിലേറെ നീണ്ടുപോയ നടപടിക്രമങ്ങൾക്കു ശേഷം കഴിഞ്ഞ ജനുവരിയിലാണു ചെമ്മനാട്, പുനലൂർ, പുതുപ്പാടി, പെരിന്തൽമണ്ണ, ചിറ്റൂർ, സുൽത്താൻബത്തേരി എന്നിവിടങ്ങളിലെ നിർമ്മാണത്തിനു ടെൻഡർ വിളിച്ചത്. അപേക്ഷകരിൽ ഊരാളുങ്കൽ സൊസൈറ്റി മാത്രമാണു ടെൻഡർ സമർപ്പിക്കാൻ യോഗ്യത നേടിയത്. ഇവർ പെരിന്തൽമണ്ണയിലെ അപ്പാർട്‌മെന്റിനു മാത്രമാണു ടെൻഡർ നൽകിയത്.

14 ജില്ലകളിൽ 14 അപ്പാർട്ട്‌മെന്റുകൾക്കായി 75 കോടി രൂപയാണു സർക്കാർ ചെലവ് കണക്കാക്കിയിരുന്നത്. പെരിന്തൽമണ്ണയിലെ 48 ഫ്‌ളാറ്റുകൾക്ക് ഊരാളുങ്കല്ഡ സൊസൈറ്റി 11.11 ലക്ഷം വെചത്ച് 5.33 കോടിയാണ് ക്വോട്ട് ചെയ്തത്. സർക്കാർ 15 ലക്ഷം കണക്കാക്കിയിടത്താണ് സൊസൈറ്റി നാല് ലക്ഷം കുറച്ചത്. ഇതിലും താഴ്ന്ന നിരക്ക് മറ്റ് ഏജൻസികൾക്ക് ക്വോട്ട് ചെയ്യാനാകൂ. ഊരാളുങ്കലിന്റെ നിരക്ക് മറ്റ് ഏജൻസികൾ അംഗീകരിച്ചില്ലെങ്കിൽ മുഴുവൻ ജോലികളും അവർക്ക് നൽകേണ്ടി വരും. എല്ലാം ഊരാളുങ്കലിന് കൊടുക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് ഉയരുന്ന ആക്ഷേപം.

പദ്ധതി അടിയന്തരമായി നടപ്പാക്കേണ്ടതിനാൽ പെരിന്തൽമണ്ണയിലെ കരാർ ഊരാളുങ്കലിനു നൽകാനും മറ്റ് അഞ്ച് അപാർട്‌മെന്റുകളുടെ നിർമ്മാണത്തിനു വീണ്ടും ടെൻഡർ വിളിക്കാനുമാണു ചീഫ് സെക്രട്ടറി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇതിന് അംഗീകാരം നൽകിയെങ്കിലും മന്ത്രി കെ.ടി.ജലീൽ ഇക്കാര്യം മന്ത്രിസഭയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണു മന്ത്രിസഭായോഗത്തിനുള്ള ഫയലിൽ തീരുമാനം കേന്ദ്ര വിജിലൻസ് ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് അശോക് കുറിപ്പെഴുതിയതും തുടർന്ന് അദ്ദേഹത്തെ പാർലമെന്ററികാര്യ സെക്രട്ടറിയായി സ്ഥലംമാറ്റിയതും. അദീല അബ്ദുല്ല അവധിയെടുത്തതിനെത്തുടർന്ന് ലൈഫ് മിഷൻ സിഇഒ സ്ഥാനത്തേക്ക് പുതിയ നിയമനം നടത്താനാണ് സർക്കാർ തീരുമാനം.

ഊരാളുങ്കൽ പദ്ധതികളെ അംഗീകരിച്ചില്ലെങ്കിൽ ഐഎഎസുകാർക്ക് പണിയെടുക്കാനാവാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് പ്രധാന ചുമതലുള്ള ഐഎഎസുകാരൻ മറുനാടനോട് പറഞ്ഞു. ഇതോടെ 30,000 കോടി ചെലവിടുന്ന സർക്കാരിന്റെ അഭിമാന പദ്ധതി പ്രതിസന്ധിയിലായി. സൊസൈറ്റിക്ക് നൽകാനുള്ള നടപടിക്രമങ്ങളെക്കുറിച്ചാണ് ഐഎഎസുകാർക്കിടയിൽ പ്രധാന ഭിന്നത. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിലപാടുള്ള ഐഎഎസുകാർക്കൊന്നും നല്ല സ്ഥാനങ്ങൾ നൽകിയിട്ടില്ല. പലരും പീഡിപ്പിക്കപ്പെട്ടു. ഇതിൽ അവസാനത്തേതാണ് അദിലയുടെ നീണ്ട അവധിയെടുക്കൽ.

ടെൻഡറില്ലാതെ സൊസൈറ്റിക്ക് 60 കോടിയുടെ നിർമ്മാണ കരാർ നൽകാൻ ഉന്നതസമ്മർദ്ദം ഉദ്യോഗസ്ഥർക്കുമേൽ ഉണ്ടായി. ഫെബ്രുവരിയിൽ വിളിച്ച ടെൻഡറുകളിൽ ഉയർന്ന യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചതിനാൽ പങ്കാളിത്തം കുറവായിരുന്നു. എന്നാൽ ഒറ്റ ടെൻഡർ അടിസ്ഥാനത്തിൽ മലപ്പുറത്തെ 6 കോടിയുടെ നിർമ്മാണം സൊസൈറ്റിക്ക് നൽകണമെന്ന് ചീഫ് സെക്രട്ടറി രേഖാമൂലം നിർദ്ദേശം നൽകി. ഭാവിയിൽ നിയമനടപടി നേരിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ചീഫ് സെക്രട്ടറി വഴങ്ങിയില്ല. മന്ത്രിസഭാ യോഗത്തിനു സമർപ്പിച്ച കുറിപ്പിൽ ഒറ്റ ടെൻഡർ നടപടിയിലെ അപാകത ചൂണ്ടിക്കാണിച്ചതാണ് ഡോ. ബി. അശോകിന് കുരുക്കായത്. ഇതിന് പിന്നാലെയാണ് ആദീല അബ്ദുള്ളയുടെ ദീർഘകാല അവധിയും.

ഒറ്റ ടെൻഡറിലെ കുറഞ്ഞ നിരക്കിൽ സർക്കാർ പ്രവൃത്തികൾ നൽകിക്കൂടായെന്നാണ് അശോക് നിലപാട് എടുത്തത്. ?15ദിവസം നീട്ടി നൽകണം. മത്സരമില്ലെങ്കിൽ റീ-ടെൻഡർ ചെയ്യണം. കേന്ദ്രവിജിലൻസ് കമ്മിഷൻ ചട്ടവും ഇങ്ങനെയാണ്. ഒറ്റടെൻഡറിലെ നിരക്കുമായി മറ്റ് ഏജൻസികൾ മത്സരിക്കണമെന്ന ചീഫ്സെക്രട്ടറിയുടെ വാദം ഹൈക്കോടതി ഉത്തരവിനെതിരാണ്. സൊസൈറ്റിയെ അവിഹിതമായി സഹായിക്കുന്നതായി വ്യാഖ്യാനിക്കപ്പെടാം. ഉദ്യോഗസ്ഥർ കുടുങ്ങുമെന്നായിരുന്നു അശോക് നിലപാട് എടുത്തത്. ഇതോടെയാണ് അശോകിനെ ഉത്തരവാദിത്തത്തിൽ നിന്നും മാറ്റിയത്.

ആറിടത്ത് ഫ്ളാറ്റിന് ടെൻഡർ ക്ഷണിച്ചെങ്കിലും പെരിന്തൽമണ്ണയിലേ ഒരെണ്ണം ( ഊരാളുങ്കൽ ) ലഭിച്ചുള്ളൂ. ഡിസൈൻ ആൻഡ് ബിൽഡ്' മാതൃകയിൽ സ്ഥലം, മണ്ണ് പരിശോധനയ്ക്ക് മുൻകൂർ പണം മുടക്കേണ്ടതിനാലാണ് മറ്റ് ഏജൻസികൾ പിൻവലിഞ്ഞത്. അവശ്യം വേണ്ട ചുറ്റുമതിൽ, പൊതുഇടം, അഗ്നിസുരക്ഷ, മാലിന്യ നിർമ്മാർജ്ജനം, ഡ്രെയിനേജ്, കുടിവെള്ളം തുടങ്ങിയവ ഇല്ലാതെയായിരുന്നു ഊരാളുങ്കലിന്റെ ടെൻഡർ. ഫ്ളാറ്റ് വിസ്തൃതി 500ചതുരശ്ര അടിയിൽനിന്ന് 467ലേക്ക് ചുരുക്കി. സ്ഥലമൊരുക്കേണ്ട ചെലവു കൂടിയാവുമ്പോൾ അഞ്ച് ശതമാനം നിരക്ക് കൂടുമെന്ന് ഡോ.ബി. അശോകും, അവശ്യ സൗകര്യങ്ങളോടെ ഫ്ളാറ്റുണ്ടാക്കാൻ 14.50ലക്ഷം വേണമെന്ന് പരിസ്ഥിതി, ധനസെക്രട്ടറിമാരും ചീഫ്എൻജിനിയറും ചൂണ്ടിക്കാട്ടിയിട്ടും ചീഫ്സെക്രട്ടറി വഴങ്ങിയില്ല. ഇവിടെയാണ് വിവാദങ്ങളുടെ തുടക്കം.

പെരിന്തൽമണ്ണയിലെ നിരക്കിൽ സംസ്ഥാനത്താകെ എല്ലാ ഏജൻസികളും പ്രവൃത്തികൾ ഏറ്റെടുക്കണമെന്ന് ചീഫ്സെക്രട്ടറി നിർദ്ദേശിച്ചു. ഒറ്റ ടെൻഡർ തുറക്കാൻ നിയമ തടസമുണ്ടെന്ന് അദീല അബ്ദുള്ള അറിയച്ചപ്പോൾ, ടെൻഡർ തുറന്നിട്ടേ ഇനി യോഗം ചേരൂ എന്നായി ചീഫ് സെക്രട്ടറി. ഗതികെട്ട് ടെൻഡർ തുറന്ന സി. ഇ. ഒയെ ഒഴിവാക്കി, അനുമതിക്കായി ചീഫ്സെക്രട്ടറി ഫയൽ മുഖ്യമന്ത്രിക്ക് അയച്ചു. ഒറ്റടെൻഡർ തുറന്നത് തന്റെ നിർദ്ദേശ പ്രകാരമാണെന്ന് ചീഫ്സെക്രട്ടറി മുഖ്യമന്ത്രിയിൽ നിന്ന് മറച്ചു വച്ചതോടെ അദീല അബ്ദുള്ള അവധിയെടുത്തു. ഒമ്പത് മാസം മാത്രമേ ഫോർട്ട് കൊച്ചി സബ്കലക്ടർ സ്ഥാനത്ത് അദീല അബ്ദുള്ളയെന്ന യുവ ഐഎഎസുകാരി ഇരുന്നുള്ളൂ. അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ എതിർപ്പുകളെ വകവെക്കാതെ രംഗത്തിറങ്ങിയതോടെയാണ് അന്ന് കസേര തെറിച്ചത്. ഈ നിലപാടിൽ ഇന്നും അവർ മാറ്റം വരുത്തിയിട്ടില്ല. ഇതാണ് ഊരാളുങ്കലിലും നിറയുന്നത്.

നെൽവയൽ നികത്തുന്നത് തടയുകയും സർക്കാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകുകയും ചെയ്ത അദീല ശക്തമായ നടപടികളാണ് കൊച്ചി സബ് കളക്ടറായിരിക്കെ കൈക്കൊണ്ടിരുന്നത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭൂമി കൈയേറ്റത്തിനെതിരെ കർശന നിലപാട് സബ് കലക്ടർ സ്വീകരിച്ചിരുന്നു. നഗരത്തിലെ പലയിടങ്ങളിലായി 60 കോടിയോളം വിലവരുന്ന ഭൂമി കൈയേറ്റം കണ്ടെത്തി അദീല അബ്ദുല്ലയുടെ നേതൃത്വത്തിലെ സംഘം നടപടി സ്വീകരിച്ചിരുന്നു. ഇതിൽ പ്രധാനമായത് സ്വകാര്യവ്യക്തികൾ കൈവശം വെച്ച ആസ്പിൻവാൾ ഭൂമി സർക്കാറിലേക്ക് തിരികെ പിടിച്ചതാണ്.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടി വെച്ചുതാമസിപ്പിക്കാതെ ഭൂമി തിരിച്ചു പിടിച്ചു അദീലയും ഉദ്യോഗസ്ഥരും. ഒടുവിൽ കൊച്ചിയിലെ വമ്പന്മാരുടെ കൊച്ചിൻ ക്ലബ്ബ് അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി കോടികൾ വിലവരുന്ന 4 ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന നിർദ്ദേശവും അദീല നൽകിയിരുന്നു. കൊച്ചിൻ ക്ലബ്ബിൽ തൊട്ടപ്പോൾ സിപിഎമ്മിലെ തന്നെ പ്രമുഖർക്ക് പൊള്ളി. അങ്ങനെ സ്ഥലം മാറ്റമെത്തി. അധികമാരും അറിയാതെ പബ്ലിസിറ്റിയില്ലാതെ ആയിരുന്നു അവരുടെ നടപടികൾ. ഹോട്ടൽ ഗ്രൂപ്പായ ട്രെൻഡൺ കായൽ കൈയേറി പണിത് ബോട്ട് യാർഡ് പൊളിച്ചു നീക്കാനും നടപടി സ്വീകരിച്ചത് അദീലയായിരുന്നു.