ന്യൂയോർക്ക്: ഐസിസ് എന്ന ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭീകരതയുടെ പിന്നിൽ അമേരിക്കയും ഇസ്രയേലുമാണോ? ഈ ചോദ്യം ഏറെ നാളുകളായി പശ്ചിമേഷ്യൻ ചിന്തകർ ഉയർത്തുന്നുണ്ട്. അത്തരം ഒരു വാർത്ത മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചതുമാണ്. ആ വാദത്തിന് ബലം പകരുകയാണ് ഏറ്റവും ഒടുവിൽ ഇവിടെ നിന്നുള്ള വാദങ്ങൾ. അമേരിക്കയും യൂറോപ്യൻ യൂണിയനും എക്കാലവും ഭയത്തോടെ കഴിയുന്ന റഷ്യയുടെ ഏതാനും ദിവസങ്ങളായുള്ള ഇടപെടൽ ആണ് ഈ തിയറിക്ക് ബലം പകരുന്നത്. റഷ്യ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു എന്നു ചോദിച്ചു ബഹളം വച്ചിരുന്നവർ റഷ്യ കൃത്യ സ്ഥാനം നോക്കി പ്രഹരം തുടങ്ങിയപ്പോൾ അതിനു കുറ്റം കണ്ടു പിടിക്കുകയാണ്. ഐസിസിനെ അക്രമിക്കുന്നതിനു പകരം വിമതരെ റഷ്യ ലക്ഷ്യം വെയ്ക്കുന്നു എന്നാണ് ഇവർ ഉയർത്തുന്ന ആരോപണം.

സദ്ദാം ഹുസൈനെയും കേണൽ ഗദ്ദാഫിയെയും പുറത്താക്കിയതുപോലെ പശ്ചാത്യ ലോകം പുറത്താക്കാൻ നോക്കി വച്ചിരിക്കുന്ന അടുത്ത ഭരണാധികാരിയാണ് സിറിയൻ പ്രസിഡന്റ് അസാദ്. അസാദിന്റെ താഴെ ഇറക്കാൻ പണം നൽകുന്നത് അമേരിക്കയും യൂറോപ്യൻ ഭരണകൂടവുമാണ്. ഈ വിമതരാണ് യഥാർത്ഥത്തിൽ സിറിയയുടെ നിയന്ത്രണം നഷ്ടമാകുന്ന തരത്തിൽ ഐസിസിന്റെ കരുത്ത് പകരുന്നത്. റഷ്യയുടെ അക്രമത്തിൽ ഐസിസിന്റെയും വിമതരുടെയും ലക്ഷ്യ സ്ഥാനങ്ങൾ തകരുന്നതോടെ പാശ്ചാത്യ ലോകം ആശങ്കയോടെ രംഗത്തെത്തി കഴിഞ്ഞു. ലോകം എമ്പാടും പടർന്നു പിടിക്കുന്ന ഐസ്ലാമിനെ കൊലയുടെയും ക്രൂരതയുടെയും ആശയമാക്കി മാറ്റി അതിന്റെ വളർച്ച മുരടിപ്പിക്കാൻ സിഐഎ ഒരുക്കിയ കെണിയാണ് ഐസിസ് എന്ന ചിന്തയെ അടിവരയിടുകയാണ് ഈ നീക്കങ്ങൾ.

സിറിയയും ഇറാഖും ഇറാനും റഷ്യയുടെ മുൻകൈയിൽ ഒരുമിച്ചു പ്രവർത്തിച്ചാൽ ഞൊടിയിടയിൽ ഐസിസിനെ തകർക്കാം എന്നു കഴിഞ്ഞ ദിവസം അസാദ് പ്രഖ്യാപിച്ചതാണ്. ഈ കൂട്ടുകെട്ട് അമേരിക്കയും യൂറോപ്യൻ യൂണിയനെയും ഭയപ്പെടുത്തുകയാണ്. ഇസ്ലാമിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യവും പശ്ചിമേഷ്യയിൽ പിടിമുറുക്കുക എന്ന ലക്ഷ്യവും ഇതോടെ നടക്കില്ല എന്നു വ്യക്തമായതാണ് ഇവരുടെ പരിഭ്രാന്തിക്ക് കാരണം. ഈ ലക്ഷ്യം പരാചയപ്പെട്ടാൽ ഐസിസിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്നു യൂറോപിനും അമേരിക്കക്കും ഈ ലക്ഷ്യത്തെ പിന്തുണയ്ക്കണമെന്നുമാണ് കഴിഞ്ഞ ദിവസം സിറിയൻ പ്രസിഡന്റ് അസാദ് വ്യക്തമാക്കിയത്. സിറിയയിൽ റഷ്യ ആരംഭിച്ച വ്യോമാക്രമണം തന്നെ രക്ഷിക്കാനാണെന്ന വിമർശനങ്ങളെ ശരിവക്കുക കൂടിയാണ് അസദ്.

രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലെ റഷ്യൻ ഇടപെടൽ പരാജയപ്പെട്ടാൽ മദ്ധ്യപൂർവേഷ്യ തകരുമെന്ന് അസദ് പറഞ്ഞു. റഷ്യ, സിറിയ, ഇറാഖ്, ഇറാൻ എന്നിവരുടെ സഖ്യം പരാജയപ്പെട്ടാൽ പ്രദേശം തകരുമെന്നാണ് അദ്ദേഹം പറഞ്ഞത്. സഖ്യം വിജയിക്കാനുള്ള സാദ്ധ്യത വളരെക്കൂടുതലാണെന്നും ഇത് വളരെ പ്രസക്തമാണെന്നുമാണ് അസദിന്റെ പക്ഷം. ഐസിസുൾപ്പെടെയുള്ള തീവ്രവാദ സംഘടനകളെ അമർച്ച ചെയ്യാൻ ഗൾഫ് സഖ്യരാജ്യങ്ങളും പടിഞ്ഞാറൻ ശക്തികളും ഉൾപ്പെടെയുള്ളവരെ അദ്ദേഹം ക്ഷണിച്ചു. തീവ്രവാദികൾക്ക് പിന്തുണ കിട്ടുന്നത് ഒന്നിച്ചുള്ള പ്രവർത്തനത്തിലൂടെ ഒഴിവാക്കാമെന്നും അത് പിന്നീടുള്ള നേട്ടത്തിന് കാരണമാകുമെന്നും അസദ് പറഞ്ഞു. ആഭ്യന്തര യുദ്ധമാരംഭിച്ച് നാലുകൊല്ലമായിട്ടും പ്രസിഡന്റ് പദവി രാജിവെയ്ക്കാത്ത അസദിനെതിരെ എതിരാളികളുടെ സമ്മർദ്ദം ശക്തമാണ്.

2003നും 2009നും ഇടയിൽ അമേരിക്ക ഇറാഖിലുണ്ടാക്കിയ തടവ്കാരുടെ ക്യാമ്പിൽ വച്ചാണ് ഐസസിസിന്റെ പിറവിയിലേക്ക് നയിച്ച കാര്യങ്ങൾ ഉരുത്തിരിഞ്ഞ് വന്നതെന്നാണ് സൂചനകൾ. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് അസദിന്റെ കാര്യത്തിൽ അമേരിക്ക എടുക്കുന്ന നിലപാട്. റഷ്യയുടെ ഇടപെടലിനെ എതിർത്തതോടെ എല്ലാം വ്യക്തമാവുകയാണ്. അപകടകാരികളായ ഭീകരരെ തടവുകാരായി അമേരിക്ക ഒരുമിച്ച് താമസിപ്പിച്ചത് ഐസിസിന്റെ പിറവിക്ക് കാരണമായിത്തീർന്നുവെന്നാണ് വിലയിരുത്തൽ. അക്കാലത്ത് ബക്കയിലെ ക്യാംപിൽ ഒരുലക്ഷത്തോളം ഭീകരരെ ഒരുമിച്ച് പാർപ്പിച്ചിരുന്നുവത്രെ. പലരും കടുത്ത വംശീയവാദികളുമായിരുന്നു. ക്യാംപിലെ സഹവർത്തിത്വം അവരുടെ നിലപാടുകളെ കൂടുതൽ ക്രൂരമാക്കാൻ ഉപകരിക്കുകയായിരുന്നു. സദ്ദാഹുസൈന്റെ ഇറാഖിൽ നിന്നും അമേരിക്ക തടവ് പുള്ളികളായി പിടിച്ച ഇവർ ഐസിസ് എന്ന ഭീകരസംഘടയുടെ വിത്ത് അവിടെ വച്ച് പാകി മുളപ്പിക്കുകയായിരുന്നു.

ഈ ക്യാംപ് വർഗീയതയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളാക്കി വിഭജിച്ചിരുന്നുവെന്നും അവിടെ ഭീകരർ ശരിയാ നിയമം നടപ്പിലാക്കിയിരുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിന് നേതൃത്വം നൽകിയ ക്യാംപിലെ ഭീകരരിൽ പലരും പിന്നീട് ഐസിസിന്റെ തലവന്മാരായി വളരുകയായിരുന്നു. പ്രസ്തുത ക്യാംപിൽ ഇന്നത്തെ ഐസിസിന്റെ തലവൻ അബൂബക്കർ ബാഗ്ദാദിയും ഉണ്ടായിരുന്നു. 2009ൽ ഇയാളെ മോചിപ്പിക്കുന്നത് വരെ ഈ ക്യാംപിന്റെ തലവനും ബാഗ്ദാദിയായിരുന്നു. ബക്ക ക്യാംപിലെ മുൻ ഗാർഡായിരുന്ന മിട്‌ച്ചെൽ ഗ്രേയാണ് ഇക്കാര്യങ്ങൾ ഇപ്പോൾ ദി ന്യൂയോർക്ക് പോസ്റ്റിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്ലഹോമ നാഷണൽ ഗാർഡിലെ 45 ഇൻഫന്ററി ബ്രിഗേഡിൽ പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ്രേഗ കുവൈറ്റിൽ ഹെലിപകോപ്റ്റർ പറത്തിക്കാറുണ്ടായിരുന്നു. അറബിക്കിൽ നല്ല അവഗാഹവും ഗ്രേയ്ക്കുണ്ട്.

ആദ്യമായി താൻ ബക്ക ക്യാംപിൽ ലാൻഡ് ചെയ്തപ്പോൾ അവിടെ 26,000 തടവുപുള്ളകളെങ്കിലും ഉണ്ടായിരുന്നതായാണ് ഗ്രേ സാക്ഷ്യപ്പെടുത്തുന്നത്.അമേരിക്കയോടുള്ള കടുത്ത വിരോധം അവരുടെ മുഖത്ത് അന്ന് നിഴലിച്ചിരുന്നതായി ഗ്രേ ഓർക്കുന്നു. ബക്ക ക്യാംപ് ഐസിസിന്റെ പിറവിക്ക് വഴിയൊരുക്കിയെന്ന് സ്ഥാപിക്കുന്ന മറ്റ് ചില വാദഗതികളും ഇതിന് മുമ്പ് തന്നെ ഉയർന്ന് വന്നിരുന്നു. ബക്ക ക്യാംപിനെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിൽ യുഎസിന് ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസിന്റെ എഡിറ്റോറിയലിൽ ആൻഡ്രൂ തോംസണും ജെറെമി സുറിയും സാക്ഷ്യപ്പെടുത്തിയിരുന്നു. ഈ തടവിലെത്തിക്കുന്നതിന് മുമ്പ് അൽബാഗ്ദാദിയും കൂട്ടാളികളും കടുത്ത ഭീകരവാദികളായിരുന്നുവെന്നാണ് ഈ എഡിറ്റോറിയൽ സമർത്ഥിക്കുന്നത്.

അക്കാലത്ത് തന്നെ അവർ അമേരിക്കയെ ആക്രമിക്കാൻ ഉദ്ദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബക്ക ക്യാംപിൽ വച്ച് അവരുടെ ഭീകരവാദത്തിന് വളർന്ന് വലുതാകാനുള്ള അവസരം ലഭിക്കുകയുമായിരുന്നു. ഈ ക്യാംപ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള വേദിയായി മാറുകയായിരുന്നുവെന്നും പിന്നീട് അത് ഐസിസിന്റെ പിറവിയിലേക്ക് നയിക്കുകയുമായിരുന്നു. ഇതിനെല്ലാം അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നുവെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.