ന്യൂഡൽഹി: അമേരിക്ക ഇങ്ങനെയാണ്. ലോക പൊലീസ് ആണ് എന്ന് സ്ഥാപിക്കാൻ അവർക്ക് ഇടക്കിടെ ചില കമ്മീഷനെ നിയമിക്കാം. മനുഷ്യാവകാശം, മതസ്വാതന്ത്ര്യം എന്ന് വേണ്ട മറ്റൊരു രാജ്യത്തെ കുറ്റപ്പെടുത്താൻ പറ്റിയ എന്തിനും അവർക്ക് കമ്മീഷൻ ഉണ്ട്. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന വിദേശ ഭരണകൂടങ്ങൾ അവയെല്ലാം പച്ചപരവതാനി വിരിച്ച് സ്വീകരിക്കും. എന്നാൽ ഇരക്കുറി ആ നമ്പർ ഇന്ത്യയുടെ അടുത്ത് നടന്നില്ല. ഇന്ത്യയിലെ മത സഹിഷ്ണുതയുടെ തോത് അളക്കാൻ അമേരിക്ക നിയമിച്ച കമ്മീഷന് വിസ നിഷേധിച്ചാണ് ഇന്ത്യ തിരിച്ചടിക്കുന്നത്.

മാർച്ച് നാലോടെ ഇന്ത്യയിലെത്താനായിരുന്നു കമ്മീഷന്റെ പദ്ധതി. എന്നാൽ മതസ്വാതന്ത്ര്യമെന്നത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും അതിലേക്ക് പുറത്ത് നിന്നുള്ളവർ ഇടപെടൽ നടത്തേണ്ടതില്ലെന്നും ഇന്ത്യ വിശദീകരിച്ചു. എന്നാൽ ഇക്കാര്യത്തിൽ കടുത്ത അമർഷമാണ് അമേരിക്കയ്ക്കുള്ളത്. ആരുടേയും ആഭ്യന്തരകാര്യങ്ങളിൽ ഇടപെടൽ അല്ല ഉദ്ദേശമെന്നാണ് അമേരിക്ക പറയുന്നത്. മതസഹിഷ്ണുതയെന്ന ആശയത്തിന്റെ സാധ്യതകൾ മനസ്സിലാക്കാനാണ് ശ്രമമെന്നും പറയുന്നു. ഈ വിവാദത്തെ മോദി സർക്കാരുമായി കൂട്ടികുഴയ്‌ക്കേണ്ടതില്ലെന്നും അമേരിക്ക വിശദീകരിക്കുന്നു.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഒബാമയും തമ്മിൽ നല്ല ബന്ധമാണുള്ളത്. ഈ സാഹചര്യത്തിൽ കൂടിയാണ് മതസ്വാതന്ത്ര്യത്തെ കുറിച്ച് പഠിക്കാൻ നീക്കം സീജവമാക്കിയത്. എന്നാൽ മുൻ യുപിഎ സർക്കാരിന്റെ അതേ നിലപാട് മോദിയും എടുക്കകുയായിരുന്നു. ഏഴ് വർഷമായി ഇന്ത്യയിൽ ഇത്തരമൊരു പഠനത്തിന് അമേരിക്ക ശ്രമിക്കുന്നുണ്ട്. എന്നാൽ വിസ അനുവദിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ മോദിയെ കുറ്റപ്പെടുത്താൻ അമേരിക്കയ്ക്ക് കഴിയുകയുമില്ല. മന്മോഹൻ സർക്കാരും ഈ വിഷയത്തിൽ അമേരിക്കൻ സംഘത്തിന് വിസ അനുവദിച്ചിരുന്നില്ല.

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് പഠിക്കാനുള്ള അമേരിക്കൻ ശ്രമത്തെ അതിരൂക്ഷമായ ഭാഷയിൽ ഇന്ത്യ നേരത്തെ വിമർശിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ ഏറ്റവും പ്രധാന സഖ്യകക്ഷികളായ സൗദി അറേബ്യയിലേയും പാക്കിസ്ഥാനിലേയും മതസ്വാതന്ത്ര്യത്തെ കുറിച്ച് പഠിച്ചിട്ട് പോരെ ഇന്ത്യയെ പരീക്ഷണ വസ്തുവാക്കാനുള്ള നീക്കമെന്നായിരുന്നു വിമർശനങ്ങൾ. എല്ലാ മതങ്ങൾക്കും സ്വതന്ത്രമായ ആരാധനാ സ്വാതന്ത്ര്യമുണ്ടെങ്കിൽ മാത്രമേ രാജ്യങ്ങളിൽ സമാധാനും പ്രത്യാശയും ഉണ്ടാകൂവെന്നാണ് അമേരിക്കയുടെ നിലപാട്. ഇന്ത്യൻ മതേതരത്വത്തിന്റെ കരുത്ത് ഇതാണെന്നും അമേരിക്ക സമ്മതിക്കുന്നു. ഇതേ കുറിച്ച് മനസ്സിലാക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നതെന്നും മറ്റ് വിവാദങ്ങൾ ആവശ്യമില്ലെന്നും അമേരിക്കയും പറയുന്നു.

വിസ നിഷേധിക്കൽ ഇന്ത്യാ-അമേരിക്ക ബന്ധത്തെ ബാധിക്കില്ലെന്നാണ് വിശദീകരണം. യുപിഎ സർക്കാരിന്റെ കാലത്ത് കിട്ടാത്ത അനുമതി ഇപ്പോൾ മോദി നൽകുമെന്ന പ്രതീക്ഷയിലാണ് വീണ്ടും സംഘത്തെ അയക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്നതാണ് വിലയിരുത്തൽ. എന്നാൽ ഈ വിഷയത്തോടെ മോദി സർക്കാരുമായും അമേരിക്ക അകലം പാലിക്കുമെന്നാണ് സൂചന. പ്രധാനപ്പെട്ട പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിൽ മോദി സർക്കാരിന് വേഗതയില്ലെന്ന് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ദീർഘ കാലമായി നടപ്പാക്കാതെ കിടക്കുന്ന പ്രധാന പരിഷ്‌കാരങ്ങളായ ചരക്കു സേവന നികുതി, ഭൂമി ഏറ്റെടുക്കൽ ബില്ല് എന്നിവ മോദി സർക്കാർ ത്വരിത ഗതിയിലാക്കുന്നില്ല. അസ്ഥിരമായ പരിസ്ഥിതി വ്യവസ്ഥകൾ, സുതാര്യത ഇല്ലാത്തതും അനിശ്ചിതത്വം നിറഞ്ഞതുമായ കോർപ്പറേറ്റ് നിയമങ്ങൾ എന്നിവ മൂലം അമേരിക്കൻ ബിസിനസ്സുകാർ ഇപ്പോഴും ഇന്ത്യയിൽ വ്യവസായങ്ങൾ ആരംഭിക്കാൻ പ്രയാസമാണെന്നും അമേരിക്കൻ ഡിപ്പാർറ്റ്‌മെന്റ് ഓഫ് കമേഴ്‌സിലെ അസിസ്റ്റന്റ് സെക്രട്ടറി അരുൺ കുമാർ പറഞ്ഞിരുന്നു.